വയനാട് യത്തീംഖാനയിലെ പീഡനം: കെണിയൊരുക്കിയത് ഫോട്ടോയും വീഡിയോയും കാട്ടിയെന്ന് പി.കെ ശ്രീമതി എം.പി


കല്‍പറ്റ: വയനാട്ടിലെ ഓര്‍ഫനേജ് സ്‌കൂളിലെ പെണ്‍കുട്ടികളെ പ്രതികള്‍ പീഡനത്തിനിരയാക്കിയത് പെണ്‍കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയാണെന്ന് പി.കെ ശ്രീമതി എം.പി. പ്രതികളുടെ ഭീഷണിക്ക് വഴങ്ങി പല തവണ പെണ്‍കുട്ടികള്‍ക്ക് ഇവരുടെ പീഡനത്തിന് ഇരയാകേണ്ടി വന്നതായും അവര്‍ പറഞ്ഞു. പെണ്‍കുട്ടികളെ സന്ദര്‍ശിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി.

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചുകൊണ്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് രാവിലെ വന്നിരുന്നു. സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്‌സോ അടക്കം പതിനൊന്ന് കേസുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സ്‌കൂളിന് സമീപത്തെ രണ്ട് കടയിലും വിദ്യാര്‍ഥിനികളെ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. സ്ഥാപനത്തിന് സമീപത്തുള്ളവരാണ് പിടിയിലായവരെല്ലാം. പീഡനത്തിനിരയായ പെണ്‍കുട്ടികളെ ഇന്ന് ഗ്രൂപ്പ് കൗണ്‍സിലിങ്ങിന് വിധേയമാക്കും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടികളെ പ്രത്യേകം കൗണ്‍സിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവന്നത്. ഗ്രൂപ്പ് കൗണ്‍സിലിങ്ങിനുകൂടി കുട്ടികളെ വിധേയരാക്കുന്നതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.

ഓര്‍ഫനേജ് സ്‌കൂളിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഏഴ് വിദ്യാര്‍ഥിനികളാണ് സ്‌കൂളിന് തൊട്ടടുത്തുള്ള കടയില്‍വച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്കും ഉച്ചഭക്ഷണത്തിന് പോകുന്ന വഴിക്കും പെണ്‍കുട്ടികളെ പ്രതികള്‍ മിഠായി നല്‍കി കടയില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

You must be logged in to post a comment Login