ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന് ​ഇന്ന്​ തുടക്കം

LKS-LOGO_0

തിരുവനന്തപുരം: നിയമസഭ മന്ദിരത്തിൽ ഇന്ന് ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമാകും. രാവിലെ 9.30 നാണ് സമ്മേളനം ആരംഭിക്കുക. സഭയുടെ രൂപീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി പ്രഖ്യാപനം നടത്തും. പിന്നീട് സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ക്ക് തുടക്കം കുറിക്കും.

തുടർന്ന് രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, എന്‍ആര്‍ഐ വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കും.

ഉച്ചക്ക് 2.30ന് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും. നാളെ രാവിലെ ഒമ്പതുമുതൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്മേളനങ്ങൾ നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് പൊതുസമ്മേളനവും വൈകിട്ട് 3.45 ന് മുഖ്യമന്ത്രിയുടെ സമാപന പ്രസംഗവും നടക്കും. സമാപനത്തോട് അനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login