ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോഡ് സ്വന്തമാക്കി മാര്‍ത്ത

ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ബ്രസീലിയന്‍ വനിതാ താരം മാര്‍ത്തയ്ക്ക്. ജര്‍മ്മനിയുടെ പുരുഷ താരം മിറോസ്ലോവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റെക്കോഡാണ് മാര്‍ത്ത തിരുത്തിയത്.

വനിതാ ലോകകപ്പില്‍ ഇറ്റലിക്കെതിരായ മത്സരത്തില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ മാത്രം മാര്‍ത്തയുടെ ഗോള്‍ നേട്ടം 17 ആയി.

19 മത്സരങ്ങളില്‍നിന്നാണ് മാര്‍ത്തയുടെ നേട്ടം. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരം എന്ന ബഹുമതിയും ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ താരം സ്വന്തമാക്കിയിരുന്നു. ക്ലോസെ 24 മത്സരങ്ങളില്‍നിന്നാണ് റെക്കോഡിട്ടത്.

നേട്ടം സ്വന്തമാക്കാനായതില്‍ ആഹ്ലാദമുണ്ടെന്ന് മാര്‍ത്ത പറഞ്ഞു.

‘റെക്കോഡ് തകര്‍ക്കാനായതില്‍ മാത്രമല്ല, അത് സ്ത്രീകളെ പ്രതിനിധീകരിച്ചായതിനാല്‍ കൂടുതല്‍ സന്തോഷം. ഈ നേട്ടം സ്ത്രീകളെ കൂടുതല്‍ സമത്വത്തിലേക്കും ശാക്തീകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ’

ആറുതവണ മാര്‍ത്ത ലോകതാരമായിട്ടുണ്ട്. 2007ല്‍ ലോകകപ്പില്‍ ടോപ്‌സ്‌കോററായി സ്വര്‍ണപ്പന്തും നേടി. അഞ്ചുവട്ടം ലോകതാരത്തിനുള്ള പോരാട്ടത്തില്‍ രണ്ടാമതായി.

You must be logged in to post a comment Login