വടക്കാഞ്ചേരിയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു

 

തൃശൂര്‍: വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് സംഭവം. ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്.

ഡാന്റേഴ്‌സ് (47), ഭാര്യ ബിന്ദു(35), മൂത്ത മകള്‍ സെലസ് നിയ(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലുണ്ട്.

കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു.

മരിച്ച കുട്ടികൾ കിടപ്പുമുറിയിൽ ഉറക്കത്തിലായിരുന്നു. ഈ മുറിയിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നു. ഡാൻഡേഴ്സ് ജോ ഈ സമയം മുറ്റത്ത് കാർ കഴുകുകയായിരുന്നു, ബിന്ദു അടുക്കളയിലും. രക്ഷപെട്ട മൂത്തമകൾ സലസ് നിയ ടി.വി. കാണുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടർന്നപ്പോൾ ഡാൻഡേഴ്സ് ജോ മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്തമകളെ പുറത്തെത്തിച്ചു. ബിന്ദുവും അടുക്കളവാതിലിലൂടെ പുറത്തേക്കോടി. അപ്പോഴേയ്ക്കും തീ ആളിപ്പടർന്നതിനാൽ ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാനായില്ല.

വടക്കാഞ്ചേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേയ്ക്കും വീട് പൂര്‍ണമായി നശിച്ചിരുന്നു. ഡാന്‍ഡേഴ്സ് ജോ ബിസിനസുകാരനാണ്. സലസ് നിയയും മരിച്ച ഡാന്‍ഫിലീസും കുറ്റുമുക്ക് സാന്ദീപിനി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

You must be logged in to post a comment Login