വനിതാഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ റിതു റാണി വിരമിക്കുന്നു

rithu-rani

ഇന്ത്യന്‍ വനിതാഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ റിതു റാണി വിരമിക്കുന്നു. വിരമിക്കല്‍ സംബന്ധിച്ചുള്ള വാര്‍ത്ത റിതു തന്നെയാണ് അറിയിച്ചത്.നേരത്തെ റിയോ ഒളിമ്പിക്‌സ് ടീമില്‍ നിന്ന് റിതുവിനെ പുറത്താക്കിയത് വിവാദമായിരുന്നു. പ്രകടനപ്പിഴവുകളും പെരുമാറ്റദൂഷ്യവും ചൂണ്ടിക്കാട്ടിയാണ് റിതുവിനെ ഒഴിവാക്കിയത്. ഇതു തന്നെയാണ് റിതുവിന്റെ വിരമിക്കലിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭോപ്പാലില്‍ നടക്കുന്ന ദേശീയ ക്യാമ്പില്‍ റിതുവിനെ ഉള്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ക്യാമ്പില്‍ പങ്കെടുക്കാനാകില്ലെന്ന് കാണിച്ച് റിതു ഹോക്കി ഇന്ത്യ അധ്യക്ഷന്‍ നരീന്ദര്‍ ബത്രക്ക് കത്തയച്ചു. റിതുവിന്റെ വ്യക്തിപരമായ തീരുമാനമാണിതെന്നും തീരുമാനത്തെ മാനിക്കുന്നുവെന്നും ബത്ര പ്രതികരിച്ചു. ഒരു ദശകത്തോളം ഇന്ത്യന്‍ വനിതാഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു 24 കാരിയായ റിതു . റിതുവിന്റെ നേതൃത്വത്തിലാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്.

പതിനാലാം വയസില്‍ 2006 ഏഷ്യന്‍ ഗെയിംസിലൂടെയാണ് റിതു ശ്രദ്ധ നേടുന്നത്. പതിനഞ്ചാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി റിതു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നായകസ്ഥാനം ഏറ്റെടുത്ത റിതു മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

You must be logged in to post a comment Login