ലോക ആരോഗ്യ സുരക്ഷാ പട്ടികയില്‍ ഇന്ത്യക്ക് 143 ആം സ്ഥാനം; ആഫ്രിക്കന്‍ രാജ്യങ്ങളും സിറിയയും ഇന്ത്യയേക്കാള്‍ മുന്നില്‍

health-index

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടികയില്‍ ഇന്ത്യ 143 ആം സ്ഥാനത്ത്. 188 രാജ്യങ്ങളുടെ പട്ടികയില്‍ 143 ആം സ്ഥാനം എന്നത് ആരോഗ്യ മേഖലയില്‍ ഇന്ത്യയുടെ നിലവാരം എവിടെയെന്ന ചോദ്യം ഉയര്‍ത്തുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് വിദഗ്ദ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ലോക രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷ സംവിധാന നിലവാരം, മരണ നിരക്ക്, പകര്‍ച്ചാ വ്യാധികള്‍, വൃത്തി, വായു മലിനീകരണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠന വിധേയമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. റാങ്കിങില്‍ അവികസിത ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ ഘാന, കൊമറോസ,് ഏഷ്യന്‍ രാജ്യങ്ങളായ ഭൂട്ടാന്‍, ബോട്ട്‌സ്‌വാന, ശ്രീലങ്ക, ഐഎസ് ഭൂമിയായ സിറിയ എന്നിവയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം എന്നതും ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ നിലവാരം ചോദ്യം ചെയ്യപ്പെടുന്നു.

ഉന്നത ജീവിത നിലവാരവും ആരോഗ്യ സുരക്ഷയും അവകാശപ്പെടുന്ന അമേരിക്ക പട്ടികയില്‍ 24 ആം സ്ഥാനത്ത് ഒതുങ്ങി. ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാജ്യമായ ഐസ്ലാന്റ് ആണ്. ഏഷ്യന്‍ രാജ്യമായ സിംഗപ്പൂര്‍ രണ്ടാമതും സ്വീഡന്‍ മൂന്നാമതും എത്തി. ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൗത്ത് സുഡാന്‍ എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍. ഇന്ത്യയ്ക്ക് പുറകിലായി 149 ആം സ്ഥാനത്ത് പാകിസ്താനും 151 ആമത് ബംഗ്ലാദേശുമാണ്.

You must be logged in to post a comment Login