ലോക്‌സഭ സ്പീക്കറായി ഓം ബിര്‍ള ചുമതലയേറ്റു ; തെരഞ്ഞെടുപ്പ് ഏകകണ്ഠമായി

ന്യൂഡല്‍ഹി : 17-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി അംഗം ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ഏകകണ്ഠമായിട്ടായിരുന്നു ബിര്‍ളയുടെ തെരഞ്ഞെടുപ്പ്.  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയുടെ പേര് നിര്‍ദേശിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പിന്താങ്ങി.എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് പുറമെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഓം ബിര്‍ളയെ പിന്തുണച്ചു. പ്രോട്ടം സ്പീക്കര്‍ വീരേന്ദ്രകുമാറിന്റെ അധ്യക്ഷതയിലായിരുന്നു സ്പീക്കര്‍ തെരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ഓം ബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുത്തതായി പ്രോട്ടെം സ്പീക്കര്‍ അറിയിച്ചു.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചേര്‍ന്ന് പുതിയ സ്പീക്കറെ സഭാധ്യക്ഷ വേദിയിലേക്ക് ആനയിച്ചു. ബിജെപി നേതാക്കള്‍ക്ക് പുറമെ, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും, രാഹുല്‍ഗാന്ധിയും പുതിയ സ്പീക്കറെ അനുമോദിച്ചു.

രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയാണ് ഓം ബിര്‍ള. രണ്ടാം തവണയാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജിഎംസി ബാലയോഗിയാണ് നേരത്തെ രണ്ടാം തവണ എംപിയായി, ലോക്‌സഭ സ്പീക്കര്‍ പദവിയിലെത്തിയ നേതാവ്.

You must be logged in to post a comment Login