എല്‍ജിബിടിക്കാരുടേത് മനുഷ്യാവകാശവും പീഡോഫീലിയ ഗുരുതരകുറ്റകൃത്യവും, പീഡോഫീലിയ വാദികളോട് പുച്ഛം മാത്രം; എല്‍ജിബിടി സമൂഹത്തെ പീഡോഫീലിയക്കാരുമായി കൂട്ടിക്കെട്ടുന്നവര്‍ക്കെതിരെ ശീതള്‍ ശ്യാം

LGBTP

കൊച്ചി: ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഒരിടവേളയ്ക്ക് ശേഷം പീഡോഫീലിയ ചര്‍ച്ചകള്‍ വീണ്ടും സജീവമാവുഗകയാണ്. അഞ്ചാംക്ലാസുകാരിക്ക് മഞ്ച് വാങ്ങിക്കൊടുത്ത്, പീഡിപ്പിച്ചെന്ന ഫെയ്‌സ്ബുക്ക് കമന്റ് മുന്‍പ് സജീവ ചര്‍ച്ചയായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് ഒന്ന് ഒതുങ്ങിയ ചര്‍ച്ചകളാണ്, ചിലര്‍ വീണ്ടും കുത്തിപ്പൊക്കുന്നത്. പറഞ്ഞുപറഞ്ഞ് എല്‍ജിബിടിക്കൊപ്പം കൂടി ചേര്‍ക്കണമെന്ന് പോലും ചില വിദ്വാന്‍മാര്‍ പറഞ്ഞുകളഞ്ഞു. പി എന്നാല്‍ പീഡോഫീലിയ എന്ന്. ഈ വാദത്തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് എല്‍ഡിബിടി സമൂഹം രംഗത്തെത്തിയിരിക്കുന്നത്.

എല്‍ജിബിടി സമൂഹത്തിന്റെത് ഒരു മനുഷ്യാവകാശമാണെങ്കില്‍, പീഡോഫീലിയ ഒരു കുറ്റകൃത്യമാണെന്ന് എല്‍ജിബിടി ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം റിപ്പോര്‍ട്ടറോട് പറഞ്ഞു. പീഡോഫീലിയയ്ക്കായി വാദിക്കുന്നവരോട് പുച്ഛമാണ് തങ്ങള്‍ക്ക് തോന്നുന്നത്. ലോകരാജ്യങ്ങളില്‍ പലയിടത്തും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ഭിന്നലൈംഗികരുടെയും അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പോലും കുട്ടികളോടൊത്തുള്ള ലൈംഗിക ബന്ധം നിയമപരമായി അനുവദിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളിലും ഗുരുതരമായ കുറ്റകൃത്യവുമാണ്. ഇന്ത്യയിലും സമാനമാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ ഒരിക്കലും ആര്‍ക്കും അംഗീകരിക്കാനാകാത്ത ഒരു കുറ്റകൃത്യത്തെ തങ്ങളോടൊപ്പം ചേര്‍ത്ത് വെക്കേണ്ടെന്നും പീഡോഫീലിയക്കാര്‍ക്ക് ശീതള്‍ മുന്നറിയിപ്പ് നല്‍കി.

വ്യത്യസ്ത നിലപാടുള്ളവരുണ്ടാകും. എന്നാല്‍ അത് രാജ്യത്തെ നിയമത്തിന് അനുസരിച്ചുള്ളതാകണം. ഇത് വലിയ ആസ്വാദനമാണെന്ന് വിശദീകരിച്ച് അതിനെ ന്യായീകരിക്കുന്നവരുണ്ട്. അവരോട് പുച്ഛമാണ് തോന്നുന്നതെന്നും ശീതള്‍ പറയുന്നു. വളര്‍ച്ചയുടെ കാലത്താണ് എല്‍ജിബിടി സമൂഹത്തിലുള്ളവരുള്‍പ്പെടെ തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നത്. ഗേലെസ്ബിയന്‍ ആണോ, ഭിന്നലിംഗക്കാരിയാണോ എന്നുപോലും അപ്പോളാണ് തിരിച്ചറിയുന്നത്. അപ്പോളാണ് കുട്ടികളുമായി സമ്മതത്തോടെയാണ് ലൈംഗികബന്ധമെന്ന വാദമുയര്‍ത്തുന്നത്. മാനസികമായി വളര്‍ച്ചയിലെത്താത്ത കുട്ടികളുമായി എന്ത് കണ്‍സെന്റാണ് ഇവര്‍ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ശീതള്‍ പറഞ്ഞു. പീഡോഫീലിയ ആര് ന്യായീകരിച്ചാലും ഗുരുതരമായ കുറ്റകൃത്യവും മനുഷ്യാവകാശവിരുദ്ധവുമാണ്. അത് ബാല്യത്തിന് നേരെയുള്ള അതിക്രമമാണെന്നും ശീതള്‍ ശ്യാം വ്യക്തമാക്കി.

പലയിടത്തും എല്‍ജിബിടിയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പോകുമ്പോള്‍ ഉയരുന്ന ചോദ്യമാണ്, കുട്ടികളുമായി ബന്ധപ്പെട്ടതും ശവശരീരവുമായി ബന്ധപ്പെട്ടതുമായ ലൈംഗിക ബന്ധങ്ങള്‍. അത്തരത്തിലുള്ള ഒരു തെറ്റിനെയും തങ്ങളുടെ സമൂഹവുമായി കൂട്ടിക്കെട്ടാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും ശീതള്‍ വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കേണ്ടവരാണ് നമ്മള്‍. അതിനാല്‍ ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവരണമെന്നും ശീതള്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login