ലോക്‌സഭയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ സെക്രട്ടറി ജനറല്‍

 

വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്‌നേഹലത ശ്രീവാസ്തവ ലോക്‌സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലാകും. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് സ്‌നേഹലതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഡിസംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സെക്രട്ടറി ജനറലായ അനൂപ് മിശ്ര നവംബര്‍ 30ന് സ്ഥാനമൊഴിയും.

സെക്രട്ടറി ജനറല്‍ സ്ഥാനത്തിന് പുറമേ സ്‌നേഹലതയ്ക്ക് കാബിനറ്റ് സെക്രട്ടറി പദവി കൂടിയുണ്ടാവും. ഭോപാല്‍ സ്വദേശിയായ സ്‌നേഹലത 1982 ബാച്ച് മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. നിയമമന്ത്രാലയത്തിലെ നീതിവിഭാഗം സെക്രട്ടറി, ധനമന്ത്രാലയത്തിലെ സാമ്പത്തികവിഭാഗം പ്രത്യേക സെക്രട്ടറി, മധ്യപ്രദേശ് സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നബാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

You must be logged in to post a comment Login