ലൈംഗീകാതിക്രമം: മീ ടൂ ക്യാംപെയിനില്‍ കുരുക്കിലായ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ലൈംഗീകാതിക്രമ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു. സിനിമാ സെറ്റില്‍ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയിലാണ് കേസെടുത്തത്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പടേക്കര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മീ ടൂ ക്യാംപെയിനിലൂടെയാണ് നടി നാനാപടേക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.  ബുധനാഴ്ച തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ തനുശ്രീയുടെ പരാതിയില്‍ നാന പടേക്കര്‍, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് തനുശ്രീ വെളിപ്പെടുത്തല്‍ നടത്തിയത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. 2009ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നാന പടേക്കര്‍ മോശമായി പെരുമാറിയെന്നാണ് തനുശ്രീ ആരോപിച്ചത്.

നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍, ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നുമാണ് തനുശ്രീയുടെ ആരോപണം.

സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടപ്പെട്ടവനാണ് അയാള്‍. സ്ത്രീകളോടുളള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാള്‍ സ്ത്രീകളെ ഉപദ്രവിക്കുകയും സ്ത്രീകള്‍ക്കെതിരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുളള സ്ത്രീകളെ അയാള്‍ ക്രൂരമായി മര്‍ദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരി പോലും വരില്ല.

അക്ഷയ്കുമാര്‍ നാന പടേക്കര്‍ക്കൊപ്പം കഴിഞ്ഞ എട്ട് വര്‍ഷത്തിനുളളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തു. രജനികാന്തിന്റെ കാല എന്ന ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തത് നാന പടേക്കാറായിരുന്നു. മോശമാണെന്ന് ഉറപ്പുളളവരെ ഇത്തരത്തില്‍ മഹാനടന്മാര്‍ പോലും അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരാനാണെന്ന് തനുശ്രീ ചോദിക്കുന്നു.

ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പിആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണെന്നും തനുശ്രീ ആരോപിച്ചു. എന്നാല്‍, തനുശ്രീയുടെ ആരോപണങ്ങള്‍ നാന പടേക്കര്‍ തള്ളിയിരുന്നു. ലൈംഗികമായി ഉപദ്രവമെന്നാല്‍ നിങ്ങള്‍ അര്‍ഥമാക്കുന്നത് എന്താണ്. സെറ്റില്‍ തനിക്കൊപ്പം അമ്പതോ നൂറോ പേരുണ്ടാകുമെന്നും നാന പടേക്കര്‍ പറഞ്ഞു.

You must be logged in to post a comment Login