വരുമാനത്തിനും ഭംഗിക്കും അലങ്കാരമത്സ്യങ്ങള്‍

ഒരു ഹോബിയായി അലങ്കാര മത്സ്യം വളര്‍ത്തല്‍ തുടങ്ങിയവര്‍ പലരും ഇന്ന് നല്ലൊരു വരുമാന മാര്‍ഗ്ഗമായി അതിനെ കണ്ടുതുടങ്ങിയിരിക്കുന്നു. മാനസിക ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന നല്ലൊരു തൊഴില്‍ മേഖലയാണ് അലങ്കാര മത്സ്യവളര്‍ത്തല്‍. അല്പമൊന്ന് ശ്രദ്ധിച്ചാല്‍, നിങ്ങള്‍ വെറുതെ കളയുന്ന സമയം വേണ്ടവണ്ണം വിനിയോഗിച്ചാല്‍ അലങ്കാരമത്സ്യം വളര്‍ത്തല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. മത്സ്യങ്ങളുടെ പ്രജനനരീതി, അവയ്ക്കു നല്‍കേണ്ട തീറ്റ, ഓരോന്നിന്റെയും പ്രത്യേക ശീലങ്ങള്‍, ഇനം എന്നിവ തിരിച്ചറിയാനായാല്‍ മത്സ്യക്കൃഷി ആരംഭിക്കാം.

കേരളത്തില്‍ അലങ്കാര മത്സ്യകൃഷി പതിയെ വ്യാപിച്ചു വരികയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ടെറസിലെ ടാങ്കുകളാണ് പലരും മീന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്കാണ് ഭൂരിഭാഗം മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങളുടെയും ചുക്കാന്‍. കുസാറ്റിലെ സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് പുതിയയിനം അലങ്കാര മത്സ്യങ്ങള്‍ ജനിതക വിദ്യയിലൂടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ലോകബാങ്ക് പദ്ധതിയാണ് ഇത്.

gold fish

കേരളത്തിലെ നദികളിലും അരുവികളിലും കാണപ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന വര്‍ണമത്സ്യങ്ങളെ കണ്ടെത്താനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ 126 ഇനങ്ങള്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 65 ഇനങ്ങള്‍ക്ക് അലങ്കാര മത്സ്യങ്ങള്‍ക്കാവശ്യമായ എല്ലാ ഗുണങ്ങളുമുണ്ട്. വിഷം കലക്കിയുളള മീന്‍ പിടിത്തം, കീടനാശിനി പ്രയോഗം, ഫാക്ടറിയിലെയും മറ്റും മലിനജലം നദികളിലേയ്ക്ക് ഒഴുകിയിറങ്ങുന്നത് ഇവയൊക്കെ ഈ മത്സ്യസമ്പത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

പ്രകൃതി സമ്പത്ത് വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതിനിടയില്‍ ഇത്തരം വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി പരിപോഷിപ്പിയ്ക്കാന്‍ ആരും ശ്രമിക്കുന്നില്ല.  തൊഴിലിന്റെ നിര്‍വചനങ്ങള്‍ മാറുകയും തൊഴില്‍ദായകന്റെ വേഷം സര്‍ക്കാര്‍ അഴിച്ചു വയ്ക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സാധ്യതകളാണ് യുവാക്കള്‍ക്ക് പ്രയോജനപ്പെടേണ്ടത്.

You must be logged in to post a comment Login