വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും: മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: കെ.മുരളീധരനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ കെ. മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നീളുമെന്ന് തീര്‍ച്ചയായി.  നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് കുമ്മനം കേസ് നല്‍കിയത്.

വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന കെ.മുരളീധരന്‍ വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ കെ.മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയതോടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഉപതിരഞ്ഞെടുപ്പ് നടത്താനാകില്ല.

കെ.മുരളീധരന്‍ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസില്‍ വിചാരണ നടത്തി സത്യം പുറത്തുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ഹൈക്കോടതിയിലാണ് കുമ്മനം ഹര്‍ജി നല്‍കിയിരുന്നതെങ്കിലും ഇതിനെതിരെ കെ. മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

You must be logged in to post a comment Login