ലോവര്‍ പെരിയാര്‍ ജലവൈദ്യുത നിലയത്തില്‍ ടണല്‍ ഗേറ്റ് തകര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിലച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം

കോട്ടയം: ഇടുക്കി ലോവര്‍ പെരിയാര്‍ ജലവൈദ്യുത നിലയത്തില്‍ ടണല്‍ ഗേറ്റ് തകര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിലച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ ശ്രദ്ധക്കുറവാണ് അപകടത്തിനിടയാക്കിയത്.

ജനറേറ്റര്‍ നിലച്ചതറിഞ്ഞ ജീവനക്കാര്‍ അണക്കെട്ടിന്റെ പ്രവേശന ഭാഗത്തെ ടണല്‍ ഗേറ്റ് ഒറ്റയടിക്ക് അടച്ചതാണ് ഗേറ്റ് തകര്‍ത്ത് വെള്ളം പ്രവഹിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ടണലില്‍ ചെളിയും നിറഞ്ഞു.

ഓഗസ്റ്റ് 11ന് ഉണ്ടായ ഈ സംഭവം ഇതിനുശേഷം ലോവര്‍ പെരിയാര്‍ അണക്കെട്ടു കാണാനെത്തിയെ വൈദ്യുതി മന്ത്രി എം.എം.മണിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ മറച്ചുവച്ചു. പ്രളയംമൂലം വൈദ്യുതി ഉല്‍പാദനം നിര്‍ത്തിയെന്നു മാത്രമാണു മന്ത്രിയെ ധരിപ്പിച്ചത്. യഥാര്‍ഥ സംഭവം ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞതോടെ ജലവൈദ്യുത പദ്ധതിയുടെ എന്‍ജിനീയര്‍മാര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഇന്നു ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ലോവര്‍ പെരിയാര്‍ വൈദ്യുത നിലയത്തില്‍ പരിശോധന നടത്തും.

ഇടുക്കിയില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം ഒഴുക്കിവിടുന്ന വെള്ളം പാമ്പള അണക്കെട്ടില്‍ സംഭരിച്ച് ടണലിലൂടെ ലോവര്‍ പെരിയാര്‍ നിലയത്തില്‍ എത്തിച്ചാണു വീണ്ടും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഈ അണക്കെട്ടിലെ ജനറേറ്ററുകള്‍ പൊടുന്നനെ ട്രിപ്പായി. മെല്ലെ അടയ്‌ക്കേണ്ട ഷട്ടര്‍ പെട്ടെന്ന് അടച്ചതോടെ വെള്ളം ശക്തിയായി തള്ളി ഷട്ടര്‍ 50 മീറ്ററോളം മുകളിലേക്കു തെറിച്ചു.

ഷട്ടര്‍ തകര്‍ന്നതുവഴി ഒരു കോടി രൂപയുടെ നഷ്ടമെന്നാണ് കോട്ടയത്തുള്ള ഡാം സുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. പ്രതിദിനം 160 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ലോവര്‍ പെരിയാര്‍ പ്രവര്‍ത്തനം നിര്‍ത്തിയതുമൂലം ദിവസം രണ്ടരക്കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്.

അതേസമയം, രണ്ടാം ഷട്ടര്‍ തെറിച്ചതു ഭാഗ്യമായി എന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഷട്ടര്‍ തകര്‍ന്നില്ലായിരുന്നുവെങ്കില്‍ പെന്‍സ്റ്റോക്കും വൈദ്യുത നിലയവും തകരുന്ന സ്ഥിതി വന്നേനെ എന്നാണു സൂചന.

You must be logged in to post a comment Login