ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണ്ണം

ന്യൂഡല്‍ഹി: ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തിൽ  യുക്രൈന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ലോക  ചാമ്പ്യന്‍ഷിപ്പില്‍ 6  സ്വര്‍ണം നേടുന്ന ആദ്യ വനിത താരമാണ് മേരികോം.

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു.

57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹലും ഫൈനലിൽ ഇറങ്ങുന്നതിനാൽ സ്വർണ നേട്ടം നാലാക്കി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നടക്കുന്ന മൽസരത്തിൽ ജർമനിയുടെ വാണർ ഓർനെല്ലയാണ് സോണിയയുടെ എതിരാളി.

ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വർണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്.

You must be logged in to post a comment Login