ലോകകപ്പിലെ ഒത്തുകളി ഒഴിവാക്കാന്‍ ഐസിസിയുടെ പുതിയ തന്ത്രം

 

ലണ്ടന്‍: വരാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഒത്തുകളി ഒഴിവാക്കാനായി പുതിയ തന്ത്രവുമായി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ലോകകപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കൊപ്പവും സ്ഥിരമായി അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും. ടീമുകളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരങ്ങള്‍ മുതല്‍ തന്നെ അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ഓരോ ടീമിന്‍റെയും കൂടെ ഉണ്ടായിരിക്കും. പത്ത് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുന്നത്. ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് ടീമുകള്‍ക്കൊപ്പം ഉദ്യോഗസ്ഥന്‍ തുടരും. ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ തന്നെയാവും ഇവര്‍ താമസിക്കുക. പരിശീലന വേദികളിലേക്ക് അടക്കം താരങ്ങള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുമെന്നും ഐസിസി വ്യക്തമാക്കി.

ആദ്യമായാണ് ഐസിസി ഇത്തരത്തില്‍ കര്‍ശനമായ ക്രമീകരണം ലോകകപ്പില്‍ ഏര്‍പ്പെടുത്തുന്നത്. മുമ്പ് മത്സരം നടക്കുന്ന വേദികളിലായിരുന്നു ഐസിസിയുടെ അഴിമതിവിരുദ്ധ സമിതി പ്രതിനിധിയുണ്ടാവുക. എന്നാല്‍ വാതുവയ്പ്പ് മാഫിയയുടെ പ്രതിനിധികള്‍, താരങ്ങളെ സമീപിക്കാതിരിക്കാനായാണ് ഇത്തരത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതെന്ന് ഐസിസി വ്യക്തമാക്കി. ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.

You must be logged in to post a comment Login