വഫയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നോട്ടീസ് നൽകി

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ച പശ്ചാത്തലത്തിൽ വഫയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഫിറോസ് നോട്ടീസ് നൽകി. വഫയ്ക്ക് നൽകിയ വിവാഹമോചന നോട്ടീസിന്റെ പകർപ്പ് വെള്ളൂർകോണം മഹല്ല് കമ്മിറ്റിക്കും നൽകി.

മുസ്ലിം മതാചാര പ്രകാരം 2000 ഏപ്രിൽ 30 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവർക്ക് 16 വയസുള്ള മകളുമുണ്ട്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ വഫയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് വിവാദമായ കാറപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ ഈ സമയത്ത് വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കിലാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബഷീർ മരിച്ചിരുന്നു. ഇതിന് പിന്നാലെ വഫയ്‌ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. വഫ ഫിറോസ് വിവാഹമോചിതയാണെന്നായിരുന്നു ഒരു വാദം. ഉന്നത തലങ്ങളിൽ വഫയ്ക്ക് ബന്ധങ്ങളുണ്ടെന്നും ആക്ഷേപം ഉയർന്നു. ഇതിന് പിന്നാലെ ആരോപണങ്ങളെയെല്ലാം തള്ളി വഫ രംഗത്തെത്തി. താൻ വിവാഹമോചിതയല്ലെന്നും അപകടമുണ്ടായ സംഭവത്തിൽ ഭർത്താവിന്റേയും ബന്ധുക്കളുടേയും ഉൾപ്പെടെ പിന്തുണയുണ്ടെന്നായിരുന്നു വഫ പറഞ്ഞത്.

You must be logged in to post a comment Login