ലിങ്കന്റെ പുത്രദുഃഖത്തിന് മാന്‍ ബുക്കര്‍

 

  • ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി

ആധുനിക അമേരിക്കയുടെ പിതാവും,കരയുന്നവന്റെ കണ്ണീരൊപ്പി,രാഷ്ട്രീയത്തില്‍ അന്നോളം പരിചിതമല്ലായിരുന്ന ഒരു ജനനായകന്റെ പിറവി അറിയിച്ച ഭരണാധികാരിയുമായിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റെ് ഏബ്രഹാം ലിങ്കന്റെ പുത്രദുഃഖം പ്രമേയമാക്കിയ ‘ലിങ്കന്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിലൂടെയാണ്,ഉത്തരാധുനിക ചെറുകഥാ സാഹിത്യത്തില്‍ ലബ്ധപതിഷ്ഠിതനായ ജോര്‍ജ് സാന്‍ഡേഴ്‌സ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം നേടിയത്.

സ്വന്തം രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്ന ലിങ്കന്റെ ജീവിതത്തിലെ വൈകാരികതലങ്ങളിലൂടെയുളള തീര്‍ത്ഥയാത്രയാണ് സാന്‍ഡേഴ്‌സിന്റെ ആദ്യ നോവലായ ‘ലിങ്കന്‍ ഇന്‍ ദ ബാര്‍ഡോ’.ലിങ്കനില്‍ നിന്നും ഡോണാള്‍ഡ് ട്രംപിലേക്കെത്തിനില്ക്കുന്ന അമേരിക്കന്‍ സത്യാനന്തര കാല(po-sttru-th)ത്തിന്റെ വൈരുധ്യങ്ങളെയും അതിന്റെ വ്യര്‍ഥതകളെയും അടിയൊഴുക്കുകളിലൂടെ കടത്തിവിട്ട്,വെറും പതിനൊന്ന് വയസ്സുകാരനായ മകന്‍ വില്ലിയുടെ അപ്രതീക്ഷിത മരണത്തിലൂടെ ലിങ്കന്‍ കടന്നുപോകുന്ന മനോവേദനകളുടെ പുറംചിത്രം നല്കുന്ന രീതിയിലാണ് ഈ നോവല്‍ ‘ക്രാഫ്റ്റ് ‘ചെയ്തിരിക്കുന്നത്.അമേരിക്കയില്‍ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്ന 1862ലാണ് വില്ലി മരണപ്പെടുന്നത്.വൈറ്റ് ഹൗസില്‍ വെച്ച് സംഭവിച്ച മകന്റെ അകാല വേര്‍പാടില്‍ ലിങ്കന്‍ തകര്‍ന്നു പോയെങ്കിലും,അതിന്റെ വിഷാദാത്മകതയെ താത്വികമായ പൊരുത്തപ്പെടലുകളിലൂടെ അതിജീവിക്കുന്നതാണ് ഇതിന്റെ ഇതിവ്യത്തം.

ലിങ്കന്‍ മുമ്പും സാഹിത്യരചയിതാക്കള്‍ക്കും ചലച്ചിത്രകാരന്‍മാര്‍ക്കും കഥാപാത്രമായിട്ടുണ്ട്.അദ്ദേത്തിന്റെ മരണമുണ്ടാക്കിയ ആഴമേറിയ ആഘാതം ഒരിക്കലുമൊടുങ്ങാത്ത ഒന്നായി അവതരിപ്പിച്ച വാള്‍ട് വിറ്റ്മാന്റെ ‘വെന്‍ ദ ലൈലാക്‌സ്’ എന്ന വിലാപകാവ്യവും,ജനപ്രീതിയുടെ കൊടുമുടികള്‍ തന്നെ കീഴടക്കിയ നേരത്ത് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാനായി വീട്ടില്‍ നിന്നും പുറപ്പെട്ട് പിറ്റ്‌സ്ബര്‍ഗിന്റെ തെരുവുകളിലെ തിരക്കുകള്‍ക്കിടയില്‍ പെട്ട്,ദ്യഢനിശ്ചയതോടുകൂടി നീങ്ങി അദ്ദേഹത്തിന്റെ കൈയ്യില്‍ തൊട്ട് ജീവിതസാക്ഷാത്കാരം നേടുന്ന ഒരു കൊച്ചുകുട്ടിയുടെ കഥ പറഞ്ഞ ‘ലിങ്കന്‍ അറ്റ് പിറ്റ്‌സ്ബര്‍ഗ്’ എന്ന നാടകവുമൊക്കെ അതില്‍ തെറ്റ് സംഭവിച്ച് നഷ്ട്മായിപ്പോകുന്ന വ്യക്തിജീവിതത്തിന്റെയും സാമൂഹ്യതലങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ്.

ബുദ്ധമത വ്യവഹാരങ്ങളില്‍ മരണത്തിനും പുനര്‍ജന്‍മത്തിനുമിടയിലുളള കാലയളവിനെയാണ് ‘ബാര്‍ഡോ’ എന്ന് പറയുക.ഇസ്ലാമിക അദ്ധ്യാപനപ്രകാരം മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുളള കാലയളവായ ‘ബര്‍സഖി’ ന് സമാനമാണിത്.മരണമെന്ന ആത്മീയ യാഥാര്‍ത്ഥ്യത്തെ ദാര്‍ശനികവല്ക്കരിക്കുമ്പോള്‍ അതില്‍ ഏറെ നിര്‍ണ്ണായകമായ ഒരു കാലഘട്ടമാണ് ബാര്‍ഡോ അല്ലെങ്കില്‍ ബര്‍സഖ് എന്ന് ചുരുക്കം.ഉറക്കത്തിലേക്ക് വീണ് ,ഉണര്‍ന്നശേഷം ബോധമണ്ഡലത്തിലേക്ക് വരുന്നതുവരെയുളള,അനിര്‍വചനീയമായ ഒരു അവസ്ഥാവിശേഷം എന്ന് മനഃശാസ്ത്രജഞര്‍ പറഞ്ഞു തരുന്ന ശാസ്ത്രീയ പ്രതിഭാസം.തന്റെ മകന്റെ മരണമറിഞ്ഞ ലിങ്കന്‍ ആദ്യം വൈകാരികമായും,പിന്നീട് ധൈഷണികമായും അതിനെതിരെ നടത്തുന്ന പ്രതികരണങ്ങളാണ് ഈ ലാളിത്യമാര്‍ന്ന മുഴുനീള നോവല്‍.

അരപതിറ്റാണ്ട് മുമ്പ്,വാഷിങ്ങ്ടണില്‍ ഒരവധിക്കാലമാഘോഷിക്കാന്‍ പോയപ്പോള്‍ സാന്‍ഡേഴ്‌സിന്,തന്റെ ഭാര്യയുടെ ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞുകൊടുത്ത കഥയില്‍ നിന്നുമാണ് 2012 ല്‍ അദ്ദേഹം ഈ നോവലിന്റെ പണിപ്പുരയിലേക്ക് കയറുന്നത്. വില്ലി ലിങ്കന്റെ ശവക്കല്ലറ കൂടി സന്ദര്‍ശിച്ച് കഴിഞ്ഞപ്പോള്‍, തന്റെ തട്ടകമായ ചെറുകഥയെന്ന സാഹിത്യ രൂപത്തിന് ഉള്‍ക്കൊള്ളാനാവാത്തത്രയും ചെറിയൊരു ക്യാന്‍വാസില്‍ പുത്രദുഃഖത്തിന്റെ മനോവൃഥയും അതിന്റെ തലങ്ങളും അതിലൂടെ യുദ്ധമുറവിളി കൂട്ടുന്ന തന്റെ രാഷ്ട്രത്തിലെ പുതിയ ഭരണാധികാരികളെയും അവതരിപ്പിക്കാനുമുള്ള സാധ്യത അദ്ദേഹം തിരിച്ചറിഞ്ഞു. എല്ലാ തിരക്കുകള്‍ക്കിടയിലും ലിങ്കന്‍ തന്റെ മകന്റെ കല്ലറയില്‍ വന്ന് കെട്ടിപ്പുണര്‍ന്ന് പൊട്ടിക്കരയാറുണ്ടായിരുന്നു എന്ന ചരിത്രത്തെ തീവ്ര വൈകാരികതയോടെ ലിങ്കന്‍ ഇന്‍ ദ ബാര്‍ഡോ എന്ന നോവലിലൂടെ സാന്‍ഡേഴ്‌സ് പരുവപ്പെടുത്തി. ഉത്തരാധുനികതയില്‍ നഷ്ടപ്പെട്ട് തുടങ്ങിയ കാല്പനികതയുടെ മാധുര്യം അനുഭവിപ്പിക്കുന്നുണ്ട് അദ്ദേഹത്തിന്റെ രചന.

അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുള്ള സാന്‍ഡേസിന് ഈ ബുക്കര്‍ പുരസ്‌കാരം സമകാലീന സാഹിത്യകാരന്‍മാരിലെ ശക്തമായ പ്രതിനിധിയായി അദ്ദേഹത്തെ ഉയര്‍ത്തുന്നതിന് സഹായമാകുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം ബ്ലാക് അമേരിക്കന്‍ നോവലിസ്റ്റായ പോള്‍ ബിയാറ്റിയുടെ ‘ദ സെല്ലൗട്ടി’ന് ലഭിച്ചതിന്റെ സന്തോഷം മാറുന്നതിനിടയില്‍ തന്നെസാഹിത്യത്തിലെ ഏറ്റവും മുന്തിയ പുരസ്‌കാരങ്ങളിലൊന്നായ മാന്‍ ബുക്കര്‍ തുടര്‍ച്ചയായി തങ്ങളുടെ രാജ്യത്തേക്ക് വന്നതിന്റെ ലഹരിയിലാണ് യു. എസ് ജനത. പ്രത്യേകിച്ചും ട്രംപ് വിരുദ്ധ അമേരിക്കക്കാര്‍.

 

You must be logged in to post a comment Login