വണ്ണം കുറച്ചാല്‍ വാര്‍ത്ത വായിപ്പിക്കാമെന്ന് ടിവി ചാനല്‍; 8 വനിതാ വാര്‍ത്താ അവതാരകരെ ചാനല്‍ പുറത്താക്കി

തങ്ങളുടെ അവതരണം വിലയിരുത്തേണ്ടത് പ്രേക്ഷകരാണെന്ന് പുറത്താക്കപ്പെട്ട അവതാരകര്‍ പറയുന്നു. വാര്‍ത്തയിലെ ഉള്ളടക്കമാണ് മെച്ചപ്പെടുത്തേണ്ടത്, അവതാരകരുടെ സൗന്ദര്യമല്ലെന്ന് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

tv-channelവണ്ണമുള്ള വനിതാ വാര്‍ത്താ അവതാരകരെ പുറത്താക്കി ഈജിപ്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍. വണ്ണം കുറച്ച് വന്നാല്‍ വീണ്ടും അവതാരകരാക്കാമെന്നുമാണ് ചാനല്‍ പറയുന്നത്.

വണ്ണമുള്ള 8 വനിതാ വാര്‍ത്താ അവതാരകരെയാണ് ചാനല്‍ പുറത്താക്കിയത്. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.

ഈജിപ്ഷ്യന്‍ റേഡിയോ ആന്റ് ടെലിവിഷന്‍ യൂണിയന്‍ (ഇ.ആര്‍.ടി.യു) ഡയറക്ടര്‍ പറയുന്നത് അവതാരകര്‍ ഒരു മാസത്തിനുള്ളില്‍ വണ്ണം കുറച്ച് വരണമെന്നാണ്. ഈജിപ്ത് സ്റ്റേറ്റ് ടെലിവിഷന്‍ ചാനലിലെ മുന്‍ വാര്‍ത്താ അവതാരകയാണ് ഇ.ആര്‍.ടി.യു വിന്റെ ഡയറക്ടര്‍.

ഭരണഘടനാ ലംഘനമാണ് വനിതാ വാര്‍ത്താ അവതാരകരെ പുറത്താക്കിയ സംഭവമെന്നാണ് ഈജ്പിതിലെ സെന്റര്‍ ഫോര്‍ ഗൈഡന്‍സ് ആന്റ് ലീഗല്‍ അവയര്‍നെസ്സ് എന്ന സംഘടന പറയുന്നത്.

തങ്ങളുടെ അവതരണം വിലയിരുത്തേണ്ടത് പ്രേക്ഷകരാണെന്ന് പുറത്താക്കപ്പെട്ട അവതാരകര്‍ പറയുന്നു. ഈജ്പ്തിന്റെ ഔദ്യോഗിക മാധ്യമമമായ അല്‍ അഹാറാം ഡെയിലിയിലെ മാധ്യമപ്രവര്‍ത്തക ഫാത്തിമ അല്‍ ഷറാവി പറയുന്നത് രാജ്യത്തെ എല്ലാ സ്വകാര്യ ടിവി ചാനലിലും ഈ നടപടി സ്വീകരിക്കണമെന്നാണ്. എന്നാല്‍ വാര്‍ത്തയിലെ ഉള്ളടക്കമാണ് മെച്ചപ്പെടുത്തേണ്ടത്, അവതാരകരുടെ സൗന്ദര്യമല്ലെന്ന് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് സംഭവം. അവതാരകരെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

You must be logged in to post a comment Login