വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റില്ല, അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിടാം; ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റാനാകില്ലെന്ന് ഫെയ്‌സ്ബുക്ക് സുപ്രീംകോടതിയില്‍. സ്വകാര്യതാ നയത്തില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍(മൂന്നാമൊതാരാളുടെ നുഴഞ്ഞുകയറ്റം തടയുന്നു) സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിലെ നയത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിട്ടുപോകാമെന്നും ഫെയ്‌സ്ബുക്കിന് വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
പ്രൈവറ്റ് ഡൊമെയ്‌നിലാണ് യൂസറും വാട്ട്‌സ്ആപ്പും തമ്മിലുള്ള കരാര്‍. അതിനാല്‍ വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം ഭരണഘടനാപരമായി പരിശോധിക്കാന്‍ സുപ്രീംകോടതിയ്ക്ക് കഴിയില്ലെന്നും കപില്‍ സിബല്‍ വാദിച്ചു.

യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നുണ്ടെന്ന ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഫെയ്‌സ്ബുക്ക് നിലപാട് വ്യക്തമാക്കിയത്. മെയ് 15ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.പരാതിക്കാര്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പൗരമാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് സാല്‍വേ കോടതിയില്‍ പറഞ്ഞു. അതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍ കോടതി ഇടപെടണം.

ഭാവിയില്‍ യൂസര്‍മാര്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാനാണ് സ്വകാര്യത നയത്തിലെ മാറ്റമെന്ന് അവര്‍ പറയുന്നു. അനാവശ്യമായ ഇടപെടല്‍ ഇലക്ട്രോണിക് പരമായാലും അത് യൂസര്‍മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ്് എന്നീ പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ ഒരു ചട്ടക്കൂട് ഉണ്ടാക്കുമെന്ന് ഏപ്രില്‍ ആറിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം അവതരിപ്പിച്ചത്. ഫോണ്‍ നമ്പര്‍ അടക്കമുള്ള യൂസര്‍മാരുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കാന്‍ അനുവദിക്കുന്ന വിധത്തിലായിരുന്നു നയമാറ്റം. ഇതിനെതിരെ രണ്ട് യൂസര്‍മാര്‍ നല്‍കിയ പരാതിയില്‍ ജനുവരി പതിനാറിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ട്രായ്‌യില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

You must be logged in to post a comment Login