വരയ്ക്കാനും എഴുതാനും പാടാനും പാടില്ലാത്ത മത ചിഹ്നങ്ങൾ ഏതൊക്കെയാണു സാർ…

കെ.എം സന്തോഷ്‌കുമാര്‍

കാര്‍ട്ടൂണ്‍ അവാര്‍ഡ് വിഷയത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നയം വ്യക്തമാക്കിയപ്പോള്‍ , കണ്‍ഫ്യൂഷന്‍ കൂടിയല്ലോ സാറേ. കന്യാസ്ത്രീ പീഡന കേസില്‍ പ്രതിയായ ഫ്രാങ്കോയെ ( ഈ മഹാന്‍ ഇപ്പോഴും ബിഷപ്പാണ് കേട്ടോ ) കാര്‍ട്ടൂണിന് വിഷയമാക്കിയതല്ല , അംശവടി എന്ന മത ചിഹ്നത്തെ അതില്‍ ഉപയോഗിച്ചതാണ് മന്ത്രിക്ക് മന: ക്ലേശ മുണ്ടാക്കിയത് എന്നാണ് വിശദീകരണം. വടിയും അതിന്റെ മുകളറ്റത്തുള്ള വരയുമെല്ലാം ഇങ്ങനെയിങ്ങനെയൊക്കെയാണ് എന്നുള്ളത് , അതായത് കവി ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്ന് വിശകലനം ചെയ്ത് വിധി പ്രസ്താവം നടത്തിയിട്ടുള്ളത് മെത്രാന്മാരുടെ സംഘടനയാണെന്നതും ഓര്‍ക്കണേ. കെ സി ബി സി യുടെ വിലയിരുത്തലില്‍ കാര്‍ട്ടൂണിലുള്ളത് മത ചിഹ്നമായതിനാല്‍ അതിനു നല്കിയ അക്കാദമി അവാര്‍ഡ് പിന്‍വലിക്കുക മാത്രം പോര മാപ്പും പറയണമെന്ന് അവര്‍ പറയുന്നു.

കാള പെറ്റല്ലോ എന്നാല്‍ പിന്നെ താമസിക്കേണ്ട കയറെടുത്തു പാഞ്ഞു മന്ത്രി. വിളംബര മുണ്ടായി ഉടന്‍ , അവാര്‍ഡ് പുന:പരിശോധിക്കുമത്രേ. പുന:പരിശോധനാ ഹര്‍ജികളുടെ സീസണ്‍ ആണല്ലോ കുറേ നാളായിട്ട്. അതാവാം ഇത്ര തിടുക്കത്തിലൊരു പുന:പരിശോധനാ പ്രഖ്യാപനം വന്നത്. അല്ല സാറേ ഇതിലൊരു ഔചിത്യമില്ലായ്മ ഇല്ലേ ? ധാര്‍മ്മികതയും ആവിഷ്‌കാരസ്വാതന്ത്യ പ്രശ്‌നവുമൊക്കെ മാറ്റി നിര്‍ത്തിയാലും എന്തോ ചില സങ്കീര്‍ണതകള്‍ ഉണ്ടല്ലോ അവാര്‍ഡ് നിര്‍ണയം പുന:പരിശോധിക്കുന്നതില്‍. ജൂറികള്‍ പാരിതോഷികം വാങ്ങി പക്ഷപാതപരമായാണ് മൂല്യനിര്‍ണയം നടത്തി എന്നതാണെങ്കില്‍ ശരി. ക്രമക്കേട് അന്വേഷിക്കാവുന്നതാണ്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ചിലപ്പോള്‍ ആരോപണങ്ങള്‍ കേള്‍ക്കാറുള്ളതു പോലെ. ഇത് അങ്ങനെയല്ലല്ലോ? അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട എന്‍ട്രികളില്‍ നിന്ന് പൊതുസമ്മതരും കഴിവുറ്റ വരുമായ ജൂറി അംഗങ്ങള്‍ പരിശോധിച്ച് നടത്തിയ ഫലപ്രഖ്യാപനം പിന്നീടെങ്ങനെ പുന:പരിശോധിക്കും? സര്‍ക്കാരിന് അതിന് അധികാരമുണ്ടോ? അങ്ങനെയൊരു കീഴ്‌വഴക്കമുണ്ടോ? അതോ ജൂറി ഫല പ്രഖ്യാപനം നടത്തിയാലും അന്തിമ വിധി ഭരിക്കുന്ന സര്‍ക്കാരിന്റെ ആയിരിക്കും എന്നൊരു ക്ലോസ് അവാര്‍ഡിന് കാര്‍ട്ടൂണുകള്‍ ക്ഷണിച്ചപ്പോള്‍ പറഞ്ഞിരുന്നോ? കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങി എല്ലാ അവാര്‍ഡുകള്‍ക്കും ഈ സര്‍ക്കാര്‍ തല പുന:പരിശോധന ബാധകമാണോ ? അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുക, ഉടനെ ഏതെങ്കിലും ജാതി- മത സംഘടന അതിലൊരു അപ്രിയം ആരോപിക്കുക; അപ്പോള്‍ അവാര്‍ഡ് നിര്‍ണയം പുന:പരിശോധിക്കുക എന്ന ഒരു സ്ഥിര ആചാരം ഭാവിയില്‍ പ്രതീക്ഷിക്കാമോ? ഇന്‍ഡ്യയില്‍ ജാതി – മത – പുരോഹിത സംഘടനകള്‍ എത്രയെണ്ണമുണ്ടെന്ന് കണക്കെടുക്കണമെങ്കില്‍ ഒരു വലിയ സര്‍വ്വേ നടത്തേണ്ട സ്ഥിതിയാണുള്ളത് എന്ന് നമുക്കറിയാമല്ലോ. ഇതിലേതെങ്കിലും ഒരെണ്ണം, ഇതാ ഇത് ഞങ്ങളുടെ വിശ്വാസത്തെ മുറിപ്പെടുത്തി എന്ന് പറഞ്ഞാലുടന്‍ പുന: പരിശോധക്കിറങ്ങിയാല്‍ സ്ഥിതി എന്താകും എന്ന് ഊഹിക്കാമല്ലോ. പറയുന്നത്ര എളുപ്പമല്ല സാറേ അത്. പുലിവാലു പിടിച്ചല്ലോ.

ഈയുള്ളവന്റെ പ്രധാനസംശയമിതിലൊന്നുമല്ല കേട്ടോ. മത ചിഹ്നം വരച്ചതാണ് പുകിലുണ്ടാക്കിയത് എന്നാണല്ലോ അങ്ങ് അരുളിയത്. ഏതൊക്കെ ചിഹ്നങ്ങള്‍ പരാമര്‍ശിക്കാം ഏതൊക്കെ തൊട്ടുകൂടാ എന്നുള്ള പട്ടിക കൈവശമുണ്ടോ. ഉണ്ടെങ്കില്‍ അതൊന്നു പ്രസിദ്ധപ്പെടുത്തിയാല്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കുമൊന്നും ഇനി ഇമ്മാതിരി കുഴപ്പം ഉണ്ടാകാതെ നോക്കാമല്ലോ എന്നോര്‍ത്ത് ചോദിക്കുന്നതാണ്. ക്രിസ്ത്യന്‍ മത സംബന്ധമായിട്ടാണെങ്കില്‍ ഇപ്പറയുന്ന അംശവടി മുതല്‍ കുരിശ് ,പുല്‍ക്കൂട്, ആട്,ആട്ടിടയന്മാര്‍, നക്ഷത്രം തുടങ്ങി കുറേയേറെ സംഗതികള്‍ വിശ്വാസവുമായ് ബന്ധപ്പെട്ടതാണ്. ഇസ്ലാം മതവുമായ് ബന്ധപ്പെട്ടാണെങ്കില്‍ നിലാവ് മുതല്‍ മുഖാവരണം വരെ വിശ്വാസ സംബന്ധമായ വിഷയങ്ങള്‍ ആണ്. സിഖ് മതത്തിന് തലപ്പാവ് മുതല്‍ കൃപാണം വരെ കുറേ സംഗതികള്‍… അവാര്‍ഡ് ലഭിക്കുന്നതിനുള്ള തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയുള്ളവര്‍ക്ക് ഈ മതങ്ങളെ സംബന്ധിച്ച ഇക്കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു വയ്ക്കാവുന്നതോ, കുറിച്ചു വയ്ക്കാവുന്നതോ ആണ്. കാരണം എണ്ണത്തില്‍ അത്രയധികമൊന്നും വരില്ല.

പക്ഷേ ഹിന്ദു മതത്തിലേക്കെത്തുമ്പോള്‍ കളി മാറുവേ. മത്സ്യം,കൂര്‍മ്മം മുതല്‍ പാമ്പ്, പരുന്ത്, എലി ,ആന, പുലി തുടങ്ങിയ ജന്തു ഗണങ്ങള്‍, തുളസി, താമര, കൂവളം, ആല്‍മരം തുടങ്ങി സസ്യ – വൃക്ഷ – ലതാദികള്‍ ബഹു ഭൂരിപക്ഷവും ഗംഗ ,പമ്പ തുടങ്ങിയ ഒട്ടേറെ നദികള്‍ ,വീണ ,പുല്ലാങ്കുഴല്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ വാള്‍ മുതല്‍ അസ്ത്രം വരെയുള്ള ആയുധങ്ങള്‍ എന്തിനേറെ സൂര്യന്‍ മുതല്‍ ശനി വരെയുള്ള ഗ്രഹങ്ങള്‍ അടക്കം പ്രപഞ്ചത്തിലെ ഏതാണ്ടെല്ലാം തന്നെ ഹൈന്ദവ വിശ്വാസ സംബന്ധമായ് വരുമല്ലോ. ഇതിലേതെങ്കിലും ഒന്ന് പരാമര്‍ശിക്കാതെ വരയും വാക്കും സാധ്യമാകുമോ എന്ന് ബഹുമാന്യനായ മന്ത്രി ഒന്നു പറഞ്ഞു തരാമോ? കലാകാരന്മാരെയും സര്‍ഗശേഷികൊണ്ട് ജീവിച്ചു പോകുന്നവരേയും ഏടാകൂടത്തിലാക്കുന്ന, മത ചിഹ്ന പുന:പരിശോധനാ പ്രഖ്യാപനത്തിന് മുമ്പ് മന്ത്രി ഇതൊക്കെയൊന്ന് ആലോചിക്കേണ്ടിയിരുന്നില്ലേ?

ഭഗവാന്‍ കാലു മാറുന്നു, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് മുതല്‍ സമീപ നാളുകളിലുണ്ടായ കിത്താബ് നാടക വിവാദം വരെ ഉണ്ടായത് വിശ്വാസവും മതവും സംബന്ധിച്ചായിരുന്നല്ലോ. മീശക്ക് പിടിച്ച തീ മറക്കാറായിട്ടില്ലല്ലോ. എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍, ദീപാ മേത്തയുടെ ഫയര്‍, അമീര്‍ഖാന്‍ നായകനായ പി കെ, കമലഹാസന്റെ വിശ്വരൂപം, സജ്ഞയ് ലീലാ ബെന്‍സാലിയുടെ പദ്മാവതി ഇങ്ങനെ ഒട്ടേറെ ചലച്ചിത്രങ്ങള്‍…. അങ്ങനെയങ്ങനെ എത്രയെത്ര സര്‍ഗാവിഷ്‌ക്കാരങ്ങള്‍ വര്‍ഗീയ – മതമൗലീക വാദികളുടെ ഭീഷണികള്‍ക്ക് വിധേയമായി. ആ ഘട്ടങ്ങളിലൊക്കെ രാജ്യമെമ്പാടുമുള്ള കലാ- സാഹിത്യ- ജനാധിപത്യ പുരോഗമന ശക്തികളുടെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് പലപ്പോഴും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് പിന്‍വാങ്ങേണ്ടിയും വന്നിട്ടുണ്ട്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യ വിഷയം ചര്‍ച്ചയാകുമ്പോഴൊക്കെ എല്ലാവരും ഒരാശങ്ക പങ്കു വയ്ക്കാറുണ്ട്, നിര്‍മാല്യത്തിലെ വെളിച്ചപ്പാടിന് ഇന്നാണെങ്കില്‍ ദേവീ വിഗ്രഹത്തിലേക്ക് തുപ്പാന്‍ കഴിയുമോ എന്നത്. രണ്ട് ഹര്‍ത്താലുകള്‍ എങ്കിലും ഇന്നാണെങ്കില്‍ കിട്ടും ഉറപ്പ്. ആവിഷ്‌ക്കര്‍ത്താവിന് തടി കേടാകുകയും ചെയ്യും. ഒപ്പം ചോദിക്കാനേറെയുണ്ട്, ഭഗവത് ഗീതയും കുറേ മുലകളും എന്ന് സാഹിത്യ സുല്‍ത്താന്‍ ബഷീറിന് സ്വന്തം രചനക്ക് പേരിടാന്‍ പറ്റുമോ? ഒരു പ്രഫഷണല്‍ നാടകത്തിന്റെ പേര്, വിഷ സര്‍പ്പത്തിന് വിളക്കു വയ്ക്കരുത്, എന്നായിരുന്നു. ഇന്നാണെങ്കില്‍ സര്‍പ്പമെന്നതിന് പകരം പാമ്പിന് എന്നെങ്കിലും മാറ്റേണ്ടി വരുമെന്ന് തീര്‍ച്ച! സര്‍ഗചേതനയ്‌ക്കെതിരായ മതമൗലിക – വര്‍ഗീയ കടന്നാക്രമണങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിരോധങ്ങള്‍ ജനാധിപത്യ പുരോഗമന പക്ഷത്തുനിന്ന് അതാത് ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അങ്ങനെയാണ് കേരളം തലയുയര്‍ത്തി നിന്നിട്ടുള്ളത്. പലപ്പോഴും ഇടതു പക്ഷ ശക്തികള്‍ ആ പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പമുണ്ടായിരുന്നു. ആ ചരിത്രത്തില്‍ നിന്ന് തിരിഞ്ഞു നടക്കരുത് ബഹുമാനപ്പെട്ട മന്ത്രിയും സര്‍ക്കാരും എന്നു മാത്രമാണ് ഓര്‍മ്മിപ്പിക്കാനുള്ളത്. മതത്തിന്റെയോ അതില്‍ ഒരു വിഭാഗത്തിന്റെയോ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാരും ഇടതുപക്ഷവും കീഴടങ്ങുന്നത് അഭികാമ്യമോ? അത് ആയുധമാക്കി ശക്തിയാര്‍ജിക്കുന്നത് മറ്റൊരു വിഭാഗമായിരിക്കും എന്നത് മറക്കരുതാത്ത രാഷ്ട്രീയ പാഠമാണ്. മത ശക്തികള്‍ ഒരു വിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ അവര്‍ക്ക് മറ്റൊരു രഹസ്യ അജണ്ട ഉണ്ടായിരിക്കും എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഓര്‍ക്കുക, താല്‍ക്കാലിക ലാഭത്തിനായുള്ള ചില ഒത്തുതീര്‍പ്പുകള്‍ക്ക് വലിയ വില നല്‌കേണ്ടി വരുമെന്നത്. നിര്‍ഭയമായ മനസോടെ ആടാനും പാടാനും പറയാനും വരയ്ക്കാനും എഴുതാനും കഴിയുന്ന ഒരു സമൂഹത്തിനു മാത്രമേ ചലനാത്മകത ഉണ്ടാകൂ.

സ്വാതന്ത്യത്തെ കുറിച്ചുള്ള വാക്‌ധോരണിയും നവോത്ഥാന ചരിത്രത്തിന്റെ ഓര്‍ത്തെടുക്കലും ഇടതു പക്ഷ മൂല്യ നിലപാടുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഒന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് താത്കാലിക അതിജീവനത്തിനുള്ള തൊടുന്യായങ്ങളല്ല. അതവരുടെ ഹൃദയപക്ഷത്തിന്റെ കൊടിയടയാളം തന്നെ ആവണം. ഇല്ലെങ്കില്‍ ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും.

You must be logged in to post a comment Login