വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിനു ഫീൽഡിംഗ്

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ ആദ്യ മത്സരത്തിൽ തോല്പിക്കാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് സന്നാഹ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ്.

വൈറൽ ഫീവർ പിടിപെട്ട സ്റ്റാർ ഓപ്പണർ സ്മൃതി മന്ദന ഇന്ന് കളിക്കാൻ ഇറങ്ങില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. സ്മൃതിക്ക് പകരം 16കാരി റിച്ച ഘോഷ് ടീമിൽ ഇടം നേടി. മന്ദനയുടെ അഭാവത്തിൽ ഷഫാലിക്കൊപ്പം ജെമീമ റോഡ്രിഗസ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. കഴിഞ്ഞ മത്സരത്തിൽ സ്മൃതിയുടെ തോളിനു പരുക്കേറ്റത് ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കിയെങ്കിലും അത് സാരമുള്ളതായിരുന്നില്ല. എന്നാൽ താരത്തിന് വൈറൽ ഫീവർ പിടിപെട്ടത് ഇന്ത്യയുടെ തന്ത്രങ്ങളെ മാറ്റി മറിച്ചേക്കും.

ആദ്യ മത്സരത്തിൽ ഇന്ത്യ 17 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 115 റൺസിന് ഓൾ ഔട്ടായി. ബാറ്റിംഗിൽ പരാജയം നേരിട്ട ഇന്ത്യ ബൗളർമാരുടെ മികച്ച പ്രകടനത്തിൻ്റെ ബലത്തിലാണ് ജയം കുറിച്ചത്. ഇന്ത്യക്കായി പൂനം യാദവ് നാലു വിക്കറ്റുകളും ശിഖ പാണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

You must be logged in to post a comment Login