ലീഡറെ പിറകില്‍നിന്ന് കുത്തിയവര്‍ക്ക് കാലം മറുപടി നല്‍കുന്നു; ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഐഎന്‍ടിയുസി അധ്യക്ഷന്‍

പ്രിയപ്പെട്ട ലീഡറെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെ കാലം തിരിച്ചടി നല്‍കുന്നു.

r.chandrasekaran

കൊച്ചി: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ് നേതാക്കളും. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഐ.എന്‍.ടി.യു.സി അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്റെ നടത്തിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇത് വ്യക്തമാക്കുന്നു. ലീഡറെ പിറകില്‍ നിന്ന് കുത്തി അധികാരത്തില്‍ എത്തിയവര്‍ക്ക് കാലം മറുപടി നല്‍കുന്നുവെന്നാണ് ആര്‍. ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ടെന്നും ഇനിയെന്തെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയോ ജനങ്ങളോ എന്നും അദേഹം ചോദിക്കുന്നു.

ആര്‍ ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ കരുണാകരന്‍. കോണ്‍ഗ്രസുകാരുടെ മനസ്സില്‍ ഇന്നും കത്തിജ്വലിച്ച് നില്‍ക്കുന്ന ഒരോര്‍മ്മയാണ് ലീഡറുടേത്. പ്രിയപ്പെട്ട ലീഡറെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെ കാലം തിരിച്ചടി നല്‍കുന്നു. ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ.
ഇനിയെന്ത്? പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്?

ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരണമോ എന്ന് പാര്‍ട്ടി തീരുമാനിക്കണമെന്ന് ചന്ദ്രശേഖരന്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിലയാളുകള്‍ ചെയ്യുന്നത് ആരും അറിയുന്നില്ല എന്ന ധാരണ ശരിയല്ല. അനീതിയും സ്വജനപക്ഷപാതവും കുറച്ചുനാള്‍ നടത്താന്‍ കഴിഞ്ഞേക്കും. ജനം എല്ലാം കാണുന്നുണ്ടെന്നും ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

You must be logged in to post a comment Login