ലോകത്തിലെ ഏറ്റവും വില കൂടിയ എസ് യു വി വരുന്നു

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സീഡസ് ബെന്‍സ് ജനീവ മോട്ടോര്‍ ഷോയ്‌ക്കെത്തിയതു ലോകത്തില്‍ വച്ച് ഏറ്റവും വിലയേറിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനവുമായി. അതിസമ്പന്നരെയും അതിപ്രശസ്തരെയും ലക്ഷ്യമിട്ടെത്തുന്ന ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സ്’ എസ് യു വിക്കു വില അഞ്ചു ലക്ഷം ഡോളര്‍( 3.33 കോടി രൂപ) ആണ്. ഏതു പ്രതലവും കീഴടക്കി മുന്നേറാന്‍ പ്രാപ്തിയുള്ള എസ് യു വികള്‍ ആഡംബരത്തില്‍ പിന്നിലാവുമെന്നു വിശ്വസിക്കുന്നവരെ ലക്ഷ്യമിട്ടാണു മെഴ്‌സീഡസ് ബെന്‍സ് ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സ്’ പുറത്തറക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള 99 വാഹനങ്ങള്‍ മാത്രമാവും നിര്‍മിക്കുകയെന്നു മെഴ്‌സീഡസ് ബെന്‍സ് വ്യക്തമാക്കി.

ബെന്റ്‌ലിയില്‍ നിന്നും റോള്‍സ് റോയ്‌സില്‍ നിന്നുമൊക്കെയുള്ള എതിരാളികളെ അപേക്ഷിച്ച് പ്രകടനക്ഷമതയിലും ആഡംബരത്തിലുമൊക്കെ ധാരാളിത്തമാണ് ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സി’ന്റെ സവിശേഷത. ഏഴടിയോളം ഉയരമുള്ള ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സി’ല്‍ 22 ഇഞ്ച് വീലുകളാണു മെഴ്‌സീഡസ് ഘടിപ്പിച്ചിരിക്കുന്നത്. നേര്‍രേഖയിലുള്ള രൂപകല്‍പ്പനയും ആനുപാതിക പകിട്ടും പത്രാസുമൊക്കെയാവുമ്പോള്‍ ലാളിത്യത്തിലും ദൃഢതയിലും ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സ്’ മുന്നിലെത്തുകയാണ്. ഏറ്റവും പ്രതികൂലമായ കാലാവസ്ഥയെയും റോഡ് സാഹചര്യങ്ങളെയും അനായാസം കീഴടക്കാന്‍ ഈ എസ് യു വിക്കു കഴിയുമെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം; ഒപ്പം പുറത്തെ സാഹചര്യങ്ങളില്‍ വാഹനത്തിന്റെ അകത്തളത്തിലെ സുഖസൗകര്യങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും കമ്പനി.

നക്ഷത്ര ഹോട്ടലിലെ സ്വീറ്റിന്റെ സഞ്ചരിക്കുന്ന പതിപ്പായി വേണം ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സി’ന്റെ കാബിനെ വിശേഷിപ്പിക്കാന്‍, കാഴ്ചയിലും സുഖസൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും മെഴ്‌സീഡസ് ബെന്‍സ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. മുന്തിയ, താപനില ക്രമീകരിക്കാവുന്ന തുകല്‍ സീറ്റുകള്‍, പിന്‍ സീറ്റില്‍ മസാജിങ് സംവിധാനം, ഓരോ യാത്രക്കാരനും 10 ഇഞ്ച് സ്‌ക്രീന്‍, താപനില ക്രമീകരിക്കാവുന്ന കപ് ഹോള്‍ഡര്‍, മടക്കി സൂക്ഷിക്കാവുന്ന മേശ, സ്വകാര്യതയ്ക്കായി ഇലക്ട്രോണിക് വ്യവസ്ഥയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഡിമ്മിങ് ഗ്ലാസ് പാര്‍ട്ടീഷന്‍, പിന്‍വലിയുന്ന റൂഫ് എന്നിവയൊക്കെ ഈ എസ് യു വിയിലുണ്ട്. ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണു ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സി’നു കരുത്തേകുക. പരമാവധി 630 ബി എച്ച് പി കരുത്തും 1000.59 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 18 ഇഞ്ച് വരെ ഉയരത്തിലെത്തിക്കാവുന്ന പോര്‍ട്ടല്‍ ആക്‌സിലുകളാണ് എസ് യു വിക്കു മികച്ച ഓഫ് റോഡിങ് ക്ഷമത സമ്മാനിക്കുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ‘മേബാ ജി 650 ലാന്‍ഡുലെറ്റ്‌സ്’ വില്‍പ്പനയ്‌ക്കെത്തും.

You must be logged in to post a comment Login