വനിത കാറോടിക്കുന്നതിലെ അമര്‍ഷം തീര്‍ത്തത് കാര്‍ കത്തിച്ച്; സൗദിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

 

റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ സൗദിയില്‍ അംഗീകാരം നല്‍കിയതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുന്നെ തന്റെ പുത്തന്‍ കാര്‍ കത്തിയെരിയുന്നത് കണ്ട് വാവിട്ട് കരയുന്ന സൗദി വനിതയുടെ വിലാപമാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
മക്ക സ്വദേശിനിയായ സല്‍മ അല്‍ ഷെരീഫ്(31) എന്ന യുവതിയുടെ കാറാണ് കഴിഞ്ഞ ദിവസം ചില സാമൂഹ്യ ദ്രോഹികള്‍ ചേര്‍ന്നു കത്തിച്ചത്. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പെട്രോള്‍ കൊണ്ടുവരികയും രണ്ടാമന്‍ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതര്‍ പറഞ്ഞു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അക്രമികള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്.

താന്‍ ഡ്രൈവിങ് ആരംഭിച്ചതു ഇഷ്ടപ്പെടാത്ത അയല്‍പക്കത്തെ യുവാക്കള്‍ മനപ്പൂര്‍വം തീ വയ്ക്കുകയായിരുന്നുവെന്ന് സല്‍മ പൊലീസില്‍ പരാതിപ്പെട്ടു. കാറോടിക്കാന്‍ തുടങ്ങിയ ആദ്യ ദിനം തൊട്ട് പുരുഷന്മാരില്‍ നിന്ന് താന്‍ പരിഹാസ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വാഹനമോടിക്കുന്നതു സംബന്ധിച്ച് അയല്‍വാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സല്‍മ പറയുന്നു.

കാഷ്യറായി ജോലി ചെയ്യുന്ന സല്‍മയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. വാഹനമോടിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞെന്നും നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവര്‍ക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവര്‍ പറയുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികള്‍ക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവര്‍ണറേറ്റ് വ്യക്തമാക്കി. പ്രശ്‌നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നല്‍കാനും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ വാഹനം നഷ്ടമായ സല്‍മ അല്‍ ഷരീഫിന് ഏറ്റവും പുതിയ മോഡല്‍ കാര്‍ വാങ്ങി നല്‍കുമെന്ന് മക്ക മുനിസിപ്പില്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഫഹദ് അല്‍ റൂഖി അറിയിച്ചു.

You must be logged in to post a comment Login