ലോകത്ത് ഇനി ഒരു വിമാനവും കാണാതാകില്ല

ഓരോ വര്‍ഷവും ലോകത്ത് നിരവധി വിമാനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാവുന്നുണ്ട്. യാത്രാ, ചരക്കു വിമാനങ്ങളെല്ലാം കാണാതാകുന്നത് പതിവാണ്. കാണാതായ മലേഷ്യന്‍ വിമാനത്തിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി കോടികള്‍ മുടക്കി തിരഞ്ഞിട്ടും വിമാനം എവിടെയെന്ന് ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. ഇനി കാണാതാകുന്ന വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് വരുന്നു.

കടലിനു മീതേ പറക്കുന്നതിനിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങള്‍ ഇനി ദുരൂഹദുരന്തമായി എഴുതിത്തള്ളില്ല. പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഭൂമിയിലെ റഡാര്‍ സ്റ്റേഷനുകള്‍ക്കു സാധിക്കാത്ത സൂക്ഷ്മതയും കാര്യക്ഷമതയുമായി നാസയുടെ ബഹിരാകാശ റേഡിയോ സംവിധാനം ഉടന്‍ വരുന്നു.

ലോകത്തെവിടെയുമുള്ള വിമാനപ്പറക്കലുകളുടെ വിവരങ്ങള്‍ അനായാസം കിട്ടുന്ന സംവിധാനമാണു നാസ കണ്ടുപിടിച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 66 ഉപഗ്രഹങ്ങളുടെ സംഘമാണു വിമാനം പോകുന്ന വഴികളില്‍ നിരീക്ഷിക്കുക. അപകടമുണ്ടായാല്‍ സെക്കന്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനു സജ്ജമാകും.

ബഹിരാകാശം ആസ്ഥാനമായുള്ള നിരീക്ഷണ സംവിധാനത്തിനു ഭൂമിയിലെ റഡാര്‍ സ്റ്റേഷനുകള്‍ക്കുള്ള പരിമിതികളെ മറികടക്കാനാകും. അതായത് കടലിനു മുകളിലൂടെ പറക്കുന്ന വിമാനത്തിന്റെ കൃത്യമായ വിവരങ്ങള്‍ വ്യോമഗതാഗത നിയന്ത്രണകേന്ദ്രത്തിനു ലഭിക്കാറില്ല. പൈലറ്റ് തയാറാക്കി നല്‍കിയിട്ടുള്ള റൂട്ട് മാപ്പ് മാത്രമാണു അവരുടെ ആശ്രയം. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ തീരും.

വിമാനങ്ങളിലുള്ള എഡിഎസ്ബി സംവിധാനം അയച്ചുകൊടുക്കുന്ന വിവരങ്ങള്‍ പിടിച്ചെടുക്കുന്ന ബഹിരാകാശ റേഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങളെല്ലാം ശേഖരിക്കും. കപ്പലുകളുടെ വിവരങ്ങള്‍ക്കും ഇതേ സംവിധാനത്തെ ആശ്രയിക്കാം. ആപ്പ് സ്റ്റാര്‍ എന്നാണ് ഈ സംവിധാനത്തെ വിളിക്കുക. ഫ്‌ലോറിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹരിസ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് നാസ ഇത് നടപ്പിലാക്കുന്നത്.

ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിച്ചാല്‍ ലോകത്തെ എല്ലാ വിമാനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താനാകുമെന്ന് ഹരിസ് സിസ്റ്റം എന്‍ജിനീയര്‍ ജെഫ് ആന്‍ഡേഴ്‌സണ്‍ പറയുന്നു. വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കാനും ഇതുവഴി സാധിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി. ഈ മാസത്തില്‍ പത്ത് ഇറാഡിയം ഉപഗ്രഹങ്ങള്‍ സ്‌പേസ്എക്‌സ് ബഹിരാകാശത്തു എത്തിച്ചു. ബാക്കിയുള്ളവ ഉടന്‍ വിക്ഷേപിക്കും. 2018 ല്‍ പദ്ധതി പൂര്‍ത്തിയാകും.

You must be logged in to post a comment Login