വയനാട് ചുരത്തിലെ സാഹസിക യാത്ര; വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കും

വയനാട് ചുരത്തിലെ സാഹസിക യാത്രയിൽ വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനം. ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്ന് ആർടിഒ എൻഫോഴ്‌സ്‌മെന്റ് പി എം ഷബീർ പറഞ്ഞു.

വയനാട് ചുരത്തിൽ സാഹസികമായി വണ്ടിയോടിച്ച സംഭവത്തിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാൻ ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. ഇന്ന് 12 മണിക്ക് മുമ്പാകെ കോഴിക്കോട് ചേവായൂരിലുള്ള ആർടിഒ ഓഫീസിൽ വാഹന ഉടമയോട് ഹാജരാവാൻ നിർദേശം നൽകിയെങ്കിലും, ഹാജരായില്ല. 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് വാഹന ഉടമയ്ക്ക് വീണ്ടും നോട്ടീസ് നൽകും.

മൂവാറ്റുപുഴ രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ ഉടമ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നിലവിൽ പ്രചരിക്കുന്ന ദൃശ്യത്തിന്റെ കാലപ്പഴക്കം സംബന്ധിച്ചും കൂടുതൽ പരിശോധന മോട്ടോർ വാഹന വകുപ്പ് നടത്തും.

കഴിഞ്ഞ ദിവസം രാത്രിയാണ് കാർ ഡിക്കിയിൽ നിന്ന് കാൽ പുറത്തിട്ട് വയനാട് ചുരത്തിൽ യുവാക്കൾ സാഹസിക യാത്ര നടത്തിയത്.
കെഎൽ31സി7367 രജിസ്ട്രേഷനുള്ള കാറാണ് നിയമം ലംഘിച്ച് സാഹസിക പ്രകടനം നടത്തിയത്. ഡിക്കി തുറന്ന് അപകടപരമായ രീതിയിൽ സഞ്ചരിക്കുകയും രണ്ട് പേർ അതിലിരുന്ന് പ്രകോപനപരമായ രീതിയിൽ ചേഷ്ടകൾ കാണിക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവരികയും ചർച്ചയാകുകയും ചെയ്തിരുന്നു.

You must be logged in to post a comment Login