വാക്ക്-വഴി -കവിത

അയ്മനം റോഡിലുള്ള പാണ്ഡവത്തെ സജീവിന്റെ വീട്ടിലേക്ക്, കരിയിലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ നടക്കുമ്പോള്‍ സജീവിന്റെ ‘കരിയിലകള്‍’ എന്ന കവിതയായിരുന്നു ഓര്‍മ്മയില്‍.
‘കാറ്റുകൊണ്ടുപോകുന്നു;
മരങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും
ശിശിരത്തിന്റെ വിരലുകള്‍
തൊടുമ്പോള്‍
ഒന്നും ബാക്കിവെയ്ക്കാതെ’
ബിജു: മാധവിക്കുട്ടിയുടെ പേരിലുള്ള അവാര്‍ഡ്, സ്‌നേഹരഹിതമായ ഒരു കാലത്തെ കൃത്യമായി ബോധ്യപ്പെടുത്തിയ സജീവിന് ലഭിച്ചതിലുള്ള കൃതാര്‍ത്ഥതയായിരുന്നു എന്റെ മനസ്സുനിറയെ. അതുകൊണ്ടാണ് ഈ അവാര്‍ഡ് ലഭിച്ചപ്പോഴുണ്ടായ വിചാരങ്ങള്‍ എന്തൊക്കെ എന്നറിയുവാന്‍ ആഗ്രഹം.
സജീവ് = ഈ അവാര്‍ഡ് ലഭിച്ചതില്‍ എനിക്കേറെ സന്തോഷമുണ്ട്. എനിക്കു ലഭിച്ചു എന്നു പറയുന്നതിനേക്കാള്‍ പുതു കവിതയ്ക്കു പൊതുവായി കിട്ടിയ അംഗീകാരമായി കാണാനാണ് എനിക്കിഷ്ടം. ജാതിക്കും മതത്തിനുമപ്പുറം സ്‌നേഹത്തിന്റെ ഭാഷ തേടിയായിരുന്നു മാധവിക്കുട്ടിയുടെ എഴുത്തിന്റെ യാത്രയും.
”കാട്ടുതേന്‍ പോലാണെന്റെ സ്‌നേഹം
അതില്‍ വസന്തങ്ങള്‍
അലിഞ്ഞുചേര്‍ന്നിരിക്കുന്നു
ഈ വരികള്‍ മതിയല്ലോ അവരുടെ സ്‌നേഹം എന്തെന്നറിയാന്‍.
ഞങ്ങള്‍ വഴിയോരത്തുകൂടി നടന്നു പോകുമ്പോള്‍ വലിയ ചുറ്റുമതിലുകളുള്ള വീടുകള്‍. പണ്ടൊക്കെ ഇത്ര പൊക്കത്തില്‍ വീടിനു മതിലുകള്‍ ഉണ്ടായിരുന്നില്ല. ഇന്നു നാം സ്വയം തീര്‍ത്ത മതിലുകള്‍ക്കുള്ളിലാണ്.
– ഇപ്പോള്‍ സജീവിന്റെ ‘ചെമ്പരത്തികള്‍’ എന്ന കവിതയാണ് എന്റെ ഓര്‍മ്മയില്‍.
‘കൂട്ടുകാരന്റെ വീട്ടുമുറ്റം നിറയെ
ചെമ്പരത്തികള്‍ പൂത്തുനിന്നിരുന്നു
ഇന്നു കാണാനാകുന്നില്ല
കൂട്ടുകാരന്റെ വീടുപോലും’
= അതെ ബിജു, നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെ, അടുപ്പത്തിന്റെ, പങ്കിടലുമൊക്കെ ഉള്‍ച്ചേര്‍ന്ന നന്മകളുടെ ഒരു കാലം നമുക്കുണ്ടായിരുന്നു. ഇന്ന് അതൊക്കെ കാറ്റും വെളിച്ചവും കേറാത്ത മുറികള്‍പോലെ ആയിത്തീര്‍ന്നു മനുഷ്യമനസ്സുകള്‍. എത്ര പെട്ടെന്നാണ് നമ്മുടെ കാഴ്ചകള്‍ക്കു മീതേ ഓരോ മതിലും ഉയരുന്നത്. ‘ചെമ്പരത്തികള്‍’ അടഞ്ഞുപോകുന്ന അയല്‍പക്കബന്ധങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയിലും വേദനയിലും എഴുതിയതാണ്.
– അയ്മനം എന്ന ഗ്രാമത്തിന് വളരെ പ്രത്യേകതകളുണ്ട്. കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, വായനാശാലകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ ഇതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു വളര്‍ന്ന വലിയ എഴുത്തുകാര്‍ നമുക്കുണ്ട്. എന്‍.എന്‍. പിള്ള, കുടമാളൂര്‍ കരുണാകരന്‍ നായര്‍, അയ്മനം ജോണ്‍, കെ.ആര്‍. രമേശ്, ഉണ്ണി ആര്‍. തുടങ്ങി സര്‍ഗധനരായ എഴുത്തുകാരുടെ അജ്ഞാതമായ പ്രേരണകള്‍ ഇവിടെ എഴുതിത്തുടങ്ങുന്നവര്‍ക്ക് പ്രചോദനമാകുന്നുണ്ട്.
= ശരിയാണ് ബിജു, പുസ്തകങ്ങളുമായി കൂട്ടുകൂടിയ, വായനയുടെ ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസിലുണ്ട്. അയ്മനത്തെ വായനശാലയുടെ ജനലിലൂടെ നോക്കുമ്പോള്‍ അമ്പലക്കുളം കാണാമായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ മനസ്സ് വേദനിച്ചു നില്കുമ്പോഴാണ് അടുത്തു നില്ക്കുന്ന ആല്‍മരത്തില്‍ കാറ്റ് താളം പിടിച്ചു കടന്നുപോകുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് വന്നപ്പോള്‍ അമ്പലക്കുളം ഓര്‍മ്മയായി.
ഞാന്‍ കോട്ടയത്ത് ഒരു കൊറിയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് അയ്മനം ജോണിന്റെ പേരില്‍ വന്ന ഒരു പാഴ്‌സല്‍ എന്റെ കൈയില്‍ കിട്ടുന്നത്. ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച ജോണ്‍ സാറിന്റെ ‘ക്രിസ്മസ് മരത്തിന്റെ വേര്’ എന്ന ആദ്യ കഥാസമാഹാരമായിരുന്നു അത്. കവര്‍ തുറന്നുനോക്കി സാര്‍ പറഞ്ഞു: ഞാന്‍ ഇന്നലെ മുതല്‍ ഇതു പ്രതീക്ഷിക്കുകയായിരുന്നു. കഥകള്‍ വായിച്ചിട്ടുണ്ടെങ്കിലും ജോണ്‍ സാറിനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ”കാമ്പസിലെ മരക്കൊമ്പുകള്‍ വെട്ടിവീഴ്ത്തുന്ന ശബ്ദങ്ങളില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ കടന്നുപോയ പ്രഭാതം.” കഥയിലെ ഈ വരികള്‍ എന്റെ മനസില്‍ പതിഞ്ഞുകിടന്നിരുന്നു. കഥയാണെങ്കിലും ക്രിസ്മസ് മരത്തിന്റെ വേര് കവിതയായി തോന്നിയിരുന്നു. അടുത്ത നാളില്‍ വായിച്ച ‘പോസ്റ്റ്മാന്‍ പുലിയെ കണ്ട വളവ്’ ഇഷ്ടപ്പെട്ട കഥയാണ്.
ഞങ്ങള്‍ മുന്നോട്ടു നടന്നു പോകേ, ദൂരെ എവിടെയോ ഒരു കുന്നിനെ ഇല്ലാതാക്കി മണ്ണെടുത്തുപോകുന്ന ഒരു ടിപ്പര്‍ ഞങ്ങളെ കടന്നുപോയി. അപ്പോള്‍ എന്റെ മനസ്സില്‍ സജീവിന്റെ ബുള്‍ഡോസര്‍ എന്ന ചെറിയ കവിത ഓര്‍മ്മ വന്നു.
”ഒരിക്കലും തീരാത്ത
നിന്റെ മാന്തു കണ്ടാതോന്നും
ഭൂമിയുടെ ആഴങ്ങളിലെങ്ങോ
ഒരു നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന്”
= നമ്മുടെ വയലും കുളവുമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എത്ര മനോഹരമായ ഭൂപ്രകൃതിയായിരുന്നു നമ്മുടെ ഗ്രാമത്തിന്. ഞാന്‍ നീന്തല്‍ പഠിച്ച കല്ലുമടയാറ് ഒരു കൈത്തോടു പോലെ ചുരുങ്ങിയിരിക്കുന്നു.
ഞങ്ങള്‍ അയ്മനം കവലയില്‍ എത്തിയപ്പോള്‍ വായനശാലയുടെ ചുവരില്‍ മതതീവ്രവാദത്തിനെതിരെയുള്ള പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നതു കണ്ടു. ഇന്നും നമുക്കു നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രതിരോധചിന്തകളുടെ അടയാളങ്ങള്‍.
– ഭയപ്പെടുത്തുന്ന ഒരു കാലത്തിലൂടെയാണ് നമ്മുടെ നാടു കടന്നുപോകുന്നത് അല്ലേ സജീവ്.
= പണ്ടു തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലത്തു ജാതി ചിന്ത പരസ്യമായി പ്രകടിപ്പിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. ഇന്നു പരിഷ്‌കൃതസമൂഹമായി വളര്‍ന്നപ്പോള്‍ ജാതിബോധം ഉള്ളില്‍ പേറുന്നവരായിത്തീര്‍ന്നു മനുഷ്യര്‍. അതുകൊണ്ടാണു രണ്ടുപേര്‍ തമ്മില്‍ കാണുമ്പോഴും പരിചയപ്പെടുമ്പോഴും അപരന്റെ ജാതി അറിയാനുള്ള വ്യഗ്രത ഒരാളുടെ ഉള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുന്നത്. സ്‌കൂളിലാണെങ്കിലും നാട്ടിലെ കളിയിടങ്ങളിലാണെങ്കിലും കൊച്ചുകുട്ടികള്‍ പോലും പരസ്പരം ചോദിക്കുന്നതു കേട്ടിട്ടുണ്ട്. അവര്‍ അമ്പലക്കാരാണോ, പള്ളിക്കാരാണോ എന്ന്.
നവോത്ഥാനമൂല്യങ്ങള്‍ കൊണ്ടുവന്ന മുന്നേറ്റവും അതിന്റെ വെളിച്ചവും ഓരോന്നായി അണഞ്ഞുകൊണ്ടിരിക്കുന്നു. പകരം നമ്മള്‍ പുറത്താക്കിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ മനുഷ്യനന്മയില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കണം. കലയും സാഹിത്യവുമൊക്കെ ഈ വഴിയില്‍ കൈകോര്‍ത്തു നില്ക്കണം.
– നമ്മുടെ ചിന്തകള്‍ക്കു തീ പിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ സജീവ്. സച്ചിദാനന്ദന്‍, കെ.ജി.എസ്. കടമ്മിട്ട, എ. അയ്യപ്പന്‍, ചുള്ളിക്കാട്, കുരീപ്പുഴ തുടങ്ങിയവരുടെ കവിതകളിലൂടെയും നോവലുകളും കഥളുമായ് ആനന്ദ്, ഒ.വി. വിജയന്‍ ചിന്തകള്‍ക്കു പുതിയ വെളിച്ചം പകര്‍ന്ന് എം.എന്‍. വിജയന്‍, അരവിന്ദന്റെയും ജോണ്‍ ഏബ്രഹാമിന്റെയും സിനിമകള്‍…
= അതെ, പണ്ടൊക്കെ ഓരോ ഗ്രാമത്തിലും സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളുമൊക്കെ ധാരാളമുണ്ടായിരുന്നു. ഇന്നതെല്ലാം പേരിനു മാത്രമായിരിക്കുന്നു. നമ്മുടെ നാട്ടില്‍ത്തന്നെ ഔസേഫ് ചിറ്റക്കാടിന്റെ നേതൃത്വത്തില്‍ സഹൃദയവേദി എത്രയോ കാലം നന്നായി പ്രവര്‍ത്തിച്ചിരുന്നു. രാത്രി വൈകിയും കഥയും കവിതയും ചരിത്രവുമൊക്കെ പറഞ്ഞിരുന്ന കാലം. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ നമ്മള്‍ സഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ കുടയംപടി എസ്.എന്‍.ഡി.പി. മൈതാനത്തു പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുമ്പോഴും പലരും സംശയം പറഞ്ഞു. ഇതൊക്കെ കാണാന്‍ ആള്‍ക്കാരുണ്ടാവുമോ? എന്നാല്‍ നമ്മളെ പോലും അമ്പരപ്പിച്ച് മൈതാനം നിറഞ്ഞുനിന്ന ആള്‍ക്കൂട്ടം, ആ സിനിമ കണ്ടു തീരുമ്പോള്‍ ഇങ്ങനെയും സിനിമയുണ്ടോ എന്നൊരു ഭാവം പല കണ്ണുകളിലും കണ്ടു.
ഞങ്ങള്‍ പ്രധാനവഴി കടന്ന് ഇടവഴിയിലൂടെ നടക്കുമ്പോള്‍ എസ്. ജോസഫിന്റെയും പവിത്രന്‍ തീക്കുനിയുടെയും അക്ബറിന്റെയും കവിതകള്‍ ഓര്‍മ്മ വന്നു.
– നാട്ടിന്‍പുറത്തിന്റെ അണിഞ്ഞൊരുങ്ങാത്ത ഒരു തനതു രീതി പുതുകവിതകളില്‍ നമുക്കു വായിച്ചുപോകാം അല്ലേ സജീവ്.
= അതെ, ജോസഫിന്റെ ‘കറുത്ത കല്ല്’ കലാകൗമുദിയില്‍ വായിക്കുമ്പോള്‍ അതൊരു പുതിയ അനുഭവമായിരുന്നു. ലളിതവും വ്യത്യസ്തവുമായ ഒരു ഭാഷയിലൂടെ ഭാവുകത്വപരമായ ഒരു മാറ്റമാണ് ആ കവിതയിലൂടെ തൊട്ടറിഞ്ഞത്. പുതുകവിത നമ്മുടെ ചുറ്റുമുള്ള ജീവിതത്തെ കാണാതെ പോകുന്നില്ല. ഒട്ടും ദുരൂഹമല്ലാതെ നേരെ പറയുന്നതാണ് അതിന്റെ രീതി. വാക്കുകളുടെ സൗന്ദര്യത്തിലല്ല അതിന്റെ ശ്രദ്ധ. അതുകൊണ്ടുതന്നെ പുതുകവിതയ്ക്ക് അതു കവിതയാകാതെ പോകുമോ എന്നു പേടിയുമില്ല. തെരുവുകളിലും ചന്തകളിലുമൊക്കെ കാണുന്ന മനുഷ്യരുടെ സങ്കടങ്ങളും സ്വപ്നങ്ങളും പകര്‍ത്തിവയ്ക്കാന്‍ അതു ശ്രമിക്കുന്നു. എം.ആര്‍. രേണുകുമാര്‍, ബിനു പള്ളിപ്പാട്, ബി.എസ്. രാജീവ്, എസ്. കലേഷ്, എം.സി. സുരേഷ് ഇവരുടെ കവിതകള്‍ നമ്മള്‍ പറഞ്ഞതുപോലെ അരികു പുറങ്ങളിലായിപ്പോയ മനുഷ്യരുടെ ജീവിതത്തെ നന്നായി പകര്‍ത്തിവയ്ക്കുന്നുണ്ട്.
– പുതിയ സിനിമകളിലും ഈ മാറ്റം വന്നിട്ടില്ലെ സജീവ്.
= പുതുകവിതകളിലേതുപോലെ നമ്മുടെ പുതിയ സിനിമകളില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. സൂക്ഷ്മരാഷ്ട്രീയം നന്നായി പറഞ്ഞ സിനിമകളാണ് അടുത്ത നാളില്‍ കണ്ട വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ഡോ. ബിജുവിന്റെ കാടുപൂക്കുന്നനേരം. ഈ സിനിമകള്‍ ദൃശ്യപ്പൊലിമ കൊണ്ടു കണ്ണഞ്ചിപ്പിക്കുകയോ ഇടിമുഴക്കം പോലുള്ള ഡയലോഗുകള്‍ കൊണ്ടു കാതടപ്പിക്കുകയോ ചെയ്യുന്നില്ല. നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തിലേക്ക് വെളിച്ചപ്പെടാന്‍ കഴിയാതെ പോകുന്ന ആദിവാസികളടക്കമുള്ള കുറെ പാവം മനുഷ്യരുടെ ജീവിതത്തെ ഒട്ടും ആര്‍ഭാടമില്ലാതെ നേര്‍ക്കാഴ്ചകളായി നമ്മളെ കാണിച്ചുതരികയാണ്.
കമ്മട്ടിപ്പാടത്തില്‍ സാധാരണ സിനിമകളില്‍ കാണുന്നതുപോലെ പകയുടെ കഥ പറഞ്ഞു വെറുതെ അടിപിടി രംഗങ്ങള്‍ കുത്തിനിറയ്ക്കുകയല്ല ചെയ്യുന്നത്. കൊച്ചിയുടെ ആകാശത്തേക്ക് ഉയരുന്ന മോഹസൗധങ്ങള്‍ ഉറച്ചു നില്ക്കുന്നത് കിടപ്പാടം ഇല്ലാതായിപ്പോയ സാധാരണ മനുഷ്യരുടെ കണ്ണീരുവീണ ചതുപ്പുകളിലാണ്. അഭിനയത്തെക്കുറിച്ചുള്ള പൊതുബോധത്തേയും നായക സങ്കല്പത്തെയും അട്ടിമറിച്ചു കൊണ്ടു വിനായകന്‍ എത്ര അനായാസമായ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം കണ്ടപ്പോള്‍ തോര്‍ച്ച മാസികയില്‍ വന്ന പ്രിന്‍സ് അയ്മനത്തിന്റെ തറയെന്ന കവിത ഞാനോര്‍ത്തു. വീടിന്റെ ഓരോ എടുപ്പും ഉയരുന്നതും, പല നിറങ്ങള്‍ പൂശി വീടു സുന്ദരമായി നില്‍ക്കുന്നതും കറുത്ത ചായമടിച്ച തറയ്ക്കുമീതെയാണ്. തറയെക്കുറിച്ച് ആരും പറയുകയോ, കാണുകയോ ചെയ്യുന്നില്ല. അവഗണനയുടെ പ്രതീകമായി മാറുകയാണ് കറുപ്പ് നിറം. തറയുടെ വിചാരത്തിലൂടെ ഈ കവിത അതിന്റെ സൂക്ഷ്മരാഷ്ട്രീയം വെളിപ്പെടുത്തുന്നു.
വഴി അവസാനിക്കുന്നത് വയലിലേക്കാണ്. ഞങ്ങള്‍ വയല്‍ വരമ്പിലൂടെ നടന്നു. വയലിന്റെ നടുവിലെ കൈത്തോടും ചിറയില്‍ നിരന്നുനില്‍ക്കുന്ന തെങ്ങുകളും ആരോ കറുത്ത ചായംകൊണ്ട് വരച്ചതുപോലെ കാണാം. വര്‍ഷങ്ങള്‍ക്കുമുമ്പ് സജീവ് എഴുതിയ ചൂണ്ട എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്.
തോട്ടുകരയിലിരുന്നു
ഞാനും കൂട്ടുകാരനും
കാറ്റുവന്നു തൊട്ടുപോയി
ഒരു കുഞ്ഞുതാമരയെ
പരല്‍മീനുകള്‍ ഓടിക്കളിക്കുന്നു
പൊന്‍മാന്റെ നോട്ടമറിയാതെ
വെള്ളത്തില്‍ താണുകിടക്കുന്ന
ചൂണ്ടകാണാതെ
തെളിനീരൊഴുകിയിരുന്ന ഈ തോടിന്റെ കരയില്‍ കവിതയിലെ ആദ്യ കൂട്ടുകാരനായ മംഗളനും ഔസേഫ് ചിറ്റക്കാടിനുമൊപ്പം കവിതകള്‍ പറഞ്ഞ് എത്ര അസ്തമയങ്ങളാണു കണ്ടിരുന്നത്. ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട് ആ പൊന്മാന്‍. ഈ കാഴ്ചകളെല്ലാം ഒട്ടിച്ചുവച്ചതുപോലെ എഴുതിയതാണ് ചൂണ്ട എന്ന കവിത.

You must be logged in to post a comment Login