ലോകകപ്പില്‍ ബൂട്ട് കെട്ടിയ മലയാളി താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഇനിയാണ് മക്കളെ കളി

കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടിയ മലയാളി താരം കെ.പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍. അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ രാഹുലുമായി കരാറിലെത്തി. നിലവില്‍ ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനുവേണ്ടി കളിക്കുകയാണ് രാഹുല്‍. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയതാണ് രാഹുലിന് ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്ക് വിളിയെത്താന്‍ കാരണം.

മധ്യനിരയില്‍ മികവാര്‍ന്ന കളി കാഴ്ചവെക്കുന്ന രാഹുല്‍ ഇന്ത്യന്‍ ആരോസിനായി 17 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളും സ്‌കോര്‍ ചെയ്തു. കഴിഞ്ഞദിവസം സൂപ്പര്‍കപ്പ് യോഗ്യതാ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ആരോസ് തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തില്‍ പ്രകടനമികവ് പുറത്തെടുത്ത താരത്തെ ബ്ലാസ്റ്റേഴ്‌സ് സമീപിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ നാല് അണ്ടര്‍ 17 താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെടുത്തിരുന്നു. ധീരജ് സിങ്, ജെക്‌സന്‍ സിങ്, മുഹമ്മദ് റാകിപ്, നൊങ്ഡംബ നരോം എന്നിവര്‍ക്കൊപ്പം രാഹുല്‍കൂടി ചേരും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടീമായ ഇന്ത്യന്‍ ആരോസ് ഇത്തവണ ഐ ലീഗില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ടീമിലെ ശ്രദ്ധേയരായ താരങ്ങളിലൊരാളാണ് രാഹുല്‍. ഐഎസ്എല്ലിലെത്തുന്നതോടെ രാഹുലിന് തന്റെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ദേശീയശ്രദ്ധയാകര്‍ഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

You must be logged in to post a comment Login