വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ല; പൊലീസിന് മുഖ്യമന്ത്രിയുടെ പിന്തുണ

തൃശൂര്‍: ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ബലംപ്രയോഗം നടത്തിയ പൊലീസുകാരെ സംരക്ഷിക്കുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ല. തെറ്റ് ചെയ്യാത്തവരെ ആരെല്ലാം വളഞ്ഞിട്ട് ആക്രമിച്ചാലും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന പൊലീസിനെയാണ് ആവശ്യം. അത്തരത്തിലുള്ള സേന അംഗങ്ങളാവുകയെന്നാണ് ഒരോരുത്തരും ലക്ഷ്യമിടേണ്ടത്. ജനങ്ങളുടെ ജീവിതത്തിന് ഭംഗംവരുത്തുന്ന ഗുണ്ടാ, മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.

ആത്മാര്‍ഥതയും സഹാനുഭൂതിയും ആര്‍ദ്രതയും നിയമവാഴ്ചയോടുള്ള ആദരവും അച്ചടക്കവും കൈമുതലാക്കിയുള്ള പ്രവര്‍ത്തനമാണ് പ്രതീക്ഷിക്കുന്നത്. പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവും കാത്തുസൂക്ഷിക്കുമെന്ന ദൃഢനിശ്ചയവും ഉറപ്പിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്നും പുതിയ എസ്‌ഐമാരോട് മുഖ്യമന്ത്രി പറ!ഞ്ഞു.

You must be logged in to post a comment Login