വഴിമാറിയത് 12 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡ്; അന്നും മൊഹാലി തന്നെ, ഇത്തവണ എതിരാളി മാറി

 

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. മൊഹാലിയില്‍ ഞായറാഴ്ച നടന്ന മല്‍സരത്തില്‍ റെക്കോര്‍ഡ് റണ്‍ചേസാണ് ഓസീസ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 358 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഓസീസിന് ആരും വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. മറുപടി ബാറ്റിങില്‍ രണ്ടു വിക്കറ്റിന് 12 റണ്‍സെന്ന നിലയിലേക്കു വീണതോടെ ഇന്ത്യ അനായാസം ജയിക്കുമെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഓസീസ് 47.5 ഓവറില്‍ ആറു വിക്കറ്റിന് ജയം പിടിച്ചെടുക്കുകയായിരുന്നു.

പീറ്റര്‍ ഹാന്‍ഡ്‌സോംബ് (117), ഉസ്മാന്‍ ഖ്വാജ (91), ആഷ്ടണ്‍ ടേര്‍ണര്‍ (84*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനെ അനായാസ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ പല റെക്കോര്‍ഡുകളും ഓസീസ് തങ്ങളുടെ പേരില്‍ കുറിക്കുകയും ചെയ്തു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റണ്‍ചേസാണ് ഓസീസ് നടത്തിയത്. ഇതിനു മുമ്പ് ഒരിക്കലും മറ്റൊരു ടീമും ഇത്രയും വലിയ വിജയലക്ഷ്യം ഇന്ത്യയില്‍ പിന്തുടര്‍ന്നു ജയിച്ചിട്ടില്ല. 2007ല്‍ ചിരവൈരികളായ പാകിസ്താന്‍ ഇന്ത്യക്കെതിരേ സ്ഥാപിച്ച റെക്കോര്‍ഡാണ് ഓസീസ് പഴങ്കഥയാക്കിയത്. അന്ന് 322 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക് ടീം പിന്തുടര്‍ന്നു ജയിച്ചത്.

2007ലും ഇന്ത്യക്കു നാണക്കേടുണ്ടാക്കിയത് മൊഹാലിയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷം അതേ വേദിയിലാണ് ഇന്ത്യക്കു മറ്റൊരു നാണക്കേട് കൂടി നേരിടേണ്ടിവന്നത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ റണ്‍ചേസെന്ന റെക്കോര്‍ഡ് കൂടിയാണ് ഓസീസ് തങ്ങളുടെ പേരില്‍ കുറിച്ചത്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ റണ്‍ചേസും ഇതു തന്നെ. 2006ല്‍ ഓസീസിനെതിരേ ദക്ഷിണാഫ്രിക്ക 435 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചതാണ് റണ്‍ചേസിലെ ലോക റെക്കോര്‍ഡ്.

2016ല്‍ ഓസീസിനെതിരേ തന്നെ ദക്ഷിണാഫ്രിക്ക 372 റണ്‍സും ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇംഗ്ലണ്ട് 361 റണ്‍സും 2013ല്‍ ഓസീസിനെതിരേ ഇന്ത്യ 360 റണ്‍സും പിന്തുടര്‍ന്നു ജയിച്ചതാണ് റണ്‍ചേസില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ളത്.

സ്വന്തം നാട്ടില്‍ ഏകദിനത്തില്‍ ഇന്ത്യക്കു നേരിട്ട തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായിരുന്നു മൊഹാലിയിലേത്. 201213നു ശേഷം ഇന്ത്യ നാട്ടുകാര്‍ക്കു മുന്നില്‍ തുടര്‍ച്ചയായി രണ്ട് ഏകദിനങ്ങളില്‍ തോറ്റിട്ടില്ല. അന്ന് പാകിസ്താനെതിരേയായിരുന്നു ഏകദിന പരമ്പരയില്‍ ഇന്ത്യ തുടരെ രണ്ടു പരാജയങ്ങളേറ്റുവാങ്ങിയത്.

അതേസമയം, ഏകദിനത്തില്‍ ഓസീസിന്റെ ഭാഗ്യവേദിയായി മാറുകയാണ് മൊഹാലി. ഇവിടെ തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലാണം കംഗാരുക്കൂട്ടം വെന്നിക്കൊടി പാറിച്ചത്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ ആറിലും ജയിക്കാന്‍ ഓസീസിനായിട്ടുണ്ട്.

You must be logged in to post a comment Login