ലുലു മാള്‍ തിരുവനന്തപുരത്തും; മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

2000 കോടി രൂപയുടെ നിര്‍മ്മാണ പദ്ധതിക്കാണ് ലുലുഗ്രൂപ്പ് ഒരുങ്ങുന്നത്. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് ലുലുമാള്‍ പണിതുയര്‍ത്തുക.

Lulu_Mall
തിരുവനന്തപുരം: കൊച്ചിക്ക് പിന്നാലെ തലസ്ഥാനത്തേക്കും ലുലു ഷോപ്പിംഗ് മാള്‍ എത്തുന്നു. തിരുവനന്തപുരത്ത് ആക്കുളത്താണ് ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം ആരംഭിക്കുന്നത്. 2000 കോടി രൂപയുടെ നിര്‍മ്മാണ പദ്ധതിക്കാണ് ലുലുഗ്രൂപ്പ് ഒരുങ്ങുന്നത്. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് ലുലുമാള്‍ പണിതുയര്‍ത്തുക. സ്വകാര്യമേഖലയില്‍ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് 2000 കോടി രൂപയുടെ ലുലുഗ്രൂപ്പ് നിക്ഷേപം. ഈ മാസം 20ന് ശിലാസ്ഥാപന കര്‍മ്മം നടക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ലുലു മാളിന് തറക്കല്ലിടുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിന് അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍ എംഎല്‍എമാര്‍ എംപിമാര്‍ അടക്കം പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും യൂസഫലി അറിയിച്ചു.
5000ത്തില്‍ അധികം പേര്‍ക്ക് നേരിട്ടും 20,000 പേര്‍ക്ക് പരോക്ഷമായി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷോപ്പിംഗ് മാളിന് പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ഇതോടനുബന്ധിച്ച് പണിയുന്നുണ്ട്.

200ല്‍ അധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളും, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട്, ഐസ് സ്‌കേറ്റിങ്, മള്‍ട്ടിപ്ലക്‌സുകള്‍ കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രങ്ങള്‍ എന്നിവ ലുലു ഷോപ്പിംഗ് മാളിലുണ്ടാവും. 2019 മാര്‍ച്ചോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നാണ് ലുലു ഗ്രൂപ്പിന്റെ പ്രതീക്ഷ.

You must be logged in to post a comment Login