വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തം; ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ഹൈക്കമാന്‍ഡിന് സന്ദേശപ്രവാഹം; മുല്ലപ്പള്ളി കേരളയാത്ര മാറ്റി

 

ന്യൂഡല്‍ഹി: വടകരയില്‍ പ്രവീണ്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദം ശക്തമാകുന്നുണ്ട്. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡിന് അണികളുടെ പരാതി പ്രവാഹമാണ്. കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നുമാണ് പരാതികള്‍ വരുന്നത്. വടകരയില്‍ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്നാണ് ആവശ്യം.

മുല്ലപ്പള്ളിക്കായി മലബാറിലെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ഥികളും രംഗത്തെത്തി. മുല്ലപ്പള്ളി കേരളത്തിലേക്കുള്ള യാത്ര മാറ്റി. മടക്കം നാളെ മാത്രമേ ഉണ്ടാകൂ.

കോണ്‍ഗ്രസ് സ്ഥാനാത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് ബലാബലത്തിനൊടുവില്‍ എ ഗ്രൂപ്പ് വയനാട് ഉറപ്പിച്ചതായാണ് സൂചന. ടി. സിദ്ദിഖ് വയനാട്ടില്‍ സ്ഥാനാത്ഥിയാകാന്‍ സാധ്യതയേറി. ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും സ്ഥാനാര്‍ത്ഥികളാകും. വടകരയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും.

സ്ഥാനാത്ഥികളെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. സ്ഥാനാത്ഥി നിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണ്. വീണ്ടും തെരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്യില്ല. എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപനമുണ്ടാകാമെന്നും മുകുള്‍ വാസ്‌നിക് ഡല്‍ഹിയില്‍ പറഞ്ഞു

വടകരയില്‍ ദുര്‍ബലരായ സ്ഥാനാത്ഥികളെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വത്തോട് ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു. എ. കെ ആന്റണി അടക്കമുള്ളവരോടാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

You must be logged in to post a comment Login