ലൈംഗിക ആരോപണം; പികെ ശശിക്കെതിരെ ഇന്ന് നടപടി എടുക്കും

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സിപിഎം സംസ്ഥാനകമ്മിറ്റി ഇന്ന് നടപടി എടുക്കും. ഡിവൈഎഫ് വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി എടുക്കുന്നത്. എന്നാല്‍ ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യതയെന്നും സൂചനയുണ്ട്. പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി കെ ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും.

ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് എ കെ ബാലനും പികെ ശ്രീമതിയും അടങ്ങിയ കമ്മീഷന്‍ വിലയിരുത്തല്‍ എന്നാണ് വിവരം. പി കെ ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്. ഇന്നലെ ജാഥ സമാപിച്ച സഹാചര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാനകമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കും.

എംഎല്‍എ ആയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കലടക്കമുള്ള കടുത്ത നടപടി ഉണ്ടാകാനിടയില്ല. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത. എന്നാല്‍ ചര്‍ച്ചയില്‍ അംഗങ്ങള്‍ സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. .ഇത് കൂടി പരിഗിണിച്ചാണ് ഇന്ന് സംസ്ഥാനകമ്മിറ്റി ചേരാന്‍ തീരുമാനിച്ചതും.

You must be logged in to post a comment Login