വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും ഒഴിഞ്ഞില്ല; നടന്‍ വിജയ കുമാറിന്റെ പരാതിയില്‍ മകള്‍ വനിതയെ പൊലീസെത്തി ഇറക്കിവിട്ടു; ഗുണ്ടകളെയിറക്കി അച്ഛന്‍ തല്ലിയിറക്കുകയായിരുന്നുവെന്ന് വനിത (വീഡിയോ)

തമിഴ്‌ നടിയും മകളുമായ വനിതയ്‌ക്കെതിരെ പരാതിയുമായി നടന്‍ വിജയകുമാര്‍ രംഗത്ത്. മകള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും സമയപരിധി കഴിഞ്ഞിട്ടും കൂട്ടുകാരും മകളും ഇറങ്ങുന്നില്ലെന്ന വിജയകുമാറിന്റെ പരാതിയെ തുടര്‍ന്ന് വനിതയേയും കൂട്ടരേയും പൊലീസെത്തി വീട്ടില്‍ നിന്നും ഒഴിപ്പിക്കുക ആയിരുന്നു. ഷൂട്ടിങിന് വേണ്ടിയാണ് വനിതയ്ക്കും കൂട്ടുകാര്‍ക്കും വിജയ് കുമാര്‍ ഒരാഴ്ചത്തേക്ക് വീട് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നടി വീട് ഒഴിഞ്ഞില്ല. തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാട്. ഇതോടെയാണ് വിജയ് കുമാര്‍ ചെന്നൈയിലെ മധുരവായല്‍ പൊലീസില്‍ പരാതി നല്‍കിയത്.

മറ്റു സിനിമകളുടെ ഷൂട്ടിങിനും ഉപയോഗിക്കുന്ന വീട് ആയതിനാലാണ് വിജയകുമാര്‍ മകള്‍ക്കെതിരെ പരാതി നല്‍കിയത്. നടിക്കൊപ്പമുണ്ടായിരുന്ന എട്ടുസുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് കേസ് എടുക്കാതെ സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. വനിത കുടുംബവുമായി ഒരു വര്‍ഷത്തോളമായി അകല്‍ച്ചയിലായിരുന്നു. അതേസമയം പിതാവിനെതിരെ വനിത രംഗത്തെത്തുകയും ചെയ്തു. തന്നെയും സുഹൃത്തുക്കളെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അച്ഛന്‍ തല്ലിയിറക്കുകയായിരുന്നുവെന്ന് നടി ആരോപിച്ചു.

Actress Vanitha Case Files Against Father Vijay Kumar - Sakshi

‘അച്ഛന്‍ ഭയങ്കര ദ്രോഹമാണ് എന്നോട് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛന്‍ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്.’ ‘നടുറോഡില്‍ റൗഡികളെയും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല.

വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാല്‍ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്.’വനിത മാധ്യമങ്ങളോട് പറഞ്ഞു. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വനിത. നടന്‍ അരുണ്‍ വിജയ്, വനിതയുടെ സഹോദരനാണ്.

You must be logged in to post a comment Login