ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം

പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് ദോഹയിൽ തുടക്കം. ഇന്ന് വൈകുന്നേരം ഏഴിന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന പുരുഷന്മാരുടെ ലോംഗ് ജമ്പോടെ ഒളിമ്പിക്സ് കഴിഞ്ഞുള്ള ലോകത്തിലെ ഏറ്റവും ബ്രഹത്തായ കായിക മേളയ്ക്ക് തുടക്കമാവും. പത്തുദിവസം നീളുന്ന കായിക മാമാങ്കത്തിൽ 209 രാജ്യങ്ങളില്‍ നിന്നുള്ള 1928 അത്‌ലറ്റുകളാണ് പങ്കെടുക്കുക.

ആദ്യ ഇനമായ ലോങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങും. ആകെ 27 പേരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. 12 മലയാളികൾ അടങ്ങുന്ന ടീമിലെ നഷ്ടം ഹിമ ദാസ് ആണ്. പരിക്കിനെത്തുടർന്ന് ഹിമയെ സംഘത്തിൽ നിന്ന് നീക്കിയിരുന്നു. ഒപ്പം മലയാളി ദീർഘദൂര ഓട്ടക്കാരൻ മുഹമ്മദ് അനസിനെ റിലേ മെഡൽ ഉറപ്പിക്കാൻ വ്യക്തിഗത മത്സരങ്ങളിൽ നിന്ന് നീക്കി എന്ന റിപ്പോർട്ടുകളും ഉയർന്നിരുന്നു.

ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് വനിതാ ലോങ്ജമ്പില്‍ നേടിയ വെങ്കലം മാത്രമാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു മെഡല്‍. അനസിനെ വ്യക്തിഗത ഇനങ്ങളിൽ നിന്ന് മാറ്റിയത് മെഡൽ നഷ്ടമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മെഡല്‍ നേട്ടത്തിലുപരി അടുത്തവര്‍ഷം ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള യോഗ്യതയാവും അത്ലറ്റുകളുടെ ലക്ഷ്യം.

You must be logged in to post a comment Login