വയനാട്ടിലെ_മീശപ്പുലിമലയിൽ_കുറുമ്പാലക്കോട്ട

 

ഈ പ്രാവിശ്യം വയനാട്ടിലേക്ക് വണ്ടി കയറിയത് കസിന്റെ കല്ല്യാണം കൂടാന് വേണ്ടിയായിരുന്നു. കോട്ടയത്ത് നിന്ന് കയറുമ്പോഴേ ഒരു യാത്രാ സ്വപ്നം മനസ്സില് ഉണ്ടായിരുന്നു. വയനാടിന്റെ മീശപ്പുലിമലയായ കുറുമ്പാലക്കോട്ടയിലെ സൂര്യോദയം കാണണം. വയനാട്ടിലെത്തി കല്ല്യാണം അടിപൊളി ആയിട്ട് കൂടി. പക്ഷേ ചില കാരണങ്ങളാല് കുറുമ്പാലക്ക് പോക്ക് നടക്കില്ല എന്ന് തോന്നി. അല്ലേലും എന്റെ യാത്രാ സ്വപ്നങ്ങള് ഒന്നും നടക്കാറില്ല അവസാന സമയം എന്തേലും പണി വരും. ഇതും അത് പോലെ ആയിരിക്കും എന്ന് വിചാരിച്ച് നിരാശയോടെ കമ്പളക്കാട് ഉള്ള അങ്കിളിന്റെ വീട്ടിലെത്തി. ചുമ്മാ ഗൂഗിള് മാപ്പ് എടുത്ത് അവിടെ നിന്ന് കുറുമ്പാലക്കോട്ടക്ക് ഉള്ള ദൂരം നോക്കി, 7 KM. പിന്നെ ഒന്നും നോക്കിയില്ല വൈകുന്നേരം അങ്കിളിന്റെ മുമ്പില് കാര്യം അവതരിപ്പിച്ചു. അങ്കിള് യുട്യൂബില് കയറി കുറച്ച് വീഡിയോസും ഫോട്ടോസും കാണിച്ച് തന്നു. ഒരു പ്രതീക്ഷയോടെ ഞാന് റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ അങ്കിള് വന്ന് പറഞ്ഞു. രാവിലെ നേരത്തെ എണീക്കണം നമ്മക്ക് പോയേക്കാന്ന്. രാവിലെ 5 മണിക്ക് അലാറം വെച്ചിട്ട് കിടന്നു. മനസ്സില് അതിരില്ലാത്ത സന്തോഷം കൊണ്ടാവണം രാത്രി ഉറക്കം നടന്നില്ല. രാവിലെ എണീറ്റ് ഒരു കട്ടനടിച്ച് ഞാനും അങ്കിളും സ്കൂട്ടറില് യാത്ര ആരംഭിച്ചു. യാത്രക്കിടയില് എനിക്ക് ചെറിയ തണുപ്പ് തോന്നി തുടങ്ങിയിരുന്നു ജാക്കറ്റ് എടുത്തത് കൊണ്ട് രക്ഷപ്പെട്ടു. 6 മണിക്ക് മുന്പെ കുറുമ്പാല മലയ്ക്ക് താഴെയുള്ള കമ്പര്ഷന് മുക്കിലെത്തി. ഇനി മുകളിലേക്ക് ഭഗി എസ്റ്റേറ്റിന്റെ അരികില് കൂടിയുള്ള മണ്ണ് റോഡിലേക്ക് സ്കൂട്ടര് കയറ്റി. പൊളിഞ്ഞ് കിടക്കുന്ന റോഡ് ആയതിനാല് വണ്ടി കുറച്ച് കയറിയപ്പോ അരികില് വെച്ചിട്ട് ഞങ്ങള് നടക്കാന് ആരംഭിച്ചു. സമയം വൈകിയതിനാല് പിന്നിട് ഒരൊറ്റ നടപ്പായിരുന്നു. യാത്രക്കിടയില് ബൈക്ക് ആയാസപ്പെട്ട് മുകളിലേക്ക് കയറ്റുന്ന റൈഡേഴ്സിനെയും ഒരു ക്ഷീണവും വകവയ്ക്കാണ്ട് സൂര്യോദയം കാണാന് മല കയറുന്ന സ്ത്രികളെയും കാണാമായിരുന്നു. മലമലമുകളില് കുടിയേറ്റ കുടുംബങ്ങളും, കുറേയേറെ, ആദിവാസി കുടുംബങ്ങളും ജീവിക്കുന്ന മേഖലയാണ്….. ഏകദേശം 2 KM നടന്ന് അങ്ങനെ മുകളിലെത്തി. വെള്ളം കയ്യില് കരുതാന് മറന്നതുകൊണ്ട് മുകളിലത്തിയപ്പോ ഞങ്ങള് മടുത്ത് പോയി. പക്ഷേ കുറുമ്പാല മലയിലെ ആ കാഴ്ച കണ്ടപ്പോള് മല കയറിയ ക്ഷീണം മാറി. മേഘ കൂട്ടങ്ങള്ക്കിടയില് നിന്നും സൂര്യന് ഉദിച്ച് വരുന്നു. ആ കാഴ്ച കണ്ട് ഞാന് കുറച്ച് സമയം നിന്ന് പോയി. പതുക്കെ ദൂരെയുള്ള മലകളും തെളിഞ്ഞ് വരുന്നു. ചുറ്റിലും മേഘ കൂട്ടങ്ങള് ആരും കാണാന് കൊതിക്കുന്ന കാഴ്ച. കുറുമ്പാലകോട്ടയില് നിന്ന് നോക്കിയാല് ബാണാസുര മലനിരകൾ മുതല് മക്കിമലയുടെയും ബ്രഹ്മഗിരി മലനിരകളുടെയും വിശാലമായ നാഗര്ഹോള വനമേഖലയുടെയും വിദൂര ദ്യശ്യങ്ങള് കാണാം.


ഒരു കാലത്ത് ഈ മല ഏതോ ഒരു കുറുമ്പപാലകന്റെ(രാജാവ് ) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനാകാം വയനാടിന്റെ ഒത്ത നടക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്. വയനാടിന് നടുക്കിട്ട ഉയരമുള്ള പീഠമാണ് ഈ മല. അതില് കയറി നിന്ന് നോക്കുമ്പോള് മലകള്ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം. കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള് തീര്ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്ക്കുന്ന പാറകളിലൂടെ ഊര്ന്നിറങ്ങി വേണം അതിനിരകിലെത്താന്. സ്വാതന്ത്ര സമരകാലത്ത് ബ്രട്ടീഷുകാരില് നിന്നും രക്ഷ നേടുന്നതിനു വേണ്ടിയുള്ള പഴശ്ശിരാജയുടെ ഒളിത്താവളമായിരുന്നു കുറുമ്പാല മല എന്ന് പറയപ്പെടുന്നു.. പഴശ്ശി ഒളിച്ചു താമസിച്ചു എന്ന് കരുതപ്പെടുന്ന ഗുഹകളും മലയില് കാണാം. കുറുമ്പാലക്കോട്ട സാഹസികര്ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പ ദൂരം നടക്കാമെന്നുള്ള ആര്ക്കും ഇൗ മല കയറാം. ഇപ്പോള് മലമുകളില് വരെ വണ്ടികളില് ചെന്നത്താം. കുറുമ്പാലക്കോട്ടയിലെ സൂര്യോദയം ഒന്ന് കാണേണ്ടത് തന്നെയാണ്. ഏകദേശം 2 മണിക്കൂറോളം കുറുമ്പാലകോട്ടയിലെ സൗന്ദര്യം ആസ്വദിച്ചു നടന്നു. ഒപ്പം കുറുമ്പാലയുടെ സൗന്ദര്യം ക്യാമറയില് പകര്ത്താനും മറന്നില്ല. അങ്ങനെ നടക്കില്ല എന്നു വിചാരിച്ച ഒരു യാത്രാ സ്വപ്നം നിറവേറിയ സന്തോഷത്തില് ഞങ്ങള് മലയിറങ്ങി.
ഞാന് പോയ റൂട്ട് ഒപ്പം ചേര്ക്കുന്നു.
കല്പ്പറ്റ – കമ്പളക്കാട് – പള്ളിക്കുന്ന് – കമ്പര്ഷന്മുക്ക് – ഭഗി എസ്റ്റേറ്റിന്റെ അരികിലുള്ള വഴിയെ നേരെ മുകളിലേക്ക്..

You must be logged in to post a comment Login