ലേറ്റ് ഗോൾ (വീണ്ടും); ബ്ലാസ്റ്റേഴ്സിന് തോൽവി (വീണ്ടും)

തുടർച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ഹൈദരാബാദ് എഫ്സിയുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഹൈദരാബാദിൻ്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. രാഹുൽ കെപിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്.

മൂന്നാം മിനിട്ടിൽ തന്നെ സഹൽ-ഒഗ്ബച്ചെ കോംബോ ഹൈദരാബാദ് ബോക്സിൽ ഒരു ചലനമുണ്ടാക്കിയതിനു ശേഷം കളി തണുത്തു. മധ്യനിരയിലായി പിന്നീട് കളി. ഇരു ഭാഗത്തേക്കും പൊസിഷൻ മാറിമറിഞ്ഞപ്പോൾ ഓർമിക്കാൻ ഒരു നീക്കം പോലും ഉണ്ടായില്ല. ഡിഫൻഡർ ജിയാനി സുയിവെർലൂൺ 10ആം മിനിട്ടിൽ പരിക്കേറ്റ് പുറത്തായതോടെ അദ്ദേഹത്തിനു പകരം രാജു ഗെയ്ക്ക്‌വാദ് കളത്തിലിറങ്ങി. ഇടക്കിടെ രാഹുൽ കെപി തൊടുത്ത ലോംഗ് ഷോട്ടുകൾ കൊണ്ടാണ് കളി വിരസമാവാതിരുന്നത്. 34ആം മിനിട്ടിൽ വിരസത അകറ്റി മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ടിപി രഹനേഷിൻ്റെ ഗോൾ കിക്ക് സ്വീകരിച്ച സഹൽ ഒന്നാം തരമൊരു ത്രൂ ബോളിലൂടെ രാഹുലിന് അവസരം നൽകി. പന്ത് ക്ലിയർ ചെയ്യാൻ ഓടിയടുത്ത ഗോളിക്ക് എത്താൻ കഴിയുനതിനു മുൻപേ യുവതാരത്തിൻ്റെ ഷോട്ട്. പന്ത് ഗോളിയെ മറികടന്ന് വലയിൽ.

ആ ഒരു ഗോളോടെ ബ്ലാസ്റ്റേഴ്സ് ഒന്ന് ഉണർന്നു. ഒഗ്ബച്ചെയുടെയും സഹലിൻ്റെയും രണ്ട് ഷോട്ടുകൾ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്. പിന്നാലെ 42ആം മിനിട്ടിൽ മുസ്തഫ നിങ് നൽകിയ മനോഹരമായ ത്രൂ ബോൾ ഗോളാക്കി മാറ്റാൻ ഓഗ്ബച്ചെക്ക് സാധിച്ചില്ല. ഹെവി ഫസ്റ്റ് ടച്ചാണ് അദ്ദേഹത്തിനു വിനയായത്. പിന്നാലെ ആദ്യ പകുതിക്ക് വിസിൽ.

രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്സി അല്പം കൂടി ഭേദപ്പെട്ട കളി കാഴ്ച വെച്ചു. തുടർച്ചയായി ഗോളവസരങ്ങൾ സൃഷ്ടിച്ച ആതിഥേയർ 54ആം മിനിട്ടിൽ ഒപ്പം പിടിച്ചു. മുഹമ്മദ് യാസിറിനെ ബോക്സിൽ വീഴ്ത്തിയ മുസ്തഫ നിങിനു മഞ്ഞക്കാർഡും ഹൈദരാബാദിന് പെനൽറ്റിയും. കിക്കെടുത്ത മാർക്കോ സ്റ്റാങ്കോവിച് അനായാസം ഷോട്ട് വലയിലെത്തിച്ചു. മിനിട്ടുകൾക്കുള്ളിൽ ആക്രമണം ലക്ഷ്യമിട്ട ഷറ്റോരി സഹലിനെ പിൻവലിച്ച് മെസ്സി ബൗളിയെ കളത്തിലിറക്കി. ഹൈദരാബാദ് തന്നെയാണ് വീണ്ടും മികച്ച ആക്രമണം നടത്തിയത്. ഇടക്കിടെ അവർ മികച്ച അവസരങ്ങൾ തുറന്നെടുത്തു. 79ആം മിനിട്ടിൽ രാഹുലിനു പകരം ഹാലിചരൻ നർസാരിയെത്തി. 81ആം മിനിട്ടിൽ ഹൈദരാബാദ് മുന്നിലെത്തി. ബോക്സിനു പുറത്ത് നിഖിൽ പൂജാരിയെ വീഴ്ത്തിയ നിങ് ഹൈദരാബാദിന് ഒരു ഫ്രീകിക്ക് സമ്മാനിച്ചു. കിക്കെടുത്ത മാഴ്സലീഞ്ഞോ അതിഗംഭീരമായി അത് വലയിലെത്തിച്ചു. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ വീണില്ല. ഇതോടെ ഹൈദരാബാദിന് ആദ്യ ജയവും ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം പരാജയവും.

You must be logged in to post a comment Login