വക്കം ഖാദര്‍ കേരളത്തിന്റെ ഭഗത് സിംഗ്

ബഷീര്‍ ചുങ്കത്തറ

 

ചിറയിന്‍കീഴ് താലൂക്കില്‍ അഞ്ച് തെങ്ങ്കായല്‍ തീരത്ത് വര്‍ക്കലയ്ക്കും കടക്കാവൂരിനും ഇടയിലുള്ള വക്കം ഗ്രാമം. റഷ്യന്‍ വിപ്ലവത്താല്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്ന വര്‍ഷം. 1917 ല്‍, മെയ് ഇരുപത്തിയഞ്ചിന് കടത്ത്കാരന്‍ വാവകുഞ്ഞിന്റെയും ഭാര്യ ഉമ്മുസല്‍മയുടെയും നാലാമത്തെ സന്തതിയായി ഒരു ആണ്‍കുഞ്ഞ് പിറന്നു. മാതാപിതാക്കള്‍ അവന് അബ്ദുല്‍ ഖാദര്‍ എന്ന് പേരിട്ടു. ആ ദമ്പതികള്‍ക്ക് പിന്നെയും നാല് മക്കള്‍ക്ക് കൂടി പിറന്നു. അവരുടെ എട്ടുമക്കളില്‍ നാലാമനായ അബ്ദുല്‍ ഖാദര്‍ ചെറുപ്പത്തില്‍ തന്നെ കുറെ വേറിട്ട സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
വീടിനടുത്തു നെടുങ്ങണ്ടയിലെ ശ്രീനാരായണ വിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം തുടങ്ങിയ ഖാദര്‍ കുട്ടിക്കാലത്ത് തന്നെ നല്ലൊരു നീന്തല്‍ക്കാരനും ഫുട്‌ബോളിലും ഗുസ്തിയിലും കമ്പമുള്ളവനുമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും തുടര്‍ന്ന അവന് കൂട്ടുകാരില്‍ പലര്‍ക്കും ഇല്ലാതിരുന്ന ഒരു സല്‍സ്വഭാവം കൂടിയുണ്ടായിരുന്നു. പരന്ന വായന. അതിന് പറ്റിയ ഒരു കൂട്ടും ബാലനായ ഖാദറിന് കിട്ടി. കേരളത്തിന്റെ നവോത്ഥാന നായകന്മാരില്‍ ഒരാളായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മകന്‍. ആ മകന്റെ പേരും അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു. പില്‍ക്കാലത്ത് ഒട്ടേറെ ധൈഷണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവായി മാറിയ അദ്ദേഹം നമ്മുടെ കഥാനായകന്റെ അടുത്ത കൂട്ടുകാരനായിരുന്നു. കൂട്ടുകാരന്റെ വീട്ടിലുണ്ടായിരുന്ന അപൂര്‍വ്വ പുസ്തക ശേഖരം ഇരുവരും പരമാവധി പ്രയോജനപ്പെടുത്തി.
വക്കം ഗ്രാമത്തിലെ അക്കാലത്തെ സാധാരണ മുസ്‌ളീം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ നിന്നും വ്യത്യസ്തമായി വിശാല മതേതരത്വ ചിന്തകളില്‍ ഖാദര്‍ ബാല്യകാലത്ത് തന്നെ ആകൃഷ്ടനായി. സ്വാതന്ത്ര്യ സമരത്തിന്റെ അലകള്‍ ശക്തമായി കേരളത്തിലും അടിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു ഖാദറുടെ ബാല്യം. സ്വാഭാവികമായും അവന് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം തോന്നി. വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയ ചരിത്ര സംഭവങ്ങളെ ആ യുവാവ് താല്പര്യപൂര്‍വ്വം നിരീക്ഷിച്ചു. ക്ഷേത്രപ്രവേശന സമരത്തോടനുബന്ധിച്ച് കടക്കാവൂരില്‍ എത്തിയ ഗാന്ധിയെ സ്വീകരിക്കാന്‍ ഒത്ത് കൂടിയ ജനാവലിയില്‍ ഖാദറുണ്ടായിരുന്നു.

രാഷ്ട്രീയത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും തല്പരനായിരുന്ന ഖാദര്‍ രോഗികള്‍ക്കു വേണ്ടിയും മറ്റു കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും ആവുന്ന സഹായങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ മുന്‍കൈയെടുത്തു. സ്വതന്ത്ര്യസമരത്തോടുള്ള മകന്റെ അടുപ്പം കൂടിക്കൂടി വരുന്നത് പിതാവ് വാവകുഞ്ഞും നിരീക്ഷിച്ചുകൊണ്ടിരുന്നു. സ്വയം സമരാനുകൂലിയായിരുന്നുവെങ്കിലും കുടുംബപ്രാരാബ്ധങ്ങള്‍ കാരണം അയാള്‍ക്ക് നേരിട്ട് അധികം കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ നാലാമത്തെ മകന്‍ കാണിക്കുന്ന വലിയ താല്പര്യം അവനെ കേസുകളിലേക്കും ജയില്‍വാസത്തിലേക്കും എത്തിക്കുമെന്ന് ആ പിതാവ് ഭയപ്പെട്ടു.
1938 മാര്‍ച്ചില്‍ നെടുങ്കണ്ടത്ത് ഒരു കോണ്‍ഗ്രസ് പൊതുയോഗം ബ്രിട്ടീഷ് അനുകൂലികള്‍ അലങ്കോലമാക്കി.അതിനെതിരെ ചെറുപ്പക്കാരുടെ ഒരു പ്രതിഷേധ പ്രകടനം നടന്നു. കൂട്ടുകാരെയൊക്കെ ബന്ധപ്പെട്ടുകൊണ്ട് അതിന് മുന്‍കൈ എടുത്തത് ഖാദറായിരുന്നു. തികഞ്ഞ മതേതരവാദിയായിരുന്ന ഖാദര്‍ നാട്ടുകാരിയായ ഒരു ഹിന്ദു യുവതിയുമായി പ്രണയത്തിലായി. അതുകൂടി അറിഞ്ഞപ്പോള്‍ ഇനിയും മകനെ നാട്ടില്‍ നിര്‍ത്തുന്നത് അപകടമായിരിക്കുമെന്ന നിഗമനത്തില്‍ വാവക്കുഞ്ഞ് എത്തി.

അക്കാലത്ത് കേരളത്തില്‍ നിന്നും ചെറുപ്പക്കാര്‍ മെച്ചപ്പെട്ട ജോലി തേടിപ്പോയിരുന്നത് മലയയിലേക്കും സിംഗപ്പൂരിലേക്കുമായിരുന്നു. മെട്രിക്കുലേഷന്‍ പാസ്സായ ഖാദറെ ആ പിതാവ് മലയയിലേക്ക് അയച്ചത് നല്ല ജോലി കിട്ടാന്‍വേണ്ടി മാത്രമായിരുന്നില്ല, അവനെ അപകടങ്ങളില്‍ നിന്നും ഒഴിവാക്കുക എന്നത് കൂടി ഉദ്ദേശിച്ചായിരുന്നു.
ഒരു യഥാര്‍ത്ഥ വിപ്ലവകാരിക്ക് ഏത് മണ്ണും തന്റെ സമരമുഖമായിരിക്കും എന്നത് വക്കം ഖാദറിനും ബാധകമായിരുന്നു. മലയയില്‍ എത്തിയ ഖാദര്‍ അവിടത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ കൂട്ടായ്മയായിരുന്ന ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ പ്രവര്‍ത്തകനായി. ജനറല്‍ മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലേക്കും താമസിയാതെ ചേര്‍ന്നു.

നേതാജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ‘ആസാദ് ഹിന്ദ്’ താല്‍ക്കാലിക സര്‍ക്കാറിലെ മന്ത്രിമാരായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയും എസ്.എ . അയ്യരും അടക്കമുള്ളവര്‍ തങ്ങളുടെ ഐ. എന്‍. എ ജീവിതത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അവരുടെ കൃതികളിലൊന്നും കാര്യമായി പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നാണ് ഐ.എന്‍. എയുടെ രഹസ്യ സര്‍വ്വീസ്. ഈ രഹസ്യ സര്‍വ്വീസിലായിരുന്നു വക്കം ഖാദറിന് ചുമതല കിട്ടിയത്. അത്യന്തം അപകടം പിടിച്ച സംരംഭമായതിനാല്‍ അതുമായി നേരിട്ട് ബന്ധമില്ലാത്ത ഐ. എന്‍ എ. ക്കാര്‍ക്ക് തന്ന അതിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. മദ്രാസിലെ ഐ.എന്‍.എ റിലീഫ് കമ്മറ്റിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ മേജര്‍ എന്‍എസ് സ്വാമിയേക്കുറിച്ചുള്ള ഒരു പരാമര്‍ശം മാത്രമാണ് രഹസ്യസര്‍വ്വീസിനെ കുറിച്ച് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ഉള്ളത്. ജര്‍മ്മനിയില്‍ നിന്നും മുങ്ങിക്കപ്പലില്‍ മലയയില്‍ എത്തി, ഐ.എന്‍.എയുടെ രഹസ്യ സര്‍വ്വീസിലെ പടയാളികള്‍ക്കുള്ള പരിശീലകന്റെ ചുമതലയേറ്റയാളായിരുന്നു മേജര്‍ സ്വാമി.

പെനാംഗിലെ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍, പ്രത്യേകമായി തെരഞ്ഞെടുത്ത യുവാക്കളെ വിദഗ്ധ പരിശീലനങ്ങള്‍ നല്‍കി ആത്മഹത്യ സ്‌ക്വാഡുകള്‍ രൂപീകരിച്ച് അനധികൃതമായി ഇന്ത്യയിലെത്തിച്ച് അവരെക്കൊണ്ട് രാജ്യത്തിനകത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു രഹസ്യ സര്‍വ്വീസ് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. വക്കം ഖാദറിനൊപ്പം രഹസ്യ സര്‍വ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 32 പേര്‍ വേറെയുണ്ടായിരുന്നു. ആ മുപ്പത്തിമൂന്ന് പേരില്‍ കൂടുതല്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച ഇരുപത് പേരെ തെരഞ്ഞെടുത്ത് അവരെ അഞ്ച് പേര്‍ വീതമുള്ള ചെറുസംഘങ്ങളായി ഇന്ത്യയിലേക്ക് അയക്കാന്‍ തീരുമാനിക്കപ്പെട്ടു. അവര്‍ക്കെല്ലാം റൈഫിള്‍ ഷൂട്ടിംഗ്, നീന്തല്‍, പര്‍വ്വതാരോഹണം തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം കൊടുത്തിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും എല്ലാ മതവിഭാഗങ്ങളിലും പെട്ടവരും ഉള്‍പ്പെട്ടതായിരുന്നു ആ ഇരുപത്‌പേര്‍. ജഗദീശ് മിത്ര കൗറ, ഫൗജാസിംഗ്,സി. ഗോപാലകൃഷ്ണ മൂര്‍ത്തി റെഡ്ഡി, സത്യചന്ദ്രബര്‍ദാന്‍, ഫണീന്ദ്രനാഥ റോയി, സുപ്രഭാദ് രഞ്ചന്‍പോള്‍ നാനി, ജി. ശാന്തപിള്ള, വക്കം ഖാദര്‍, മുഹമ്മദ് ഗനി, കെ. കൊച്ചു ഗോവിന്ദന്‍, എം. ഗംഗാധരന്‍, കെ. മത്തായി,സി.പി. ഈപ്പന്‍, എ. ആന്‍ഡ്രൂസ്, ലിയോഡിക്രൂസ്, ബോണി ഫെയസ് ബി പെരേര, കെ. എ. ജോര്‍ജ്ജ്, എം. ജോര്‍ജ്,എ. അനന്തന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവരായിരുന്നു ആ ഇരുപത് പേര്‍.

ഖാദര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തില്‍. അനന്തന്‍ നായര്‍, സി.പി. ഈപ്പന്‍, മുഹമ്മദ് ഗനി, കെ. എം. ജോര്‍ജ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. 1942 സെപ്തംബറില്‍ 18 ന് ഖാദറും കൂട്ടുകാരും പെനാംഗില്‍ നിന്നും ഒരു ജപ്പാന്‍ അന്തര്‍വാഹിനിയില്‍ ഇന്ത്യയിലേക്ക് തിരിച്ചു. ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ താനൂര്‍ തീരത്തിനടുത്ത് കടലില്‍ ഇറക്കി വിടപ്പെട്ട ആ അഞ്ചു യുവാക്കളും കാറ്റ് നിറച്ച ഒരു വലിയ ട്യൂബിന്റെ സഹായത്തോടെ കടപ്പുറത്ത് നീന്തിക്കയറി. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് കടപ്പുറത്ത് ഉണ്ടായിരുന്ന ചില ബ്രിട്ടീഷ് അനുകൂലികളുടെ ശ്രദ്ധയില്‍ അവര്‍പെട്ടു. അവരില്‍ നിന്നും വിവരം കിട്ടിയ പട്ടാളം കടപ്പുറത്ത് കുതിച്ചെത്തി. ഒന്നും ചെയ്യാന്‍ അവര്‍ക്ക് അവസരം കിട്ടിയില്ല. അഞ്ചുപേരെയും പട്ടാളം അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ പിറകിലേക്ക് പിടിച്ചുകെട്ടി,കാലുകൡ ചങ്ങലയിലും തളച്ചായിരുന്നു അവരെ നടത്തിക്കൊണ്ടുപോയത്. ഏതാനും ദിവസങ്ങള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളില്‍ തടവിലിട്ട ശേഷം എല്ലാവരെയും മദ്രാസിലെ സെന്റ് ജോര്‍ജ്ജ് കോട്ടയിലെ തടവറയിലേക്ക് മാറ്റി.
വ്യത്യസ്ത സംഘങ്ങളായി വ്യത്യസ്ത സ്ഥലങ്ങളില്‍ കൊണ്ടിറക്കപ്പെട്ട ആ ഇരുപത് വിപ്ലവകാരികളെയും ബ്രിട്ടീഷുകാര്‍ പലയിടങ്ങളില്‍ വെച്ച് പിടികൂടി ജയിലിലെത്തിച്ചു തികഞ്ഞ പരാജയമായിരുന്നു ആ ദൗത്യം. ഒന്നും ചെയ്യാതെ തന്നെ ആ ഇരുപത് യുവാക്കളുടെയും ജീവിതം പ്രതിസന്ധിയിലായി.

1943 മാര്‍ച്ച് 8 ന് രഹസ്യ കോടതിയില്‍ കേസ് വിചാരണ തുടങ്ങി. പോലീസ് ചോദ്യം ചെയ്തപ്പോഴും വിചാരണ വേളയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കടുത്ത നിലപാടുകള്‍ തുറന്നു പറഞ്ഞവര്‍ക്കെതിരെ പോലീസും കോടതിയും കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. പ്രതികാര ചിന്തയോടെ വിധിപറഞ്ഞ ജഡ്ജി വക്കം ഖാദര്‍ക്കും കൂടെ സംഘത്തിലുണ്ടായിരുന്ന അനന്തന്‍ നായര്‍ക്കും വധശിക്ഷ വിധിച്ചു. പെനാംഗില്‍ നിന്നും പോന്ന മറ്റു സംഘങ്ങളില്‍ പെട്ടവരായിരുന്ന ഫൗജാസിംഗ്, ബോണി ഫെയ്‌സ് പെരേര, സത്യ ചന്ദ്രബര്‍ദാന്‍ എന്നിവര്‍ക്കും വധശിക്ഷ തന്നെ കിട്ടി. ബാക്കിയെല്ലാവര്‍ക്കും തടവ് ശിക്ഷയുണ്ടായിരുന്നു. ഖാദറിന് അഞ്ച് കൊല്ലത്തെ തടവിന് ശേഷം വധശിക്ഷ എന്നതായിരുന്നു അയര്‍ലാന്റുകാരനായ ജഡ്ജിയുടെ വിധി. അപ്പീല്‍ കോടതിയിലെ ജഡ്ജി കൂടുതല്‍ ക്രൂരനും സാമ്രാജത്വ മനസ്സുള്ളവനുമായിരുന്നു. 1943 ഏപ്രില്‍ 26 ന് അപ്പീല്‍ കോടതി വിധി വന്നു. അഞ്ച് വര്‍ഷം തടവുശിക്ഷ കഴിഞ്ഞ് വധശിക്ഷ എന്നതിന് പകരം ഉടന്‍തന്നെ വധശിക്ഷ നടപ്പാക്കണം എന്നതായിരുന്നു ആ വിധി. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി അപ്പീല്‍ കോടതി ചെയ്തു. കീഴ്‌ക്കോടതി വിധിച്ചിരുന്ന ബോണി ഫെയസ് ബി പരേരക്കുള്ള വധശിക്ഷ സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കി തടവ് ശിക്ഷ മാത്രമാക്കി. കീഴ്‌ക്കോടതി വധശിക്ഷ വിധിച്ച അഞ്ച് പേരില്‍ ഒരേ ഒരു ക്രിസ്ത്യന്‍ പേര് അദ്ദേഹത്തിന്റേതായിരുന്നു. അത്തരം സങ്കുചിതത്വങ്ങള്‍ വല്ലതുമായിരുന്നോ ഈ പുനര്‍ചിന്തനത്തിന് പിന്നില്‍ എന്നും സംശയിക്കാവുന്നതാണ്.
വിധിയറിഞ്ഞ ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വക്കം ഖാദര്‍ കൊടുത്ത മറുപടിക്ക് കോടതി തന്നെ നടുങ്ങി. ”എനിക്കിനിയൊരു ജന്മം ഉണ്ടെങ്കില്‍ അതും ഞാനെന്റെ രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കും” അതായിരുന്നു ധീര വിപ്ലവകാരിയുടെ മറുപടി.
1943 സെപ്തംബര്‍ പത്തായിരുന്നു വിധി നടപ്പാക്കാന്‍ നിശ്ചയിക്കപ്പെട്ട ദിവസം. തലേ ദിവസം രാത്രി പന്ത്രണ്ട് മണിക്ക് ഖാദര്‍ രണ്ടു കത്തുകള്‍ എഴുതി തയ്യാറാക്കി. ഒന്ന് തന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും രണ്ടാമത്തേത് സഹപോരാളി ബോണി ഫെയ്‌സ് പരേരക്കുവേണ്ടിയും രണ്ടിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിജയിപ്പിക്കുന്നതിനെ കുറിച്ചും മത സൗഹാര്‍ദ്ദത്തെക്കുറിച്ചുമായിരുന്നു പ്രതിപാദിച്ചിരുന്നത്. ബാപ്പയെ അഭിസംബോധന ചെയ്തുകൊണ്ട് കുടുംബത്തിന് വേണ്ടി തയ്യാറാക്കിയ കത്തില്‍ ഖാദര്‍ എഴുതി ”എത്ര അഭിമാനത്തോടെയാണ് ഞാന്‍ മരണത്തെ നേരിട്ടത് എന്ന് ദൃക്‌സാക്ഷികള്‍ വഴി നിങ്ങള്‍ അറിയും. അന്ന് നിങ്ങള്‍ക്ക് എന്നെക്കുറിച്ച് അഭിമാനവും സന്തോഷവും തോന്നും. ”ഉറപ്പായ മരണത്തിന് ആറ് മണിക്കൂര്‍ മുമ്പ് മാത്രം എഴുതിയ ആ കത്തുകളിലും ഒരു ഇടര്‍ച്ചയോ പതര്‍ച്ചയോ മലയാളത്തിന്റെ ആ വീരപുത്രനുണ്ടായില്ല.

സെപ്തംബര്‍ 10 ന് പുലര്‍ച്ചെ ജയിലില്‍ നിന്നും പുറത്തിറക്കി തൂക്കുമരത്തിനടുത്തേക്ക് നടത്തിക്കൊണ്ട് പോകുമ്പോള്‍ ആ നാല് ധീരന്മാരും ചുരുട്ടിയ മുഷ്ടികള്‍ ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. അന്ന് തന്നെ ആ നാല് പേരെയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. സ്വാതന്ത്യത്തിന് വേണ്ടി ഇന്ത്യ ബലി നല്‍കിയ ലക്ഷക്കണക്കിന് രക്തസാക്ഷികളോടൊപ്പം അവരും ചേര്‍ന്നു. ഇങ്ങനെ ചാവേര്‍ സംഘങ്ങളായി ഇന്ത്യയിലേക്കയച്ച് ദേശസ്‌നേഹികളായ യുവാക്കളുടെ ജീവിതം പാഴാക്കുന്നതിനോട് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വിപ്ലവ ഗ്രൂപ്പുകാര്‍ക്ക് തന്നെ യോജിപ്പുണ്ടായിരുന്നില്ല.

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയില്‍ നിന്നും ഒളിച്ച് പുറത്ത് കടക്കാന്‍ സഹായിച്ച കമ്മ്യൂണിസ്റ്റ്കാരനായ ഭഗത്‌റാം തല്‍വാറിന് വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നു. സായുധ സമരത്തിന്റെ പാത അംഗീകരിച്ചുകൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ ഗ്രൂപ്പായിരുന്ന ‘റെഡ് ഷര്‍ട്ട് ‘ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു ഭഗത്‌റാം തല്‍വാര്‍. അതിലൂടെയായിരുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് എത്തിയത്.

നിരോധിക്കപ്പെട്ട വേളയില്‍ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കീര്‍ത്തി കിസാന്‍ പാര്‍ട്ടി എന്ന പേരില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരിക്കുമ്പോഴും വിപ്ലവ ഗ്രൂപ്പുകളുമായുള്ള ബന്ധം ഭഗത്‌റാം നിലനിര്‍ത്തി. അതിര്‍ത്തി മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭഗത്‌റാമിന് അക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം പിന്തുണ കൊടുത്തിരുന്നു.

ഇന്ത്യയില്‍ നിന്നും പുറത്ത് കടന്ന സുഭാഷ് ചന്ദ്രബോസാണ് തന്റെ സായുധ സമരം എന്ന ആശയത്തോട് യോജിപ്പുണ്ടായിരുന്ന ഇന്ത്യയിലെ വിപ്ലവ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നതിന് ജര്‍മ്മന്‍- ജപ്പാന്‍ ഏജന്റുകള്‍ മുഖേന സന്ദേശങ്ങള്‍ അയച്ചിരുന്നത് ഭഗത്‌റാം തല്‍വാറായിരുന്നു. അവര്‍ക്ക് കൊടുത്തുകൊണ്ടിരുന്ന മറുപടികളില്‍ പലതവണ ഇങ്ങനെ ചാവേര്‍ സംഘങ്ങളെ അയക്കുന്നത് നിര്‍ത്താന്‍ ഭഗവത്‌റാം തല്‍വാര്‍ ആവശ്യപ്പെട്ടിരുന്നു.

1943 മെയ് ഒമ്പതിനാണ് സുഭാഷ് ചന്ദ്രബോസ് ജര്‍മ്മനിയില്‍ നിന്നും ജപ്പാനില്‍ എത്തിച്ചേരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം ഐ. എന്‍. എയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. നേതാജി നേതൃത്വംഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ വക്കം ഖാദറും കൂട്ടുകാരും ഇന്ത്യയിലേക്ക് അയക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് അധികാരികളുടെ പിടിയലകപ്പെട്ട അവര്‍ക്കെതിരെയുള്ള വധശിക്ഷ ഉറപ്പിച്ചുകൊണ്ടുള്ള അപ്പീല്‍ കോടതി വിധിയും പുറത്ത് വന്ന് രണ്ടാഴ്ച കഴിഞ്ഞാണ് നേതാജി ജപ്പാനില്‍ എത്തുന്നത്.

ഇന്ത്യന്‍ വിപ്ലവകാരികളെ പരിശീലനം കൊടുത്ത് മുങ്ങിക്കപ്പലില്‍ ഇന്ത്യയില്‍ കൊണ്ട് വന്ന് ഇറക്കാനുള്ള ജര്‍മ്മനിയില്‍ നിന്നുള്ള നിര്‍ദ്ദേശം അടങ്ങിയ 1943 മാര്‍ച്ചിലെ ഒരു സന്ദേശത്തിന് ഭഗത്‌റാം ഇങ്ങിനെ മറുപടി കൊടുത്തു. ”ഇതില്‍ പിഴവുകളുണ്ടായാല്‍ വന്‍ ദുരന്തമാണ് ഉണ്ടാവുക, ജപ്പാനീസ് മുങ്ങിക്കപ്പലില്‍ വന്നിറങ്ങിയവര്‍ക്ക് സംഭവിച്ചതാണ്. ഇറങ്ങിയ രാജ്യസ്‌നേഹികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കൊടും മര്‍ദ്ദനത്തിന് വിധേയരായി അവസാനം പലരെയും വെടിവെച്ചു കൊന്നു. ആ മഹാത്യാഗം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല.” വക്കം ഖാദറടക്കമുള്ള ഐ. എന്‍. എ. പോരാളികള്‍ക്ക് സംഭവിച്ച ദുരന്തം അറിഞ്ഞ് കൊണ്ട് കൂടിയായിരിക്കണം ഭഗത്‌റാം ഇങ്ങിനെ പ്രതികരിച്ചത്. രാജ്യസ്‌നേഹിതരായ ചെറുപ്പക്കാരെ അനാവശ്യമായി മരണത്തിലേക്ക് തള്ളിവിടുന്നതില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍ ബ്രിട്ടീഷ് ഭരണകൂടം 1934 ജൂലൈ 23 ന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചത് രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ ബ്രിട്ടന്റെ സഖ്യ ശക്തിയായി മാറിയതിനെ തുടര്‍ന്ന് 1942 ജൂലൈ 23 നാണ്. അതുവരെ പല സ്ഥലങ്ങളിലും പല പേരുകളിലുമുള്ള പാര്‍ട്ടികളായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നിരോധനം പിന്‍വലിച്ചതോടെ അവര്‍ പരസ്യമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഭഗത്‌റാമിന് ബന്ധമുണ്ടായിരുന്ന റെഡ്ഷര്‍ട്ട് അടക്കമുള്ള വിപ്ലവ ഗ്രൂപ്പുകള്‍ അപ്പോഴും രഹസ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
റെഡ് ഷര്‍ട്ട് ഗ്രൂപ്പിന്റെ ഉന്നത നേതാവും ധീരവിപ്ലവകാരിയുമായ തേജ സിംഗ് സ്വതന്ത്രക്കും പല ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കളുമായും നല്ല ബന്ധങ്ങള്‍ ഉണ്ടായിരുന്നു തങ്ങളുടെ ശത്രുവായ ബ്രിട്ടനെതിരെ പൊരുതുന്നവര്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിപ്ലവ ഗ്രൂപ്പുകളെ സഹായിക്കാനുള്ള സന്നദ്ധത ജപ്പാനും ജര്‍മ്മനിയും സദാപുലര്‍ത്തിയിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ ബന്ധപ്പെടുന്നതിനായി ഡല്‍ഹിയിലെത്തിയ ഭഗത്‌റാം തല്‍വാര്‍ 1943 ഡിസംബര്‍ 2 ന് തേജ് സിംഗ് സ്വതന്ത്രയെ കണ്ട് ഇങ്ങനെ ആവശ്യപ്പെട്ടു. ”ജപ്പാന്‍കാര്‍ പാരച്യൂട്ട് വഴിയും മറ്റും കടത്തി വിടുന്ന രാജ്യസ്‌നേഹികളെല്ലാം മരിക്കുകയാണ്. ആര്‍ക്കും ഒരു ഗുണവുമില്ലാത്ത നഷ്ടം. ഇതവസാനിപ്പിക്കാന്‍ നമ്മള്‍ ആവശ്യപ്പെടണം.”

നേതാജിയുടേത് എന്ന നിലയില്‍ ഭഗത്‌റാം തല്‍വാറിന് കിട്ടിക്കൊണ്ടിരുന്ന സന്ദേശങ്ങളിലും ഇടയ്ക്ക് മുങ്ങിക്കപ്പലിലും പാരച്യൂട്ടിലും കൊണ്ടുവന്നിറക്കുന്നവരെ ബന്ധപ്പെടണം എന്നറിയിച്ചിരുന്നു. ആ നിര്‍ദ്ദേശം നേതാജിയുടേതാണോ അതോ ജപ്പാന്‍- ജര്‍മ്മന്‍ അധികാരികളുടേത് മാത്രമാണോ എന്ന കാര്യത്തില്‍ ഭഗത്‌റാം തന്നെ സംശയിച്ചിരുന്നു. ഏതായാലും ചാവേറുകളെ അയയ്ക്കുന്നത് നിര്‍ത്തണം എന്ന ഭഗത്‌റാമിന്റെ നിര്‍ദ്ദേശം ഒരിക്കലും നേതാജിക്ക് കിട്ടിയിരിക്കാനിടയില്ല. നേതാജിയുടേതെന്ന് പറഞ്ഞ് കൊണ്ട് എത്തിച്ചിരുന്ന ചോദ്യാവലികളില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള മറ്റുവിവരങ്ങള്‍ കിട്ടാനുള്ള ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താനും ഭഗത്‌റാം കൊടുത്തിരുന്ന മറുപടികളില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായവ നേതാജിക്ക് കിട്ടാതിരിക്കാനുള്ള സാമര്‍ത്ഥ്യം അവര്‍ പ്രയോഗിച്ചു.

വക്കം ഖാദറും സഖാക്കളും വധിക്കപ്പെട്ട് ഒമ്പത് മാസങ്ങള്‍ക്കു ശേഷം 1944 ല്‍ ജൂണ്‍ 25 ന് നേതാജിയുടേതെന്ന പറഞ്ഞ് കൊണ്ട് ഭഗത്‌റാമിന് കിട്ടിയ ഒരു സന്ദേശത്തിലും ഒരു സെയ്ഫു റഹ്മാനെയും വേറെ പന്ത്രണ്ട് പേരെയും തൊട്ടുമുമ്പുള്ള മാര്‍ച്ച് മാസത്തില്‍ മുങ്ങിക്കപ്പലില്‍ ഇന്ത്യയിലേക്കയച്ച കാര്യം സൂചിപ്പിച്ചിരുന്നു. മുമ്പ് അയക്കപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന കൃത്യമായ ചിത്രം നേതാജിക്ക് കൊടുക്കാതെ ആ പാഴ്‌വേലകള്‍ തുടര്‍ന്നുകൊണ്ടിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.

വിചാരണ വേളയിലും തൂക്കുമരത്തിന് നേരെ നടന്നടുക്കുമ്പോഴും കാണിച്ച ധീരതയുടെ പേരില്‍ സ്വാതന്ത്യസമരത്തിലെ രക്തസാക്ഷികളായ ഭഗത് സിംഗിന്റെയം സഹസഖാക്കളായ രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും പേരുകള്‍ രാജ്യം മുഴുവന്‍ ഓര്‍മ്മിക്കുന്നു. അവരുടെ ജീവിതം ഇന്നും രാജ്യസ്‌നേഹികള്‍ക്ക് പ്രചോദനമായി നിലകൊള്ളുന്നു. എന്നാല്‍ അതേ ധീരതയോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണത്തെ നേരിട്ട ഐ.എന്‍. എ. പോരാളികളും രക്തസാക്ഷികളുമായ വക്കം ഖാദറിനെയും സഹപ്രവര്‍ത്തകരെയും ആ രീതിയില്‍ ആരും അനുസ്മരിക്കാറില്ല. നമ്മള്‍ മലയാളികളുടെയും അവസ്ഥ ആ കാര്യത്തില്‍ അത്ര മെച്ചപ്പെട്ടതല്ല. കേരളത്തിന്റെ ഭഗത്‌സിംഗായി വാഴ്ത്തപ്പെടേണ്ട വക്കം ഖാദറിന്റെ ജീവിതം സ്വാതന്ത്യ സമരത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നമ്മളും പഠിപ്പിച്ചുകൊടുക്കുന്നില്ല.
നാലായിരത്തില്‍പരം ദേശസ്‌നേഹികളുടെ രക്തസാക്ഷിത്വം കൊണ്ട് മഹത്വമാര്‍ന്നതായിരുന്നു ഐ.എന്‍. എ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പോരാട്ടം ആ രക്തസാക്ഷ്യങ്ങള്‍ക്ക് പൊതുവില്‍ തന്നെ അര്‍ഹിക്കുന്ന ഒരിടം നമ്മുടെ സ്വതന്ത്ര്യ സമര ചരിത്രത്തില്‍ നാം കൊടുത്തിട്ടില്ല. അവരോടൊപ്പം അവഗണിക്കപ്പെട്ട് കിടക്കുകയാണ് വക്കം ഖാദറിന്റെയും കൂട്ടുകാരുടെയും ജീവത്യാഗവും.

ഭഗത്‌സിംഗിന്റെ കൂട്ടുകാരെയും രക്തസാക്ഷിത്വദിനമായ മാര്‍ച്ച് 23 ഇന്ത്യ മുഴുവന്‍ ഓര്‍മ്മിക്കുന്നു. വക്കം ഖാധറുടെയും സഖാക്കളുടെയും രക്തസാക്ഷിത്വദിനമായ സെപ്തംബര്‍ 10 ന് അതേ പ്രാധാന്യത്തോടെ കാണാന്‍ മലയാളികള്‍ക്കെങ്കിലും ഉത്തരവാദിത്വമുണ്ട്. ഇരുപത്തിയാറാം വയസ്സില്‍ രാജ്യത്തിന് വേണ്ടി മരണത്തിലേക്ക് ഉറച്ച കാല്‍വയ്പുകളോടെ നടന്നുപോയ ആ യുവധീരന്‍ നമ്മൡലൊരായിരുന്നു.2017 ഖാദറുടെ ജന്മശതാബ്ദി കൂടിയാണ്.

 

You must be logged in to post a comment Login