വര്‍ണശബളമായ ചിത്രശലഭം പോലെ

  • സമദ് കല്ലടിക്കോട്

ഫോട്ടോഗ്രാഫി വിനോദം എന്നതിലുപരി ഒരു സാംസ്‌ക്കാരിക പ്രവര്‍ത്തനം കൂടിയാണ്. ഓരോ ക്ലിക്കും സജീവവും വര്‍ണ്ണാഭവുമാക്കുന്നതില്‍ ഒരു ഫോട്ടോഗ്രാ ഫര്‍ക്കുണ്ടായിരിക്കേണ്ട മിടുക്കാണ് അയാളെ വ്യത്യസ്തനാക്കുന്നത്. കഥ പറയുന്ന തായിരിക്കണം ചിത്രങ്ങള്‍. മനസ്സിന് സംതൃപ്തി പകരുന്ന മനോഹര ചിത്രങ്ങളെടു ക്കുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ എന്നത്തേയും നിയോഗം. നാലുപതിറ്റാ ണ്ടിലേറെയായി ക്യാമറയെ സന്തതസഹചാരിയാക്കിയ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി കെ.വി.വിന്‍സെന്റ് സജീവ ചര്‍ച്ചകള്‍ക്ക് വിധേയമായ നിരവധി ഫോട്ടോകളുടെയും ഹ്രസ്വചിത്രങ്ങളുടെയും ഉടമയാണ്. പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിച്ച ഈ കലാ പ്രവര്‍ത്തനം സമര്‍പ്പണത്തിന്റെ അടയാളമായി നിലകൊള്ളുന്നു.
ഫോട്ടോഗ്രാഫി ഇത്രയൊന്നും ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലാത്ത 1960-കളില്‍ ഫെഡ റേഷന്‍ ഓഫ് ഇന്ത്യന്‍ ഫോട്ടോഗ്രാഫിയുടെ സ്ഥാപക പ്രസിഡണ്ടായിരുന്ന ഡോ. ജി.തോമസ് കേരളത്തില്‍ ധാരാളം ക്യാമറ ക്ലബ്ബുകള്‍ രൂപീകരിച്ച് വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

അതില്‍ ഒന്നുമാത്രമേ ഇന്നും നിലനില്‍ക്കുന്നു ള്ളു. ‘ഇമേജ്’ഫോട്ടോഗ്രാഫിക് അസോസിയേഷന്‍. വര്‍ഷങ്ങളായി അതിന്റെ സെക്ര ട്ടറി സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞത് വിന്‍സെന്റിന് കിട്ടിയ പൊതുസ്വീകാര്യതയാണ്. ഫോട്ടോഗ്രാഫി എന്ന കലയിലും സാങ്കേതികവിദ്യയിലും തികഞ്ഞ അറിവനുഭവവും വൈദഗ്ദ്ധ്യവുമുണ്ട് വിന്‍സെന്റിന്. അനേകം പേര്‍ക്ക് അദ്ധ്യാപകനാണെങ്കിലും ഈ രംഗത്ത് ഇന്നും ഒരു വിദ്യാര്‍ത്ഥിയെപോലെ നല്ലൊരു അന്വേഷകനായി തുടരുന്നു. ഫോട്ടോഗ്രാഫിയിലെ പുതിയ വികാസപരിണാമങ്ങളെ കൗതുകപൂര്‍വ്വം നിരീക്ഷിക്കാ റുണ്ട്. വിസ്മയിപ്പിക്കുന്ന വര്‍ണസന്തുലനമാണ് ഇദ്ദേഹത്തിന്റെ പ്രകൃതി ചിത്രങ്ങള്‍ ക്ക്. ഈ പ്രായത്തിലും യാത്രയും നിരീക്ഷണപാടവവുമായി നടക്കുന്ന ഇദ്ദേഹം മയി ലുകളെ സംബന്ധിച്ച സൂക്ഷ്മപഠനത്തിലാണിപ്പോള്‍. പെണ്‍മയിലുകളെയും ആണ്‍ മയിലുകളെയും തിരിച്ചറിയുന്നത് അവയുടെ തലക്കുമീതെയുള്ള തവിട്ടുനിറത്തിലു ള്ള കൊച്ചുപീലികള്‍ നോക്കിയാണ്. പെണ്‍മയിലുകളുടെ തലക്കുമീതെ മാത്രമേ തവിട്ടുനിറം കാണു. മാത്രമല്ല, മനുഷ്യരുടെ വിരല്‍തുമ്പിലെ സൃഷ്ടി സവിശേഷത പോലെ ഓരോ മയിലിനും അവയുടെ തലയിലെ കൊച്ചുപീലികള്‍ക്ക് ഈ വൈജാ ത്യമുണ്ട്. എല്ലാ മയിലുകളുടെയും രൂപസാദൃശ്യം ഒന്നുതന്നെയായിരുന്നിട്ടും ഓരോ ന്നിനെയും വേറിട്ടുനിര്‍ത്തുന്ന ഘടകം ഇവക്കുണ്ടെന്നാണ് വിന്‍സന്റിന്റെ നിരീക്ഷണം.

ഫോട്ടോഗ്രാഫിയോട് ജിജ്ഞാസവേണം. ത്യാഗമനഃസ്ഥിതിയും ആര്‍ജ്ജവവും ഉണ്ടായിരിക്കണം. അനുദിനം വികസിക്കുന്ന, മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മേഖല യാണിത്. അവിടെ പുതുപരീക്ഷണങ്ങള്‍ക്ക് ഇന്നത്തെ തലമുറ ഒരുക്കമല്ല. ഫോട്ടോ ഗ്രാഫി എന്നല്ല, ഏത് സര്‍ഗ്ഗസൃഷ്ടിയും മൗലികതയും മനുഷ്യകേന്ദ്രീകൃതപ്രമേയവും വാചാലമായി കാണാനാണ് കാഴ്ചക്കാര്‍ മോഹിക്കുന്നത്. ഏതൊരു ആകര്‍ഷകമായ ദൃശ്യവും പാഴായിപോകരുതെന്ന നിര്‍ബന്ധ ബുദ്ധി യാണ് ഒരു ക്യാമറമാനെ മഥിക്കേണ്ടത്. പ്രകൃതി എന്ന അനുഭവത്തിന്റെ / കാഴ്ചയു ടെ വ്യത്യസ്ത കോണുകളിലാണ് ക്ലിക്കുകള്‍. വിന്‍സന്റിനെ സംബന്ധിച്ച് ഓരോ യാ ത്രയും ഓരോ പഠനമാണ്. വ്യത്യസ്തമായ കൗതുകങ്ങള്‍ കണ്ടെത്തുക, അത് ആര്‍ ക്കും അലോസരമാകാതെ തന്റെ ക്യാമറയില്‍ പകര്‍ത്തുക എന്നതാണ് രീതി. റവന്യു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് തൃശ്ശൂരില്‍നിന്ന് ആലത്തൂരിലെത്തിയതെങ്കിലും അന്നും ഇന്നും പ്രണയം ഫോട്ടോഗ്രാഫിയോടാണ്. കുറച്ചുകാലം അട്ടപ്പാടിയിലുണ്ടാ യിരുന്നു. തന്റെ നിരന്തരമായ കൗതുകങ്ങളുടെയും അന്വേഷണത്തിന്റെയും ഭാഗമാ യി വിന്‍സെന്റ് സ്വയം ചോദിച്ചുവാങ്ങിയതാണ് അട്ടപ്പാടിയിലെ ഉദ്യോഗമാറ്റം. കൗമാ രകാലം തൊട്ടേ കലാസാഹിത്യതല്‍പരതയുമുണ്ട്.

തന്റെ നാട്ടുകാരായ അന്തരിച്ച ടി.വി.കൊച്ചുബാവ, അശോകന്‍ ചരുവില്‍ എന്നീ എഴുത്തുകാരോടൊന്നിച്ച് സാഹി ത്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഖലീല്‍ ജിബ്രാന്റെതടക്കം അനേകം കവിതകള്‍ മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. അശോകന്‍ ചരുവിലിന്റെയും ടി.വി.കൊച്ചു ബാവയുടെയും മലയാള രചനകള്‍ ഇംഗ്ലീഷിലേക്കും ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയമായ ഉയര്‍ന്ന സമ്മാനതുകയുമായി വര്‍ഷംതോറും സം ഘടിപ്പിക്കുന്ന ഇന്‍സൈറ്റ് ഹ്രസ്വചലച്ചിത്രമേളയുടെ ഡയറക്ടര്‍ കൂടിയാണ്. കഴിഞ്ഞ 26 വര്‍ഷമായി പാലക്കാട് മേഴ്‌സി കോളേജില്‍ ഫോട്ടോഗ്രാഫി കോഴ്‌സ് നടത്തുന്നു. ഇമേജിന്റെ പേരില്‍ എല്ലാ ഡിസംബറിലും ഫോട്ടോഗ്രാഫി മത്സരവും പ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്. വിവിധ മേഖലയിലെ ഉന്നതദ്യോഗസ്ഥരും ഇമേജില്‍ അംഗങ്ങ ളായുണ്ട്. വിനോദവും വിജ്ഞാനവും എന്ന നിലക്ക് തുടങ്ങിയ ഫോട്ടോ താല്‍പര്യ ത്തെയാണ് വിന്‍സെന്റ് സൃഷ്ടിപരമായി ഉദ്ദീപിപ്പിക്കുന്നത്.

കണ്ണും മനസ്സും ഉടക്കിയ ദൃശ്യങ്ങള്‍ എത്ര പ്രയാസം സഹിച്ചാലും ക്യാമറയി ല്‍ പകര്‍ത്താനുള്ള ആഗ്രഹം വിന്‍സെന്റ് വിട്ടുകളയില്ല. വിശദവും ദീര്‍ഘവുമായ അനുഭവങ്ങളില്‍നിന്നുരിത്തിരിഞ്ഞവയാണ് ഓരോ ചിത്രവും. അവ നിശ്ചലമാണെങ്കിലും സര്‍ഗാത്മകമായ വശ്യത ആസ്വദിച്ചുമാത്രം എടുത്തവയാണെന്ന് ആര്‍ക്കും തോന്നും.

 

You must be logged in to post a comment Login