വനിതാ ടി 20 ലോകകപ്പ്; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മിന്നും ജയം

സിഡ്‌നി: വനിതാ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. 17 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. തോറ്റെന്ന് ഉറപ്പിച്ച കളിയില്‍ നാലു വിക്കറ്റ് നേടിയ ലെഗ് സ്പിന്നര്‍ പൂനം യാദവിന്റെ ഇന്ത്യയുടെ വിജയശില്‍പി. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു പന്ത് ശേഷിക്കെ 115ന് എല്ലാവരും പുറത്തായി. പൂനം യാദവ് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മികച്ച ബൗളിംഗാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്. ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കം. സ്മൃതി മന്ദാനയും ഷഫാലി വര്‍മയും എളുപ്പത്തില്‍ റണ്‍സെടുത്തു മുന്നോട്ടുപോയി. എന്നാല്‍ മൂന്ന് വിക്കറ്റെടുത്ത് നൊടിയിടയില്‍ എടുത്ത് ഓസീസ് കളി സ്വന്തം വരുതിയിലാക്കുന്നതാണ് പിന്നീട് കണ്ടത്. സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

ഷഫാലി വര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ നാലോവറില്‍ 40 റണ്‍സെന്ന നിലയിലെത്തിച്ചു. 15 പന്തില്‍ 29 റണ്‍സെടുത്തപ്പോഴേക്കും ഷഫാലി പുറത്തായി. സ്മൃതി മന്ദാന (11 പന്തില്‍10), ഹര്‍മന്‍പ്രീത് (5 പന്തില്‍ 2) എന്നിവരെ സ്പിന്നര്‍ ജെസ് ജൊനൊസന്‍ പുറത്താക്കി. ഇതോടെ ഇന്ത്യ 3ന് 47 എന്ന സ്‌കോറിലെത്തി. തുടര്‍ന്ന് ദീപ്തി ശര്‍മയും ജെമിമ റോഡ്രിഗസും (33 പന്തില്‍ 26) ചേര്‍ന്ന് 53 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 16ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 പിന്നിട്ടു. ദീപ്തി 46 പന്തില്‍ 49 റണ്‍സെടുത്തു. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍ കണ്ടെത്താന്‍ താരങ്ങള്‍ വിഷമിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 132ല്‍ ഒതുങ്ങി. ഓസ്‌ട്രേലിയക്കായി എലിസ് പെറിയും ഡെലിസ കിമ്മിന്‍സും ഓരോ വിക്കറ്റ് വീഴ്ത്തി.

ഓസ്‌ട്രേലിയക്കും മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ അലിസ ഹീലി 35 പന്തില്‍ 51 റണ്‍സെടുത്തു. ആറ് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്. ഓസ്‌ട്രേലിയ വളരെ എളുപ്പത്തില്‍ വിജയം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് അവരുടെ തകര്‍ച്ച തുടങ്ങിയത്. ഇതോടെ ആറ് വിക്കറ്റിന് 86 റണ്‍സെന്ന നിലയിലായി. പൂനത്തിന്റെ രണ്ട് വിക്കറ്റുകള്‍ 12ാം ഓവറിലെ തുടര്‍ച്ചയായ പന്തുകളിലായിരുന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍ 36 പന്തില്‍ 34 റണ്‍സെടുത്തെങ്കിലും വേണ്ട പിന്തുണ സഹകളിക്കാരില്‍ നിന്ന് ലഭിക്കാതെ വന്നതോടെ ഓസീസ് തോല്‍വി സമ്മതിച്ചു.

ആഗ്രയില്‍ നിന്നുള്ള 28കാരിയായ പൂനത്തിന് നിര്‍ഭാഗ്യം കൊണ്ടാണ് ഹാട്രിക് നഷ്ടമായത്. 12ാം ഓവറിലെ തുടര്‍ച്ചയായ രണ്ട് പന്തില്‍ വിക്കറ്റെടുത്ത പൂനത്തിന്റെ മൂന്നാമത്തെ പന്തില്‍ ബുദ്ധിമുട്ടേറിയ ക്യാച്ചിനായി വിക്കറ്റ് കീപ്പര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്ത്യക്കായി ശിഖ പാണ്ഡേ മൂന്ന് വിക്കറ്റെടുത്തു. ഇന്ത്യയുടെ അടുത്ത മത്സരം 24 ന് പെര്‍ത്തില്‍ ബംഗ്ലാദേശിനെതിരെയാണ്.

You must be logged in to post a comment Login