വന്യസൗന്ദര്യം ആസ്വദിക്കാന്‍ “എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍’

ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വന്യ സൗന്ദര്യം  ആസ്വദിക്കാനായി വനംവകുപ്പിന്റെ പുതിയ പദ്ധതി. എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍ എന്ന പേരിലാണ് വനം വന്യജീവി വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പശ്ചിമഘട്ട നിരയിലെ മൂന്നാര്‍ മുതല്‍ ചിന്നാര്‍ വരെയുള്ള വശ്യസുന്ദരമായ വിവിധ സ്ഥലങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഏകദിനയാത്രയാണ് “എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍’. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 29ന് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.വി.സുബേമണിയന്‍ മൂന്നാറില്‍ നിര്‍വഹിക്കും.

ഇരുപതുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ എയര്‍ കണ്ടീഷന്‍ ബസ് സജ്ജമായി കഴിഞ്ഞു. മൂന്നാറില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന യാത്ര ആദ്യം എത്തുക പശ്ചിമഘട്ടത്തിലെ അപൂര്‍വ്വയിനം ജീവികളായ വരയാടുകളുടെയും നക്ഷത്ര ആമകളുടെയും സങ്കേതമായ ഇരവികുളം ദേശീയ ഉദ്യാനത്തിലാണ്.
ഇവയ്ക്ക് പുറമേ ഒരു വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കുറിഞ്ഞി കാഴ്ചയും ആസ്വദിക്കാം. തുടര്‍ന്ന് ലക്കം വെള്ളച്ചാട്ടത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇരവികുളത്തു നിന്നുള്ള അരുവി കാണാം. ഉച്ചയോടെ ചിന്നാര്‍ വന്യജീവിസങ്കേതത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് സംരക്ഷിത വന മേഖലയിലൂടെ സഞ്ചരിക്കാം. വന്യ ജീവികളെ അടുത്തറിയാം. പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച ശേഷം വൈകുന്നേരം ആറു മണിയോടെ യാത്ര മൂന്നാറില്‍ അവസാനിക്കും. യാത്രയില്‍ ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടിന്‍ കേന്ദ്രമായ രാജമല, കുറിഞ്ഞി പാടങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് വനം വകുപ്പ് അറിയിച്ചു.

Explore wild munnar -Forest Ac busവനംവകുപ്പിന്റെ കീഴില്‍വരുന്ന ആനമുടി ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മൂന്നാര്‍, മറയൂര്‍ മേഖലയിലെ ആദിവാസി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളുടെ ശാക്തീകരണം തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിമൂലം ലക്ഷ്യമിടുന്നുണ്ട്.പദ്ധതി വിജയകരമായാല്‍ കൂടുതല്‍ വാഹനങ്ങളും കുമ്പളയ്ക്ക് സമീപമുള്ള പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലേക്കും പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഓഫീസില്‍നിന്നാണ് എക്‌സ്‌പ്ലോറര്‍ വൈല്‍ഡ് മൂന്നാര്‍ യാത്ര തുടങ്ങുന്നത്. വിവിധ സ്ഥലങ്ങളിലെ പ്രവേശനഫീസും ഭക്ഷണവുമുള്‍പ്പെടെ 750 രൂപയാണ് യാത്രയുടെ നിരക്ക്. വിദേശികള്‍ക്ക് 1050 രൂപ. വൈല്‍ഡ്‌ലൈഫിന്റെ മൂന്നാര്‍ ഓഫീസിലും രാജമല അസി.വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസിലും യാത്രയ്ക്കുള്ള പേരുകള്‍ റിസര്‍വ്‌ചെയ്യാം.
ഫോണ്‍: 04865 231587, 9447431905, 04865 208255

You must be logged in to post a comment Login