ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി; ശ്രീധരനെ അനാദരിച്ചിട്ടില്ല


തിരുവനന്തപുരം:  തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇ.ശ്രീധരനെ അനാദരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്റെ കത്ത് കിട്ടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ. ശ്രീധരൻ ഉദ്ദേശിക്കുന്ന അതേ വേഗത്തിൽ സർക്കാരിനു നീങ്ങാൻ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിർമാണം തുടങ്ങിയാൽ മതിയെന്നാണു സർക്കാരിന്റെ നിലപാട്. തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരൻ ആവശ്യപ്പെട്ടപ്പോൾ കാണാൻ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു.

പദ്ധതിക്ക് കേന്ദ്രാനുമതിയും സാമ്പത്തിക സഹായവും ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രീധരന്റെ വൈദഗ്ധ്യം ആരും ചോദ്യം ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1128 കോടി രൂപ സര്‍ക്കാര്‍ നല്‍കണം. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല. ശ്രീധരന്‍ കാണിക്കുന്ന ധൃതി കേരളത്തിന് കാണിക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീധരനെ ഇറക്കിവിട്ടത് കേരളത്തോട് ചെയ്ത പാതകമാണ്. സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണ്. അഴിമതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.ലാഭത്തിലല്ലെന്നു കരുതി കെഎസ്ആർടിസി പൂട്ടുമോയെന്ന് കെ. മുരളീധരൻ എംഎൽഎ ചോദിച്ചു. വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകി സംസാരിക്കുകയായിരുന്നു ഇരുവരും.

You must be logged in to post a comment Login