വന്‍ വിഷമദ്യ ദുരന്തം; ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യത

ലക്‌നൗ: ഉത്തര്‍പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും അതിര്‍ത്തി ജില്ലകളില്‍ വന്‍ വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരാണ് മരിച്ചത്. ഖുഷിനഗറില്‍ മൗനി അമാവാസി മേള എന്ന ഉത്സവപരിപാടിയില്‍ പങ്കെടുക്കാനെത്തി വിഷമദ്യം കഴിച്ചവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വീട്ടിലുണ്ടാക്കിയ വിഷമദ്യം കഴിച്ച് 12 പേര്‍ മരിച്ചു. എട്ട് പേര്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരാണ് വിഷമദ്യം കഴിച്ചതെന്നാണ് അനുമാനം. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത.

ആദ്യം സഹാരണ്‍പൂരിലാണ് അവശനിലയില്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നതിന് പിന്നാലെ സമീപസ്ഥലങ്ങളില്‍ നിരവധിപ്പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു തുടങ്ങി. ഇവരില്‍ പലരുടെയും ആരോഗ്യനില വഷളാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. തൊട്ടടുത്ത ശര്‍ബത് പൂര്‍ ഗ്രാമത്തിലും മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ അവശനിലയില്‍ ആശുപത്രിയിലാകുകയും ചെയ്തു. ഉമാഹിയിലും സമീപഗ്രാമങ്ങളിലും നിന്നായി ഉച്ചയോടെ മരിച്ചവരുടെ എണ്ണം പതിനാറായി.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വീട്ടിലുണ്ടാക്കിയ വ്യാജമദ്യം കഴിച്ചാണ് 12 പേര്‍ മരിച്ചതെന്നാണ് അനുമാനം. സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മരിച്ചവര്‍ക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും സഹായധനം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

You must be logged in to post a comment Login