വരുന്നു… മാരുതിയുടെ ഇന്ധനക്ഷമമായ കാറുകള്‍

ഇന്ധനക്ഷമത ആയിരുന്നു ഒരുകാലത്ത് മാരുതി കാറുകളുടെ മുഖമുദ്ര. ഹോണ്ടയും ഹ്യുണ്ടായും അടക്കമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇന്ധനക്ഷമമായ വാഹനങ്ങളുമായി രംഗത്തെത്തിയതോടെ ഈ രംഗത്തെ മാരുതി സുസുക്കിയുടെ പ്രതാപത്തിന് മങ്ങലേറ്റു. മൈലേജിന്റെ കാര്യത്തിലുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തി മറ്റുനിര്‍മ്മാതാക്കള്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നത് കണ്ടുനില്‍ക്കാന്‍ മാരുതി സുസുക്കി തയ്യാറല്ല. ഇന്ധനക്ഷമതയ്ക്ക് ഒന്നാം സ്ഥാനം നല്‍കുന്ന കാര്‍ ഉപഭോക്താക്കളുള്ള ഇന്ത്യ അടക്കമുള്ള വിപണികളിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരുകൂട്ടം പുതിയ എന്‍ജിനുകളുടെ പണിപ്പുരയിലാണ് മാരുതി സുസുക്കി. ചിലവുകുറഞ്ഞ ഹൈബ്രിഡ് സാങ്കേതികവിദ്യയും ചെറുകാറുകള്‍ക്കുവേണ്ടിയുള്ള ഇന്ധനക്ഷമതയുള്ള ഡീസല്‍ എന്‍ജിനുകളുമാണ് ഇവയില്‍ പ്രധാനം.
ബെസ്റ്റ് സെല്ലര്‍ കാറുകളില്‍ ഒന്നായ സ്വിഫ്റ്റിനുവേണ്ടിയാണ് ചിലവുകുറഞ്ഞ ഹൈബ്രിഡ് സാങ്കേതികവിദ്യ മാരുതി സുസുക്കി വികസിപ്പിക്കുന്നത്. സ്വിഫ്റ്റില്‍ വിജയമെന്നുകണ്ടാല്‍ മറ്റുകാറുകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കും. ഹൈബ്രിഡ് മാരുതി സ്വിഫ്റ്റ് 2017 ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ചിലവുകുറഞ്ഞ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ് മിഷന് (എ.എം.ടി) സമാനമായ ചെലവുകുറഞ്ഞ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി വികസിപ്പിക്കുന്നതെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് സ്വിഫ്റ്റിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.
ഹൈബ്രിഡ് കാറുകളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവയുടെ എന്‍ജിനുകള്‍ ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ജപ്പാനില്‍നിന്ന് സുസുക്കിയുടെ ഹൈബ്രിഡ് എന്‍ജിനുകള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുമെങ്കിലും ചിലവേറുമെന്നതിനാല്‍ അതേക്കുറിച്ച് തത്കാലം അതേ ചിന്തിക്കുന്നില്ല. ചാര്‍ജിങ് സ്റ്റേഷനുകള്‍ അടക്കമുള്ള സംവിധാനങ്ങളുടെ അഭാവമുള്ളതുനാല്‍ വൈദ്യുത കാറുകള്‍ ഇന്ത്യയില്‍ ഇറക്കുന്നകാര്യവും പരിഗണനയില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് ഹൈബ്രിഡ് കാറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വിഫ്റ്റ് റേഞ്ച് എക്സ്റ്റന്റര്‍ എന്നപേരില്‍ ഒരു ഹൈബ്രിഡ് വാഹനം 2014 ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. 658 സി സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും വൈദ്യുത മോട്ടോര്‍ കരുത്ത് പകരുന്ന ഈ വാഹനത്തിന് 48.2 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നായിരുന്നു മാരുതി സുസുക്കിയുടെ അവകാശവാദം.
സെലേറിയോ അടക്കമുള്ള ചെറുകാറുകള്‍ക്കുവേണ്ടി ഒരു 800 സി സി ഡീസല്‍ എന്‍ജിനും മാരുതി സുസുക്കി വികസിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എന്‍ജിനാവും ഇതെന്നാണ് മാരുതി അവകാശപ്പെടുന്നത്. നിലവിലുള്ള ഒരുലിറ്റര്‍ കെ സീരീസ് എന്‍ജിനെ അടിസ്ഥാനപ്പെടുത്തി മറ്റൊരു ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും മാരുതി സുസുക്കി വികസിപ്പിക്കുന്നുണ്ട്.

You must be logged in to post a comment Login