ലൂസിഫര്‍ ഭീകരം, അസഹനീയം, അരോചകം; വിമര്‍ശനവുമായി ബി ഇക്ബാല്‍

lucifer

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍ ചിത്രം ലൂസീഫര്‍. ചിത്രം ഇതിനകം തന്നെ 200 കോടി നേടി ബോക്‌സോഫില്‍ ചരിത്രം രചിച്ചിരിക്കുകയാണ്..അതിനിടെ ചിത്രത്തെ വിമര്‍ശിച്ച് ഡോ. ബി.ഇക്ബാലിന്റെ ഫെയ്‌സ്ബുക്ക് കുറിച്ച്. ചിത്രം ഭീകരവും അസഹനീയവും അരോചകവുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിര്‍ക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സര്‍വോപരി മോഹന്‍ലാലും ചേര്‍ന്ന് എന്നും അദ്ദേഹം പറയുന്നു. കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ എന്ന് ബി ഇക്ബാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ആമസോണ്‍ െ്രെപം വിഡിയോയില്‍ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫര്‍ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാന്‍ കഴിയും ഈ തട്ടിപൊളിപ്പന്‍ ബ്ലോക്ക് ബസ്റ്റര്‍ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിര്‍വഹിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫര്‍ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാര്‍, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ് ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകന്‍, സ്തീത്വത്തെ അപമാനിക്കുന്ന അര്‍ദ്ധ നഗ്‌ന ഐറ്റം ഡാന്‍സ് അടക്കം നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങള്‍ തന്നെയാണ് വിളമ്പിത്തരുന്നത്.

കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിര്‍ക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സര്‍വോപരി മോഹന്‍ ലാലും. ലൂസിഫറിലൂടെ.

You must be logged in to post a comment Login