ലൈംഗികപീഡനം: പരാതിക്കാരിയെ സ്പര്‍ശിച്ചിരുന്നുവെന്ന് അസാറാം ബാപ്പു

ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ മുപ്പത്തിമൂന്നുകാരിയെ താന്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ ആള്‍ദൈവം അസാറാം ബാപ്പു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നുണപരിശോധന ഭയന്നാണ് ബാപ്പു അഹമ്മദാബാദ് പോലീസിനോട് ഇക്കാര്യം പറഞ്ഞതെന്നാണു റിപ്പോര്‍ട്ട്.

 

ആശ്രമത്തിലെ സ്വകാര്യമുറിയില്‍ വച്ച് മന്ത്രദീക്ഷ നല്‍കുന്നതിന്റെ ഭാഗമായാണു പരാതിക്കാരിയെ തൊട്ടതെന്നും ലൈംഗികപീഡനം നടത്തിയിട്ടില്ലെന്നും ബാപ്പു പറഞ്ഞു. അഹമ്മദാബാദിലെ ആശ്രമത്തില്‍ കഴിയുന്ന സ്ത്രീയെ തനിക്കു നന്നായി അറിയാമെന്നും ഇടയ്ക്കിടയ്ക്കു  തന്റെ കോട്ടേജിലേക്കു വിളിച്ചുവരുത്തിയിരുന്നുവെന്നും ബാപ്പു സമ്മതിച്ചു. അസാറാമിനെ അഭിമുഖീകരിക്കാന്‍ ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടി വിസമ്മതിച്ചു.

ഇരുവരോടും നാല്‍പതോളം ചോദ്യങ്ങളാണു പോലീസ് ചോദിച്ചത്. വിവാഹിതയായി സൂററ്റില്‍ കഴിയുന്ന പരാതിക്കാരിയെ ബുധനാഴ്ചയാണ് അഹമ്മദാബാദില്‍ എത്തിച്ചത്. പരാതിക്കാരിയെ കണ്ടതോടെ അസാറാം ബാപ്പു പരിഭ്രാന്തനായെന്നു പോലീസ് അറിയിച്ചു. പീഡനത്തിനു കൂട്ടുനിന്ന പതിനേഴു പേരുടെ പേരുകള്‍ കൂടി പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ കെണിയില്‍ പെടുത്തി അസാറാം ബാപ്പുവിനു കാഴ്ചയ്ക്കുന്നത് ആശ്രമത്തിലെ വനിതാ ജീവനക്കാരികളായ നിര്‍മല, മീര എന്നിവരാണെന്നും ഇവര്‍ പറഞ്ഞു.
പരാതിക്കാരിയുടെ സഹോദരിയാണ് അസാറാമിന്റെ മകന്‍ നാരായണ്‍ സായിക്കെതിരേ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന നാരായണ്‍ സായിയുടെ അടുത്ത സഹായിയെ വെള്ളിയാഴ്ച പോലീസ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. അസാറാമിന്റെ റിഡ്ജ് റോഡ് ആശ്രമത്തിന്റെ ചുമതലക്കാരനായിരുന്ന ധര്‍മേഷാണ് അറസ്റ്റിലായത്. ഡല്‍ഹി ക്രൈംബ്രാഞ്ചും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ധര്‍മേഷ് പിടയിലായത്. അസാറാം ബാപ്പുവിന്റെ ബിഹാറിലെ ആശ്രമത്തില്‍ ഗുജറാത്ത് പോലീസ് റെയ്ഡ് നടത്തി. നാരായണ്‍ സായിയെ കണ്ടെത്താന്‍ വേണ്ടി ഗുജറാത്ത് പോലീസ് തെരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്.

You must be logged in to post a comment Login