വരിക യാത്രികാ അവസാനഗ്രമാത്തിലേക്ക്

വള്ളികുന്നം രാജേന്ദ്രന്‍

ഹിന്ദുസ്ഥാന്‍ കാ ലാസ്റ്റ് ഷോപ്പ്’ഇന്ത്യാസ് ലാസ്റ്റ് പോസ്റ്റ് ഓഫീസ് -പിന്‍ 246422.
ഇത്തരം ബോര്‍ഡുകള്‍ എവിടെയാണ് കാണുക ? സംശയിക്കേണ്ട ….
ഇന്ത്യയുടെ വടക്കേയറ്റത്ത്. തിബത്തുമായി അതിര്‍ത്തി പങ്കിടുന്ന
വടക്കുകിഴക്കന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ വടക്കേയറ്റത്തുള്ള മാനാഗ്രാമത്തില്‍.

 

പുരാണങ്ങളില്‍ ഈ ഗ്രാമം മണിഭഭ്രപുരം എന്നറിയപ്പെടുന്നു. മാനാഗ്രാമത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ കയറിനിന്ന് നോക്കിയാല്‍ തിബറ്റുകാണാം. ഇവിടുത്തെ ജനസംഖ്യ അഞ്ഞൂറില്‍ താഴെ. തെഹ്‌രിയിലെ രാജാവിന്റെ കടുത്ത ശിക്ഷ ഭയന്ന് പലായനം ചെയ്ത ക്ഷത്രിയരാണ് മാനായിലെ ജനസമൂഹമെന്ന് വിശ്വസിക്കുന്നു. ഒപ്പം മംഗോളിയള്‍ നാടോടികളും ഇവിടേക്ക് മലയിറങ്ങിയെത്തും. ആറുമാസക്കാലമേ മാനായില്‍ ജനവാസമുള്ളൂ. കടുത്ത മഞ്ഞുവീഴ്ചയാരംഭിക്കുമ്പോള്‍ ബദരിക്കും താഴെയുള്ള പാണ്ഡുകേശ്വറിലേക്കോ ഗോവിന്ദ്ഘട്ടിലേക്കോ താമസം മാറ്റും. മലയിറങ്ങി താഴേയ്ക്ക് പോകുന്നതിനു മുന്‍പ് അത്യാവശ്യം ചില ജോലികള്‍ ചെയ്തുതീര്‍ക്കുവാനുണ്ട്. ബദരീനാഥ് ക്ഷേത്രത്തിലെ നരനാരായണന്‍മാര്‍ക്ക് കെടാവിളക്കിനുള്ള തിരി തെറുത്തുണ്ടാക്കണം. അതിനൊരു കന്യക വേണം. കന്യക തെറുത്തുണ്ടാക്കുന്ന തിരി ആറുമാസം നിന്നുകത്തും.
1963-ല്‍ ചൈനീസ് പട്ടാളം മാനാഗ്രാമവും സമീപപ്രദേശങ്ങളും കൈയ്യടക്കി. അപ്രതീക്ഷിതമായ സൈനിക നീക്കത്തിനു മുന്‍പില്‍ ഇന്ത്യ അമ്പരന്നുപോയി. ഇന്ത്യന്‍ കരസേനയ്ക്ക് ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. ദുര്‍ഘടമായ ഹിമാലയന്‍ പാതകള്‍ താണ്ടിയുള്ള സേനാമുന്നേറ്റം അത്ര എളുപ്പമല്ല. അത്ഭുതമെന്നു പറയട്ടെ, ചൈനീസ് പട്ടാളത്തിന് അതിര്‍ത്തി ദേശം വിട്ട് പെട്ടെന്ന് പിന്മാറേണ്ടിവന്നു. കാരണം ഇപ്പോഴും അജ്ഞാതം. ഇവിടെ പ്രകൃതി മഹാരഹസ്യങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുന്നു. നമുക്ക് അപ്രാപ്യമായ ഗുഹകളില്‍ തപം ചെയ്യുന്ന സന്യാസിമാരുടെ ആത്മീയശക്തിയ്ക്കു മുന്‍പില്‍ ചൈനീസ് പടയാളികളുടെ ആത്മവീര്യം കെട്ടുപോയെന്ന് മാനായിലെ പഴമക്കാര്‍ ഊറ്റംകൊള്ളുന്നു.

മാനാഗ്രാമം ഇന്തോതിബത്തന്‍ ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്. കര്‍ശനമായ സുരക്ഷാനിരീക്ഷണത്തിലൂടെ വേണം നിങ്ങള്‍ക്കീ ഗ്രാമത്തില്‍ പ്രവേശിക്കുവാന്‍. ഉയരത്തില്‍ നില്‍ക്കുന്ന ഒരു ബോര്‍ഡ് സഞ്ചാരികളെ സ്വാഗതം ചെയ്യും. ‘കിറശമ െഘമേെ ഢശഹഹമഴല ങമിമ’. താഴെ അളകനന്ദ കലങ്ങി ഒഴുകുന്നുണ്ട്. നദികളില്‍ ഏറ്റവും സുന്ദരിയാണ് അളകനന്ദ. പാറക്കെട്ടുകളില്‍ തലതല്ലി നുരയും പതയുമായി നാണിച്ച് പരന്നൊഴുകുന്ന ഈ ഹിമാലയസുന്ദരിയുടെ യാത്ര നമ്മളില്‍ ആന്തരികമൂകത സമ്മാനിക്കും.
മാനാഗ്രാമം വേദഭൂമിയാണ്. ഇതിഹാസം പിറന്ന സ്ഥലരാശി. വാഹനമിറങ്ങി ഗ്രാമത്തിലേയ്ക്കുള്ള യാത്ര ചെറുപാതയിലൂടെയാണ്. മലകയറ്റം ആരംഭിക്കുമ്പോള്‍ നാം കിതച്ചുതുടങ്ങും. പ്രാണവായു കുറവാണ്. സമുദ്രനിരപ്പില്‍ നിന്നും നമ്മള്‍ ഇപ്പോള്‍ 10133.5 അടി ഉയരത്തിലാണ്. ഇരുവശത്തും ചെറുവീടുകള്‍. പാറയുടെ അടരുകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ അതിജീവനത്തിന്റെ സാക്ഷ്യപത്രങ്ങള്‍. മഞ്ഞുപുതച്ചുകിടക്കുന്ന മലനിരകളില്‍ കുത്തിക്കയറുന്ന ഹിമക്കാറ്റില്‍ ജീവിക്കുവാന്‍ ധൈര്യം കാട്ടിയ മനുഷ്യരുടെ ഇച്ഛാശക്തിയ്ക്ക് ഒരു ബിഗ് സല്യൂട്ട്. നടന്നുനടന്ന് നമ്മളൊരു ഗുഹാമുഖത്തെത്തും. വെറുമൊരു ഗുഹയല്ല. കൃഷ്ണദ്വൈപയാനന്‍ തപം ചെയ്ത മഹാഗുഹ. ഇവിടെയിരുന്നാണ് ലോകഇതിഹാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമെന്നു കരുതുന്ന മഹാഭാരതം ചമച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എഴുതാനിരിക്കുമ്പോള്‍ ഏകാഗ്രത വേണം. ഏകാന്തതയുടെ അമാവാസിക്ക് ഈ ഗുഹ അത്യുത്തമം. ഒരു തുണ്ടുഭൂമിക്കുവേണ്ടി സഹോദരപുത്രന്‍മാര്‍ നടത്തിയ മഹായുദ്ധം എഴുതിയവസാനിപ്പിക്കുവാന്‍ നിശബ്ദത വേണം. വേദവ്യാസന്‍ കുരു ജീവിതം എഴുതുവാനിരുന്നു. ഭുജ വൃക്ഷത്താളുകളില്‍. ഹിമാലയത്തില്‍ കാണുന്ന ഒരുതരം വൃക്ഷമാണിത്. ഇതിന്റെ തൊലിയില്‍ എഴുതിസൂക്ഷിക്കാം. കാലങ്ങളോളം കേടുകൂടാതിരിക്കും. കേട്ടെഴുതുവാന്‍ ബ്രഹ്മനിയോഗമനുസരിച്ച് ഗണപതിയെത്തി. ഗണപതിയ്ക്കിരിക്കുവാന്‍ താഴെ മറ്റൊരു ഗുഹ. ഒരു ലക്ഷത്തിലധികം ശ്ലോകങ്ങള്‍ കാലത്തിന്റെ വിരിമാറിലേക്ക് പിറന്നുവീണു. തര്‍ക്കിക്കുവാനും പോരാടുവാനും ഒരു മഹാകൃതി. മഹാഭാരതം പിറന്ന ഗുഹാമുഖത്തു നില്‍ക്കുമ്പോള്‍ നാം ഒരു നിമിഷം നിശബ്ദരാകും. ഗുഹയ്ക്കകത്ത് വേദവ്യാസപ്രതിമ. ഗുഹാമുഖത്ത് ഇംഗ്ലീഷിലും ദേവനാഗിരി ഭാഷയിലും എഴുത്ത്.
‘ഠവശ െവീഹ്യ രമ്‌ല ശ െ5521 ്യലമൃ െീഹറ’
മുകളിലേക്ക് വീണ്ടും യാത്ര തുടരാം. ദൂരെ കുലപര്‍വ്വതങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നു. അമ്പോ, എന്തൊരു പൊക്കം ! യാത്ര ദ്വാപരയുഗത്തിലേക്കാണ്. നമ്മളിപ്പോള്‍ ഭീമന്‍ഭൂല അഥവാ ഭീമന്‍പാലത്തിനരികിലാണ്. പാണ്ഡവന്‍മാരുടെ മഹായാനം ഇതുവഴിയായിരുന്നു. സരസ്വതീ നദി കടന്നുപോകണം. പാഞ്ചാലിയെന്ന സുന്ദരിയ്ക്ക്, ജീവിതകാമനകള്‍ കാടലെടുത്ത പെണ്ണിന്, നദി കടക്കുവാനുള്ള കരുത്തില്ല. എന്നും ഇഷ്ടം സാധിച്ചുകൊടുക്കുവാന്‍ ഒരു പുരുഷനുണ്ടായിരുന്നു. മധ്യമപാണ്ഡവനായ ഭീമന്‍. രണ്ടാം ഊഴക്കാരന്‍. ഭീമന്‍ ഒരു വലിയ പാറയെടുത്ത് നദിക്ക് കുറുകെ സ്ഥാപിച്ചു. താല്ക്കാലികപാലം. സരസ്വതീനദി മുറിച്ചുകടന്ന് പാണ്ഡവന്മാരും പാഞ്ചാലിയും മഹായാത്ര തുടര്‍ന്നു. പാലത്തിനരികില്‍ ഭീമപാദങ്ങള്‍. പാറപ്പൊക്കി പാലമൊരുക്കിയ വായൂപുത്രന്റെ കാല്‍പ്പാദങ്ങള്‍. തൊട്ടടുത്ത് സരസ്വതീനദി. ഒരു ഗുഹയില്‍ നിന്നും ആര്‍ത്തിരമ്പിയെത്തുന്ന മഹാനദി മറ്റൊരു ഗുഹയില്‍ ആഞ്ഞുപതിക്കുന്നു. അവിടെനിന്ന് അപ്രത്യക്ഷയാകുന്നു. വേദങ്ങളിലും ഇതിഹാസങ്ങളിലും പരന്നൊഴുകുന്ന ഈ പുണ്യനദി, ഹിമാലയ പര്‍വ്വതത്തിലെ ഹിമാനിയില്‍ നിന്നും ഉത്ഭവിച്ച് എവിടേക്കാണ് അപ്രത്യക്ഷയാകുന്നത് ?
ഭൗമശാസ്ത്രജ്ഞന്മാര്‍ ഉപഗ്രഹപഠനങ്ങളുടെ സഹായത്തോടെ സരസ്വതീനദിയുടെ സഞ്ചാരപഥങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഹരിയാനയിലൂടെയും രാജസ്ഥാനിലൂടെയും ഒഴുകി അറബിക്കടലില്‍ പതിച്ച ഈ കാലവാഹിനി ചരിത്രത്തിന്റെ ദശാസന്ധികളിലെപ്പോഴോ വറ്റിപ്പോയി. ഒരു ഭൂകമ്പമോ, ഭൂഭ്രംശമോ മതി ഏതു നദിയും വറ്റിപ്പോകാം. നദിയുടെ നനുത്ത തീരങ്ങള്‍ പിന്നീട് മരുഭൂമിയാകും.

ഭീമന്‍ഭൂലയ്ക്കടുത്ത് സരസ്വതീദേവിയുടെ ഒരു ചെറുക്ഷേത്രം. നദിയെ അതിന്റെ ഉത്ഭവസ്ഥാനത്ത് ചെന്നാരാധിക്കുന്ന ഭാരതീയന്റെ സാംസ്‌കാരികാവബോധം. ഇതിനടുത്താണ് ഭാരതത്തിന്റെ വടക്കേയറ്റത്തുള്ള അവസാനത്തെ പോസ്റ്റ് ഓഫീസ്. പിന്‍ – 246422.
മാനാ ഒരു ചെറുഗ്രാമമാണ്. നാഗരികതയുടെ പ്രലോഭനങ്ങള്‍ കൂടുതലായി കടന്നുചെല്ലാത്ത അപൂര്‍വ്വം ഗ്രാമങ്ങളിലൊന്ന്. ഇതിഹാസസ്മരണകളില്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഗ്രാമം. ഉരുളന്‍കിഴങ്ങുകളും പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നു. പുരുഷന്‍മാര്‍ കൃഷിക്കുപുറമേ ചെറുഷോപ്പുകളും നടത്തി ഉപജീവനം തേടുന്നു. സരസ്വതീക്ഷേത്രത്തിനു സമീപമുള്ള ഷോപ്പുടമയെ പരിചയപ്പെട്ടു. പഴയൊരു മലയാള പത്രത്തിന്റെ വാരാന്തപ്പതിപ്പ് ഞങ്ങള്‍ക്കു മുന്‍പില്‍ നിവര്‍ത്തിയിട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ് ഒരു മലയാളി സഞ്ചാരി മാനാഗ്രാമം സന്ദര്‍ശിച്ചതിന്റെ ഫീച്ചര്‍റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് എഴുതിയ കാലത്ത് കടയുടമയുടെ മകന്‍ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ അയാള്‍ അമേരിക്കയില്‍ ജോലിനോക്കുന്നു. കട നല്ല ലാഭത്തിലാണ്. ആറുമാസം സഞ്ചാരികള്‍ക്കായി തുറന്നിടും. പിന്നീട് മലയിറങ്ങി സുഖജീവിതം. മാനാഗ്രാമം ടൂറിസത്തിന്റെ സാദ്ധ്യതകളേയും ഉപയോഗപ്പെടുത്തുകയാണ്.

മാനാഗ്രാമം പര്‍വ്വതാരോഹര്‍ക്ക് പ്രിയമുള്ളിടമാണ്. ഇവിടെനിന്നും നീലകണ്ഠ, ഛൗഖംബ തുടങ്ങിയ കൊടുമുടികള്‍ കീഴടക്കുവാനുള്ള യാത്രയാരംഭിക്കാം. സഞ്ചാരികള്‍ അല്പം റിസ്‌ക്കെടുക്കുവാന്‍ തയ്യാറാണെങ്കില്‍ അനുപമമായ ഒരു വെള്ളച്ചാട്ടവും കാണുവാന്‍ കഴിയും. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വസുധര വെള്ളച്ചാട്ടം. ഇവിടെ അഷ്ടവസുക്കള്‍ തപം ചെയ്തുവെന്ന് വിശ്വസിക്കുന്നു. വെള്ളച്ചാട്ടത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ പ്രകൃതിയുടെ മഹാലീലകള്‍ക്കു മുന്‍പില്‍ നമ്മള്‍ വിനയാന്വിതരാകും. എന്തൊരഴകാണിത്. ദേവഗണങ്ങള്‍ പോലും ഭൂമി തേടി വന്നുവെങ്കില്‍ എന്താണതിശയം! കല്പവൃക്ഷങ്ങളും അപ്‌സരസുന്ദരികളും വാടാമലരികളും ഗാനഗന്ധര്‍വ്വന്‍മാരും നിറഞ്ഞ സ്വര്‍ഗം വിട്ട് ഭൂമിതേടി വന്ന ദേവഗണങ്ങള്‍ക്ക് മറ്റൊരു സ്വര്‍ഗമൊരുക്കിയ ഹൈമഭൂമിയിലെ ഉന്നതതടങ്ങള്‍ ആരെയാണ് പ്രലോഭിപ്പിക്കാത്തത് ! സ്വര്‍ലോകസുന്ദരികള്‍ ഭൂമിയിലെ സുന്ദരന്‍മാരെ സ്വന്തമാക്കുവാന്‍ ആഗ്രഹിച്ചുവെങ്കില്‍ എന്താണ് തെറ്റ് !
ബദരിനാഥിനും മാനാഗ്രാമത്തിനും ബുദ്ധമതവുമായി ബന്ധമുണ്ടായിരുന്നു. ശങ്കരാചാര്യര്‍ കാല്‍നടയായി ദക്ഷിണദേശത്തു നിന്നും ഇവിടെയെത്തി ബദരിയിലെ തകര്‍ന്നുകിടന്ന ക്ഷേത്രം പുനരുദ്ധരിച്ചു. കേരളത്തില്‍ നിന്നും പുരോഹിതന്‍മാരെ കൊണ്ടുവന്നു പൂജാക്രമങ്ങള്‍ നിശ്വയിച്ചു. ഇന്നും ബദരിനാഥിലെ പൂജാരിമാര്‍ മലയാള ബ്രാഹ്മണന്‍മാര്‍ തന്നെ. റാവല്‍ എന്ന പേരില്‍ അവര്‍ അറിയപ്പെടുന്നു. കൃത്യമായി പറഞ്ഞാല്‍ മലയാളികളുടെ ആദ്യത്തെ ആത്മീയാധിനിവേശം. അതോടെ മാനാഗ്രാമത്തിലെ ബുദ്ധമതയടയാളങ്ങള്‍ ഒലിച്ചുപോയി. ചരിത്രം ഇങ്ങനെയാണ്. ഒന്നും എന്നും ഒരുപോലെയായിരിക്കില്ല.
പണ്ട് ഇവിടെനിന്നും ആളുകള്‍ കൊടുമുടികള്‍ താണ്ടി തിബത്തിലേക്കും അവിടെനിന്നും ഇവിടേക്കും വരുമായിരുന്നു. പുതിയ അതിര്‍ത്തികളും രാഷ്ട്രസങ്കല്‍പ്പങ്ങളും കാവല്‍പ്പുരകളും രൂപപ്പെട്ടതോടെ മനുഷ്യരുടെ ദേശാന്തരഗമനങ്ങളും തടയപ്പെട്ടു. മാനാ ഇന്ത്യയിലെ അവസാനഗ്രാമമായി മാറി.

You must be logged in to post a comment Login