ലോകകപ്പ് വിജയത്തേക്കാള്‍ വലിയ നേട്ടം: വിരാട് കോഹ്‌ലി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിനേക്കാള്‍ വലിയ നേട്ടമാണിതെന്നും കോലി പറഞ്ഞു. ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ടീമിലെ യുവതാരമായിരുന്നു. ആ നേട്ടത്തില്‍ മറ്റ് ടീം അംഗങ്ങള്‍ ഏറെ വികാരഭരിതാവുന്നത് ഞാന്‍ നേരില്‍ക്കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്‍ വലിയ നേട്ടമായി ഈ പരമ്പര ജയത്തെ കാണുന്നുവെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു.

ടീമെന്ന നിലയില്‍ ടീം ഇന്ത്യക്ക് ഈ വിജയം വേറിട്ട വ്യക്തിത്വം നല്‍കുമെന്നും കോലി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. യുവതാരങ്ങള്‍ ഏറെയുള്ള ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം. പ്രതിഭാധനരടങ്ങിയ ഈ ടീമിനെ നയിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. ടീമെന്ന നിലയില്‍ ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ളവരുടേതാണ് ഈ ടീം.

ഈ ടീമിനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും കോലി പറഞ്ഞു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് ഓസീസ് തിരിച്ചടിച്ചു. മൂന്നാം ടെസ്റ്റില്‍ ജയവുമായി പരമ്പരയില്‍ മുന്നിലെത്തിയ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം നേടിയിട്ടും മഴ കാരണം ഇന്ത്യക്ക് വിജയം നേടാനായില്ല.

You must be logged in to post a comment Login