വാക്കു പാലിച്ച് സുരേഷ് ഗോപി സിയാച്ചിനില്‍ മരിച്ച സൈനികന്റെ കുട്ടിയുടെ ചോറൂണിനെത്തി

suresh-gopi.ഗുരുവായൂര്‍: മരണം വരിച്ച സൈനികന്റെ കുടുംബത്തിന് നല്‍കിയ വാക്കു പാലിക്കാന്‍ സുരേഷ് ഗോപി എംപി ഇന്നലെ ഗുരുവായൂരിലെത്തി. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് മരിച്ച സുധീഷിന്റെ മകള്‍ ആറു മാസം പ്രായമായ മീനാക്ഷിയുടെ ചോറൂണില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.

ക്ഷേത്രത്തില്‍ രാവിലെ പത്തരയോടെയായിരുന്നു ചടങ്ങ്. മീനാക്ഷിയെ സുരേഷ് ഗോപിയുടെ മടിയിലിരുത്തി ബന്ധുക്കള്‍ ചോറൂണ് ചടങ്ങ് നടത്തി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കൊല്ലം മണ്‍റോ തുരുത്ത് കൊച്ചിടുക്കത്ത് സുധീഷ് സിയാച്ചിനില്‍ മരിച്ചത്. മകളെ കാണാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന സുധീഷിന്റെ മൃതദേഹമാണ് നാട്ടിലെത്തിയത്. അന്ന് ആശ്വസിപ്പിക്കാന്‍ എത്തിയപ്പോള്‍ സങ്കടങ്ങള്‍ പറഞ്ഞ കുടുംബത്തോട് കുട്ടിയുടെ ചോറൂണിന് താന്‍ എത്താമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുധീഷിന്റെ ഭാര്യ സാലു, അച്ഛന്‍ ബ്രഹ്മദത്തന്‍, അമ്മ പുഷ്പവല്ലി, സാലുവിന്റെ അച്ഛന്‍ സജീവന്‍, അമ്മ പ്രീജ എന്നിവരും ബന്ധുക്കളും ചോറൂണിനെത്തിയിരുന്നു. ദേവസ്വം ഭരണസമിതിയംഗം കെ. കുഞ്ഞുണ്ണി സുരേഷ് ഗോപിയെ സ്വീകരിച്ചു.

You must be logged in to post a comment Login