ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണിന് 20 വയസ്സ്

ലണ്ടന്‍ : ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് ഫോണിന് ഇന്ന് 20 വയസ്സ്. ഐബിഎമ്മിന്റെ സിമോണ്‍ എന്ന ഈ ഫോണാണ് സ്മാര്‍ട് ഫോണ്‍ വഴികളിലേക്ക് ലോകത്തെ നടത്തിയത്. അന്ന് അതിന്റെ വില 55000രൂപ.ഒരു ചുടുകട്ടയുടെ പകുതി അഥവാ 23 സെന്റീമീറ്റര്‍ നീളവും അരക്കിലോ തൂക്കവും.1994 ആഗസ്ത് 16 നായിരുന്നു ഈ ഫോണ്‍ പുറത്തിറങ്ങിയത്. സ്മാര്‍ട്ട് ഫോണിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്തമായ ശാസ്ത്ര മ്യൂസിയത്തിലെ ഇന്‍ഫര്‍മേഷന്‍ ഏജ് ഗാലറിയില്‍ ഈ ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയെയും കമ്പ്യൂട്ടിങ് സവിശേഷതകളെയും സമന്വയിപ്പിച്ചാണ് ഈ ഫോണ്‍ നിര്‍മിതമായത്. ഈ ഫോണ്‍ ഇറങ്ങിയ കാലത്ത് സ്മാര്‍ട്ട് ഫോണെന്ന് അതിനെ ആരും വിളിച്ചിരുന്നില്ല. എന്നാല്‍, ഇന്നത്തെ സ്മാര്‍ട്ട് ഫോണുകളിലുള്ള പല സൗകര്യങ്ങളും അതിനുണ്ടായിരുന്നു. കലണ്ടര്‍, നോട്ട്‌സ്, ഇ മെയില്‍, മെസേജുകള്‍ എന്നീ സൗകര്യങ്ങള്‍ അന്നേ ഈ ഫോണിനുണ്ടായിരുന്നു. ഐ ഫോണ്‍ സ്ക്രീനിന്റെ വലിപ്പമുള്ള ഒരു ഗ്രീന്‍ എല്‍സി.ഡി സ്ക്രീന്‍, സ്‌റ്റൈലസ് എന്നിവയും അതിനുണ്ടായിരുന്നു.

കീശയില്‍ ഒതുങ്ങുന്നുതായിരുന്നില്ല ഇതിന്റെ വലിപ്പം. അര കിലോ ആയിരുന്നു ഭാരം. എന്നാല്‍, ആ കാലത്തേക്കാള്‍ ഏറെ മുന്നില്‍ നടക്കുന്നതായിരുന്നു ഇതിന്റെ ഡിസൈന്‍.

ഫാക്‌സ് മെഷീനുകളമായി ബന്ധിപ്പിക്കാനുള്ള സോഫ്‌റ്റ്വെയര്‍ ആപ്പുകള്‍ ഇതിലുണ്ടായിരുന്നു. അത്തരത്തിലുള്ള ആദ്യത്തെ മൊബൈല്‍ ഫോണും ഇതായിരുന്നു. അമേരിക്കയില്‍ മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്. ആകെ 50,000 എണ്ണം മാത്രമേ വിറ്റഴിഞ്ഞിട്ടുള്ളൂ. വ്യവസായികളായിരുന്നു ഈ ഫോണ്‍ വാങ്ങിയവരില്‍ ഏറെയും. കൊണ്ടു നടക്കാവുന്ന മിനി കമ്പ്യൂട്ടര്‍ എന്ന നിലയിലായിരുന്നു അന്ന് അതിന്റെ പ്രചാരം. പുറത്തിറങ്ങി രണ്ട് വര്‍ഷം മാത്രമേ ഇത് വിപണിയില്‍ നിലനിന്നുള്ളൂ.

ഇതിന്റെ ബാറ്ററി ലൈഫ് ഒരു മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോവുന്നതും ഉയര്‍ന്ന വിലയുമായിരുന്നു ഇതിന് പ്രധാനമായും പ്രതിബന്ധമായത്. 899 ഡോളറായിരുന്നു ( ഇന്നത്തെ നിരക്കില്‍ 54744 രൂപ) ഈ ഫോണിന്റെ വില. മൊബൈല്‍ ഇന്റര്‍നെറ്റ് സൌകര്യം അക്കാലത്ത് ലഭ്യമല്ലാതിരുന്നതും ഇതിന് തടസ്സമായി.

You must be logged in to post a comment Login